വാഹനത്തിന് സൈഡ് നൽകിയില്ലെന്നാരോപിച്ച് മർദനം: പാസ്റ്റർക്കും മകനുമെതിരെ കേസെടുത്തു
text_fieldsതിരുവല്ല: വാഹനത്തിന് സൈഡ് നൽകിയില്ലെന്നാരോപിച്ച് യുവാവിനെയും സുഹൃത്തിനെയും ക്രൂരമായി മർദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. കോട്ടയം വേളൂർ സ്വദേശിയായ പ്രനീഷ്, സുഹൃത്ത് ഷമീർ എന്നിവരുടെ പരാതിയിൽ തിരുവല്ല സ്വദേശിയായ പാസ്റ്റർ കുര്യനും മകൻ ബ്രൈറ്റ് കുര്യനും കണ്ടാലറിയാവുന്ന മറ്റൊരാൾക്കുമെതിരെയാണ് പൊലീസ് കേസെടുത്തത്.
തിങ്കളാഴ്ച വൈകീട്ട് ആറിന് തിരുവല്ല റെയിൽവേ സ്റ്റേഷനു സമീപം ഞക്കുവള്ളിയിലാണ് സംഭവം. തിരുവല്ലയിലുള്ള സുഹൃത്തിനെ വീട്ടിൽ വിട്ടശേഷം തിരികെ പോകുമ്പോൾ പ്രതികൾ സഞ്ചരിച്ച വാഹനം എതിർദിശയിൽ നിന്നെത്തി. ഇത് കണ്ടതോടെ ഇവർ വാഹനം ഒരു വശത്തേയ്ക്ക് ഒതുക്കി നിർത്തി. ഇതോടെ കാറിൽനിന്ന് പുറത്തിറങ്ങിയ പ്രതികൾ നിങ്ങൾ ഇവിടെയുള്ള ആളുകളല്ലേ എന്നു ചോദിച്ചശേഷം ആക്രമിക്കുകയായിരുന്നു. ഡ്രൈവിങ് സീറ്റിന്റെ എതിർവശത്തിരുന്ന പ്രനീഷിനെ ആക്രമിക്കുന്നതുകണ്ട് തടയാൻ പുറത്തിറങ്ങിയ ഷമീറിനെ ചവിട്ടുകയും കമ്പിവടിക്ക് സമാനമായ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തതായി പറയുന്നു. പ്രനീഷും ഷെമീറും തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
കാൽമുട്ടിന് സാരമായി പരിക്കേറ്റ ഷമീർ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരെയും ആക്രമിച്ചതിന് ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം പിതാവിനും മകനുമെതിരെ കേസെടുത്തതായി തിരുവല്ല സി.ഐ ബി.കെ. സുനിൽകൃഷ്ണൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.