വൈസ് ചെയര്മാന് തെരഞ്ഞെടുപ്പിലെ പരാജയം; തിരുവല്ല നഗരസഭയിൽ യു.ഡി.എഫ് പൊട്ടിത്തെറിയിലേക്ക്
text_fieldsതിരുവല്ല: തിരുവല്ല നഗരസഭയിൽ ഭരണകക്ഷിയായ യു.ഡി.എഫിൽ പൊട്ടിത്തെറിയുടെ അലയൊലികൾ ഉയരുന്നു. ഡി.സി.സി നിർദേശം അവഗണിച്ച് ചെയർപേഴ്സൻ രാജിവെക്കാതിരിക്കുന്നതിൽ പ്രതിഷേധം ഉയരുന്നതിനിടെ വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിലേറ്റ തോൽവിയാണ് യു.ഡി.എഫിനെ കുഴക്കുന്നത്. മേയ് 17ന് ചെയർപേഴ്സനും വൈസ് ചെയർമാനും രാജിവെക്കണമെന്നായിരുന്നു യു.ഡി.എഫ് ധാരണ. ചെയർപേഴ്സൻ സ്ഥാനം കോൺഗ്രസിനും വൈസ് ചെയർമാൻ സ്ഥാനം കേരള കോൺഗ്രസിനുമാണ്.
രാജിക്ക് ശേഷം ഇരുസ്ഥാനങ്ങളും കക്ഷികൾ വെച്ചുമാറും. വൈസ് ചെയർമാൻ ജോസ് പഴയിടം 17ന് രാജിവെച്ചു. തുടർന്നാണ് ബുധനാഴ്ച തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ജോസ് പഴയിടം രാജിക്ക് ശേഷം വിദേശത്തേക്ക് പോയി. ഈ സാഹചര്യത്തിൽ 15 വീതം സീറ്റുകളാണ് ഇടത്, വലത് മുന്നണിക്ക് ഉണ്ടായിരുന്നത്. എന്നാൽ, എൻ.ഡി.എ സ്വതന്ത്രനായി വിജയിച്ച രാഹുൽ ബിജു യു.ഡി.എഫിന് ഒപ്പമാണ് നിലകൊണ്ടിരുന്നത്. ഇയാളെ ഒപ്പംകൂട്ടാൻ എൽ.ഡി.എഫ് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
എസ്.ഡി.പി.ഐയുടെ വോട്ടുകൂടി ഉറപ്പിച്ചാണ് ബുധനാഴ്ച യു.ഡി.എഫ് നേതാക്കൾ എത്തിയത്. എന്നാൽ, മുൻ ചെയർപേഴ്സൻമാരും യു.ഡി.എഫ് കൗൺസിലർമാരുമായ ബിന്ദു ജയകുമാറിന്റെയും വർഗീസിന്റെയും വോട്ട് അസാധുവായതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. ബിന്ദു ജയകുമാർ യു.ഡി.എഫ് സ്ഥാനാർഥി മാത്യു ചാക്കോയുടെ പേരിന് നേരെ ഒപ്പിടുകയായിരുന്നു. ഇതിന് ശേഷമാണ് ഷീല വർഗീസ് വോട്ടുചെയ്യാൻ എത്തിയത്. രണ്ട് സ്ഥാനാർഥികളുടെയും കോളത്തിൽ ഗുണന ചിഹ്നം ഇടുകയും പിന്നീട് ഇടത് സ്ഥാനാർഥി ജിജി വട്ടശ്ശേരിലിന്റെ ഭാഗം വെട്ടിക്കളയുകയും ചെയ്തു. ഇതോടെ ആ വോട്ടും അസാധുവായി. ചെയർപേഴ്സൻ രാജിവെക്കാത്തതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമാണ് അസാധുവോട്ടുകൾ എന്ന വിലയിരുത്തലുകളും വലത് ക്യാമ്പിൽ ഉയർന്നു. ബി.ജെ.പി അംഗങ്ങൾ വിട്ടുനിന്നു. ഇതിനിടെ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ ഷീല വർഗീസ് എൽ.ഡി.എഫിൽനിന്ന് വൻ തുക വാങ്ങിയാണ് വോട്ട് അസാധുവാക്കിയതെന്ന് മാത്യു ചാക്കോ ആരോപിച്ചു. എന്നാൽ, തോൽവി ഉറപ്പിച്ചാണ് താൻ മത്സരംഗത്ത് ഇറങ്ങിയതെന്നും വിജയം അപ്രതീക്ഷിതമായിരുന്നു എന്നതുമാണ് തെരഞ്ഞെടുക്കപ്പെട്ട വൈസ് ചെയർമാൻ ജിജി വട്ടശ്ശേരിയിൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.