സി.പി.എം ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ യുവാവിനെ മർദിച്ചതായി പരാതി
text_fieldsതിരുവല്ല: റോഡ് നിർമാണത്തിലെ അശാസ്ത്രീയതയെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് തിരുവല്ല പടിഞ്ഞാറ്റേതറയിൽ സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിലെ മൂന്നംഗ സംഘം കാർ അടിച്ചു തകർത്തശേഷം യുവാവിനെ മർദിച്ചതായി പരാതി. മർദനം തടയാനെത്തിയ സ്ത്രീകളെയും കൈയേറ്റം ചെയ്തതായി പരാതി.
കുറ്റൂർ പടിഞ്ഞാറ്റോതറ പാലത്തിങ്കൽ വീട്ടിൽ ബ്ലസനാണ് (26) പരിക്കേറ്റത്. സി.പി.എം കുറ്റൂർ ഈസ്റ്റ് എൽ.സി സെക്രട്ടറിയും പഞ്ചായത്ത് മുൻ അംഗവുമായ അനൂപ് എബ്രഹാം, ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി നിതീഷ് , ഡി.വൈ.എഫ്.ഐ പ്രവർത്തകനായ മോനീഷ് എന്നിവരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് പറയുന്നു. കുന്നത്തുമൺ ജങ്ഷന് സമീപം ബുധനാഴ്ച രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം.
സഹോദരിയെ ബസ് കയറ്റിവിട്ട ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ബ്ലസൻ സഞ്ചരിച്ചിരുന്ന കാറ് ആക്രമി സംഘം തടഞ്ഞു നിർത്തി. തുടർന്ന് കാറിെൻറ മുൻവശത്തെ ചില്ല് കല്ലുപയോഗിച്ച് അടിച്ചു തകർത്തു. ഇത് ചോദ്യം ചെയ്ത് കാറിൽനിന്നും ഇറങ്ങിയ ബ്ലസനെ മൂവരും ചേർന്ന് മർദിക്കുകയായിരുന്നു.
റോഡ് നിർമാണത്തിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി ജനകീയ സമിതി സ്ഥാപിച്ച ബോർഡും സംഘം അടിച്ചു തകർത്തു. മർദനത്തിൽ സാരമായി പരിക്കേറ്റ ബ്ലസൻ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവം സംബന്ധിച്ച് ബ്ലസനും ജനകീയ സമിതിയും നൽകിയ പരാതിയിൽ തിരുവല്ല പൊലീസ് മൂവർക്കും എതിരെ കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.