നിരവധി ക്രിമിനൽ കേസിലെ പ്രതിയായ ഗുണ്ട നേതാവ് അറസ്റ്റിൽ
text_fieldsതിരുവല്ല: വധശ്രമമടക്കം ഒട്ടനവധി ക്രിമിനൽ കേസുകൾ പ്രതിയായ ഗുണ്ടാ നേതാവ് പൊലീസിന്റെ പിടിയിലായി. നെടുമ്പ്രം കല്ലുങ്കൽ കാരാത്ര കോളനിയിൽ കണ്ണാറച്ചിറ വീട്ടിൽ വിഷ്ണു ഉല്ലാസ് (26) ആണ് പിടിയിലായത്.
ഇക്കഴിഞ്ഞ മാർച്ച് 10ന് വാർഡ് മെമ്പർ ബീന സാമിന്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച ശേഷം ആക്രമിച്ച കേസിൽ കാപ്പ ചുമത്തിയതിനെ തുടർന്ന് ഒളിവിൽ പോയ വിഷ്ണുവിനെ ചങ്ങനാശ്ശേരിയിലെ ഒളിത്താവളത്തിൽ നിന്നും ശനിയാഴ്ച പുലർച്ചയോടെ തിരുവല്ല ഡി.വൈ.എസ്.പി എസ്. ആഷാദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അതിവിദഗ്ധമായി പിടികൂടുകയായിരുന്നു.
പൊലീസ് സംഘം ഒളിത്താവളം വളഞ്ഞതറിഞ്ഞ് ഓടി രക്ഷപ്പെടാൻ ശ്രമിച്ച വിഷ്ണുവിനെ ഒരു കിലോമീറ്ററോളം പിന്തുടർന്ന ശേഷം അതിസാഹസികമായാണ് കീഴ്പ്പെടുത്തിയത്. ഒന്നര വർഷം മുമ്പ് പുളിക്കീഴ് പൊലീസ് രജിസ്റ്റർ ചെയ്ത വധശ്രമ കേസിൽ മാവേലിക്കര സബ്ജയിൽ റിമാൻഡിൽ കഴിയവേ ജയിൽ അധികൃതരുടെ കണ്ണുവെട്ടിച്ച് വിഷ്ണു ജയിൽ ചാടിയിരുന്നു. തുടർന്ന് രണ്ടാം ദിനമാണ് ഇയാളെ പിടികൂടി വീണ്ടും ജയിലിൽ അടച്ചത്.
ഇയാൾക്കെതിരെ തിരുവല്ല, പുളിക്കീഴ് സ്റ്റേഷനുകളിൽ മാത്രം പത്തോളം കേസുകൾ നിലവിലുണ്ട്. ബൈക്കിലെത്തി മാലപൊട്ടിക്കൽ, കഞ്ചാവ് വിൽപ്പന തുടങ്ങിയ കുറ്റകൃത്യങ്ങളിലും വിഷ്ണു ഏർപ്പെട്ടിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ വിശദ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അഖിലേഷ്, മനോജ്, സി.പി.ഒ അഭിലാഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിയെ കാപ്പ ചുമത്തി നാടുകടത്തുന്നതടക്കമുള്ള മേൽ നടപടികൾ സ്വീകരിക്കുമെന്ന് ഡി.വൈ.എസ്.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.