കുടിവെള്ള പൈപ്പുകൾ കൂട്ടത്തോടെ പൊട്ടുന്നു; കാവുംഭാഗം-ചാത്തങ്കരി റോഡിൽ യാത്രാദുരിതം
text_fieldsതിരുവല്ല : ജൽജീവന് മിഷൻ പദ്ധതിയുടെ ഭാഗമായി പുതിയ കുടിവെള്ള കുഴലുകൾ സ്ഥാപിച്ചതിന് പിന്നാലെ പഴയ കുഴലുകൾ കൂട്ടത്തോടെ പൊട്ടുന്നത് കാവുംഭാഗം - ചാത്തങ്കരി റോഡിൽ യാത്രാദുരിതം വിതയ്ക്കുന്നു. പെരിങ്ങര ജങ്ഷൻ മുതൽ പൂത്രവട്ട പടി വരെയുള്ള 200 മീറ്ററോളം ഭാഗത്ത് പൈപ്പ് പൊട്ടി രൂപപ്പെട്ട വെള്ളക്കെട്ടാണ് കാൽനട, വാഹന യാത്രക്കാരെ ഏറെ ദുരിതത്തിലാക്കുന്നത്.
പെരിങ്ങര പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും കുടിവെള്ളം എത്തിക്കുന്നതിന്റെ ഭാഗമായി ജൽ ജീവൻ മിഷനിൽ നിന്നും അനുവദിച്ച 21 കോടി രൂപ ചെലവഴിച്ചാണ് കഴിഞ്ഞ ഒന്നര വർഷക്കാലമായി പൈപ്പുകൾ സ്ഥാപിക്കുന്നത്. പെരിങ്ങര ജങ്ഷൻ വരെയുള്ള ഭാഗത്ത് പുതിയ കുഴലുകൾ സ്ഥാപിച്ചുവെങ്കിലും ചാത്തങ്കരി പാലം വരെയുള്ള രണ്ട് കിലോമീറ്റർ ഭാഗത്തെ പഴയ കുഴലുകൾ മാറ്റാതിരുന്നതാണ് പൈപ്പ് പൊട്ടലിന് ഇടയാക്കിയിരിക്കുന്നത്.
പെരിങ്ങര ജങ്ഷൻ മുതൽ പോത്തിരിക്കൽ പടി വരെയുള്ള ഭാഗത്ത് ഏഴിടങ്ങളിലാണ് പൈപ്പ് പൊട്ടിയത്. തകർന്ന് തരിപ്പണമായി കിടക്കുന്ന റോഡിൽ കഴിഞ്ഞ അഞ്ച് ദിവസമായി വെള്ളക്കെട്ട് കൂടി പതിവായതോടെ പെരിങ്ങര പ്രിൻസ് മാർത്താണ്ഡവർമ്മ സ്കൂളിലേക്ക് എത്തുന്ന വിദ്യാർഥികൾ അടക്കമുള്ളവർ വലിയ യാത്രാദുരിതം ആണ് അനുഭവിക്കുന്നത്. കുഴികൾ നിറഞ്ഞ വെള്ളക്കെട്ടിലൂടെ കടന്നു പോകുന്ന നിരവധി ഇരുചക്ര വാഹന യാത്രക്കാരാണ് നിയന്ത്രണംവിട്ട് മറിഞ്ഞുവീഴുന്നതെന്ന് നാട്ടുകാർ പറയുന്നു. സ്വകാര്യ ബസ്സുകളും സ്കൂൾ ബസ്സുകളും അടക്കം നൂറുകണക്കിന് വാഹനങ്ങൾ പ്രതിദിനം കടന്നുപോകുന്ന റോഡ് ആണ് ഇത്. കാവുംഭാഗം കാഞ്ഞിരത്ത് മൂട് ജങ്ഷനിൽ നിന്നും ആരംഭിച്ച് ചാത്തങ്കരി മണക്ക് ആശുപത്രി പടി വരെയുള്ള അഞ്ചുകിലോമീറ്ററോളം ദൂരം വരുന്ന റോഡ് എട്ടുകോടി രൂപ ചെലവഴിച്ച് ഉന്നത നിലവാരത്തിൽ നിർമ്മിക്കുന്നതിനുള്ള പണികൾ ഉടൻ ആരംഭിക്കുകയാണ്.
ഈ റോഡിൽ പെരിങ്ങര മുതൽ ചാത്തങ്കരി പാലം വരെയുള്ള ഭാഗത്തെ പഴയ പൈപ്പുകൾ മാറ്റി സ്ഥാപിച്ചില്ലെങ്കിൽ റോഡ് പുനർ നിർമ്മാണത്തിന് പിന്നാലെ പൈപ്പുകൾ പൊട്ടി റോഡ് തകരും എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. രണ്ട് വർഷം മുമ്പ് തയാറാക്കിയ ജൽജീവൻ മിഷൻ പദ്ധതിയിൽ പെരിങ്ങര മുതൽ ചാത്തങ്കരി പാലം വരെയുള്ള ഭാഗത്തെ പഴയ പൈപ്പുകൾ മാറ്റുന്നത് സംബന്ധിച്ച് എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിരുന്നില്ലെന്നും അതിനാലാണ് പുതിയ പൈപ്പുകൾ സ്ഥാപിക്കാൻ കഴിയാത്തതെന്നും ജല വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
അതേ സമയം പൈപ്പ് പൊട്ടൽ പതിവായ ഭാഗത്തെ പഴയ കുഴലുകൾ മാറ്റി സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടിക്കായി അടുത്ത ദിവസം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനെ നേരിൽകണ്ട് നിവേദനം നൽകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.