തിരുവല്ലയിൽ പക്ഷിപ്പനി; ആയിരത്തോളം കോഴികളെയും താറാവുകളെയും മൂന്ന് ദിവസത്തിനകം കൊല്ലും
text_fieldsതിരുവല്ല: പക്ഷിപ്പനി സ്ഥിരീകരിച്ച തിരുവല്ലയിലെ നെടുമ്പ്രത്ത് മുൻകരുതൽ ഭാഗമായി പക്ഷികളെ കൊന്നൊടുക്കുന്ന നടപടി തുടങ്ങി. രോഗബാധിത മേഖലകളിലെ ആയിരത്തോളം കോഴികളെയും താറാവുകളെയും മൂന്ന് ദിവസത്തിനകം കൊന്നൊടുക്കും. നെടുമ്പ്രം, പെരിങ്ങര പഞ്ചായത്തുകളിലെ രോഗപ്രഭ കേന്ദ്രങ്ങൾക്ക് സമീപം 10 കിലോമീറ്റർ ചുറ്റളവ് നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. നെടുമ്പ്രം പഞ്ചായത്തിലെ രണ്ടാം വാർഡിൽ കഴിഞ്ഞയാഴ്ച വളർത്തുകോഴികൾ രോഗം വന്ന് ചത്തതോടെയാണ് തിരുവല്ലയിൽ പക്ഷിപ്പനി സംശയിച്ചത്.
തിരുവല്ല മഞ്ഞാടിയിലെയും ഭോപാലിലെയും ലാബുകളിൽ നടത്തിയ പരിശോധനക്ക് ശേഷം വ്യാഴാഴ്ചയാണ് എച്ച്5 എന്1 വൈറസ് ബാധയാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെയാണ് പ്രഭവകേന്ദ്രങ്ങളായ നെടുമ്പ്രം, പെരിങ്ങര പഞ്ചായത്തുകളിലായി മൃഗസംരക്ഷണ വകുപ്പ് നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചത്. രോഗബാധ സ്ഥിരീകരിച്ച പ്രദേശത്തെ ഒരു കിലോമീറ്റർ ചുറ്റളവിലെ എല്ലാത്തരം പക്ഷികളെയും നശിപ്പിക്കും. മൂന്നു ദിവസംകൊണ്ട് ദയാവധം പൂർത്തിയാക്കാനാണ് തീരുമാനം. 10 കിലോമീറ്റർ ചുറ്റളവിൽനിന്ന് പക്ഷികളെ പുറത്തേക്ക് കൊണ്ടുപോകുന്നതിനും കൊണ്ടുവരുന്നതിനും നിരോധനമുണ്ട്.
അണുനശീകരണം പൂർത്തിയാകുന്നതുവരെ ഈ മേഖലയിൽ കോഴി, മുട്ട ഉൽപന്നങ്ങൾ വിൽക്കുന്ന കടകൾ തുറക്കരുതെന്ന നിർദേശവും അധികൃതർ നൽകിയിട്ടുണ്ട്. എട്ടു വർഷത്തിനുശേഷമാണ് ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്. വളർത്തുമൃഗങ്ങളുടെ പ്രായമനുസരിച്ചാവും ഉടമകൾക്ക് നഷ്ടപരിഹാരം നൽകുകയെന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. അപ്പർ കുട്ടനാടൻ മേഖലയായ തിരുവല്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ സമീപ ജില്ലകളിലേക്കും രോഗവ്യാപനത്തിന് സാധ്യതകളുണ്ട്. എന്നാൽ, നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഊർജിത പ്രതിരോധ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും ജില്ല ഭരണകൂടം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.