സി.പി.എം പുറത്താക്കിയ ബ്രാഞ്ച് സെക്രട്ടറിയെ മുളകുവെള്ളം സ്‌പ്രേ ചെയ്ത് കൈകാലുകൾ അടിച്ചൊടിച്ചു
text_fieldsതിരുവല്ല: വള്ളംകുളത്ത് സി.പി.എം പുറത്താക്കിയ ബ്രാഞ്ച് സെക്രട്ടറിയുടെ മുഖത്ത് മുളകുപൊടി വിതറി നാലംഗ സംഘത്തിന്‍റെ ആക്രമണം. നന്നൂർ നൂഴവട്ടത്ത് സുമേഷി (42) നെയാണ് മുഖത്ത് മുളകുവെള്ളം സ്‌പ്രേ ചെയ്തശേഷം അടിച്ചുവീഴ്ത്തി പരിക്കേൽപ്പിച്ചത്. സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്നുപേർക്കെതിരെ കേസെടുത്തു.
എരുമേലി കൺസ്യൂമർഫെഡിലെ ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെ ചൊവ്വാഴ്ച രാത്രി ഒൻപതു മണിയോടെ കണ്ണാട്ട് ഭാഗത്തുവെച്ചായിരുന്നു ആക്രമണം. സുമേഷ് ഓടിച്ച ബൈക്കിന് മുകളിലേക്ക് ചാടിവീണ സംഘം കൈയിൽ കരുതിയ മുളകുവെള്ളം ചീറ്റുകയായിരുന്നു. ബൈക്കിൽ നിന്നും താഴെവീണ തന്‍റെ കൈകാലുകളിൽ ആയുധങ്ങൾകൊണ്ട് അടിച്ചതായും സുമേഷ് പറഞ്ഞു. ഇടതുകൈക്ക് പൊട്ടലും കാലിന് ചതവും കണ്ണുകൾക്ക് പരിക്കുമേറ്റ സുമേഷ് തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. അക്രമത്തിനുപിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന് അദ്ദേഹം ആരോപിച്ചു. ഇരവിപേരൂർ പഞ്ചായത്തംഗം അനിൽ ബാബുവും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.
സുമേഷിന്‍റെ പിതാവ് എൻ.എ. ശശിധരൻ പിള്ള പാർട്ടിയുടെ വള്ളംകുളം ലോക്കൽ കമ്മിറ്റിയംഗമായിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ തുടർന്ന് ഇവിടെ പാർട്ടിയിൽ ഉടലെടുത്ത പ്രശ്‌നങ്ങളെ തുടർന്ന് ഇദ്ദേഹത്തിനെതിരെ ലോക്കൽ കമ്മിറ്റി നടപടിയെടുത്തിരുന്നു. ഇതൊഴിവാക്കാൻ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം പങ്കെടുത്ത കഴിഞ്ഞ ദിവസത്തെ ഏരിയ കമ്മിറ്റി നിർദ്ദേശിക്കുകയും ചെയ്തിരുന്നു. സുമേഷിന്‍റെ സഹോദരൻ സുകേശ്, സഹോദരി ശ്രീജ എന്നിവരെയും പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയതിന് പുറത്താക്കിയിട്ടുണ്ട്. തിരുവല്ല പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.