ഗുണ്ടാ നേതാവിന് കുത്തേറ്റു; ലഘു ഭക്ഷണശാല അടിച്ചുതകര്‍ത്തു
text_fieldsതിരുവല്ല: ലഘുഭക്ഷണ ശാലയിൽ കാപ്പി കുടിക്കാനെത്തിയ സുഹൃത്തിനേറ്റ അപമാനത്തിനുപകരം ചോദിക്കാനെത്തിയ ഗുണ്ടാ നേതാവിനെ കടയുടമകള്‍ പിന്തുടര്ന്ന് കുത്തിവീഴ്ത്തി. ഗുണ്ടാ നേതാവിന്റെ സംഘാംഗങ്ങള്‍ പ്രതികളുടെ ഉടമസ്ഥതയിൽ പുഷ്പഗിരി റോഡിൽ പ്രവർത്തിക്കുന്ന ലഘു ഭക്ഷണശാല അടിച്ചുതകര്‍ത്തു. തുകലശ്ശേരി ചിറപ്പാട്ട് വീട്ടില്‍ റോഷന് വര്‍ഗീസിനാണ് (27) കുത്തേറ്റത്. തിരുവല്ല ബൈപാസില്‍ മഴുവങ്ങാട് ചിറയ്ക്ക് സമീപം വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം.
സംഭവത്തിൽ കറ്റോട് കമലാലയത്തില്‍ വിഷ്ണു (23), മഞ്ഞാടി കാട്ടുപറമ്പില്‍ വീട്ടില്‍ രാഹുല്‍ (22) എന്നിവർ പിടിയിലായി. നെഞ്ചിന് കുത്തേറ്റ റോഷനെ പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിനിടെ പ്രതിയായ രാഹുലിനെ റോഷനും കുത്തിപ്പരിക്കേൽപിച്ചിരുന്നു. വലതുകൈക്ക് കുത്തേറ്റ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയ രാഹുലിനെ പൊലീസ് ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
രാഹുലിനെ കുത്തിപ്പരിക്കേൽപിച്ച സംഭവത്തിൽ റോഷനെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. റോഷന്റെ സുഹൃത്ത് കഴിഞ്ഞദിവസം കടയില്‍ ചായകുടിക്കാന്‍ എത്തുകയും ജീവനക്കാരുമായി സംഘര്‍ഷം ഉണ്ടാവുകയും ചെയ്തിരുന്നു. തുടര്‍ന്ന് റോഷന് നിരന്തരം കടക്ക് സമീപം റോന്തുചുറ്റാന്‍ തുടങ്ങി.
വിവരം അറിഞ്ഞ കടയുടമകള്‍ റോഷനെ കൈകാര്യം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി കടയ്ക്ക് മുന്നിലൂടെ റോന്തു ചുറ്റിപ്പോയ റോഷനെ പ്രതികള്‍ പിന്തുടര്ന്ന് തടഞ്ഞുനിര്‍ത്തി കുത്തിവീഴ്ത്തുകയായിരുന്നു. പിന്നാലെ റോഷന്റെ സംഘാംഗങ്ങള്‍ എത്തി കോഫി ഷോപ്പ് പൂര്‍ണമായും തല്ലിത്തകര്‍ത്തു.
സംസ്ഥാനത്ത് ഏറ്റവുമധികം ഗുണ്ടകള്‍ ഉള്ള ജില്ല പത്തനംതിട്ടയാണെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. അതില്‍ തന്നെ ഏറ്റവും കുടുതല്‍ ഗുണ്ടകള്‍ ഉള്ളത് തിരുവല്ല സബ്ഡിവിഷന് കീഴിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.