അൾത്താരയിൽ പ്രകാശംവിതറി അതിഥി തൊഴിലാളി
text_fieldsതിരുവല്ല: ‘കപ്യാർ ആവോ’ എന്ന് തിരുവല്ല ചാത്തങ്കേരി സെന്റ് പോൾസ് മർത്തോമ പള്ളിയിലെ പുരോഹിതൻ നീട്ടി വിളിച്ചു. ചിലർക്ക് കൗതുകം. ചിലർക്ക് പരിചിത ഭാവം. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണ്. അച്ഛൻ ഹിന്ദിക്കാരനായതുകൊണ്ടല്ല ഈ ഹിന്ദിമയം. കപ്യാര് അങ്ങ് ത്സാർഖണ്ഡിൽ നിന്നാണ്.
കേരളത്തിൽ തന്നെ ആദ്യമായാണ് അതിഥി തൊഴിലാളിയായി എത്തിയ ഒരാൾ കപ്യാരായി സേവനം അനുഷ്ഠിക്കുന്നത്. കേരളത്തിലെ തൊഴിലിടങ്ങളിൽ അതിഥി തൊഴിലാളികൾ എത്രത്തോളം കടന്നെത്തിയിരിക്കുന്നു എന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഈ കപ്യാർ.
ചാത്തങ്കേരി സെന്റ് പോൾസ് മാർത്തോമ പള്ളിയിൽ എത്തുന്ന ഏവർക്കും പ്രിയങ്കരനാണ് ത്സാർഖണ്ഡ് സ്വദേശി പ്രകാശ് കണ്ടുൽനയ. കഴിഞ്ഞ അഞ്ചുവർഷമായി പള്ളിയിലെ എല്ലാ കാര്യങ്ങളും തികഞ്ഞ അച്ചടക്കത്തോടെയാണ് അനുഷ്ഠിച്ച് വരുന്നതെന്ന് ഇടവക അംഗങ്ങളും പറയുന്നു.
ക്രൈസ്തവ പാരമ്പര്യത്തിൽ വളർന്ന തന്റെ കുടുംബാന്തരീക്ഷമാണ് ഇത്തരമൊരു തൊഴിലിലേക്ക് നയിച്ചതെന്ന് പ്രകാശ് പറയുന്നു. ഒഡിഷ സ്വദേശിനിയായ ഭാര്യ വിനീതയും രണ്ടു മക്കളും അടങ്ങുന്ന കുടുംബത്തെ നയിക്കാൻ പ്രകാശ് കപ്യാരുടെ കുപ്പായമണിഞ്ഞപ്പോൾ അത് മറ്റുള്ളവർക്കും കൗതുകമായി. പള്ളി വികാരി എബ്രഹാം ചെറിയാനൊപ്പം പ്രകാശിന് പിന്തുണയുമായി ഇടവകാംഗങ്ങൾ എല്ലാവരുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.