ഹൈകോടതി സംരക്ഷണം നൽകിയ വീട് ഡി.വൈ.എഫ്.ഐക്കാർ അടിച്ചു തകർത്തു
text_fieldsതിരുവല്ല: ഹൈകോടതി പൊലീസ് സംരക്ഷണം നിർദേശിച്ചിരുന്നയാളുടെ വീട് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെയും ലോക്കൽ കമ്മിറ്റി അംഗത്തിെൻറയും നേതൃത്വത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ അടിച്ചു തകർത്തതായി പരാതി. വീടിെൻറ പോർച്ചിലുണ്ടായിരുന്ന സ്കൂട്ടറുകളും തകർത്തു. ജനൽചില്ല് തറഞ്ഞു കയറി ഏഴ് വയസ്സുകാരന് പരിക്കേറ്റു.
ഞായറാഴ്ച രാത്രി പത്തോടെയാണ് സംഭവം. കുറ്റൂർ പഞ്ചായത്ത് എട്ടാം വാർഡിൽ മുള്ളിപ്പാറയിൽ ചക്കശ്ശേരിയിൽ വീട്ടിൽ പി.കെ. സുകുമാരെൻറ വീടും വാഹനങ്ങളുമാണ് തകർത്തത്. സുകുമാരെൻറ കൊച്ചുമകൻ ശ്രാവണിനാണ് പരിക്കേറ്റത്. വീടിെൻറ ജനാലകൾ മുഴുവൻ അടിച്ചു പൊട്ടിച്ചു.
സുകുമാരെൻറ വസ്തുവിൽ മതിൽ കെട്ടുന്നതിനെതിരെ പ്രാദേശിക സി.പി.എം നേതൃത്വം എതിർപ്പുമായി രംഗത്തെത്തിയിരുന്നു. തുടർന്ന്, സുകുമാരൻ കോടതിയെ സമീപിച്ച് അനുകൂലവിധി സമ്പാദിച്ചു. രണ്ടാഴ്ച മുമ്പ് മതിൽ നിർമാണം ആരംഭിച്ചതോടെ സി.പി.എം പ്രവർത്തകർ ഭീഷണിയുമായി വീണ്ടുമെത്തി. ഇതേതുടർന്ന് ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് സുകുമാരൻ ഹൈകോടതിയെ സമീപിച്ചു. ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവിെൻറ അടിസ്ഥാനത്തിൽ തിരുവല്ല പൊലീസിെൻറ സാന്നിധ്യത്തിൽ കഴിഞ്ഞയാഴ്ച മതിൽ കെട്ടുകയായിരുന്നു.
സി.പി.എം ബ്രാഞ്ച് സെക്രട്ടറി സാബു, ലോക്കൽ കമ്മിറ്റി അംഗം മോഹൻകുമാർ എന്നിവരടക്കം 15 പേരെ പ്രതിയാക്കി സുകുമാരൻ പൊലീസിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്തതായി തിരുവല്ല സി.ഐ വിനോദ് പറഞ്ഞു. സുകുമാരെൻറ വീടിനുസമീപത്ത് പ്രവർത്തിക്കുന്ന വികലാംഗനായ മട്ടയ്ക്കൽ രവീന്ദ്രെൻറ പെട്ടിക്കടയും തകർത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.