മാറാത്ത വെള്ളക്കെട്ടും ഒഴിയാത്ത ദുരിതവും
text_fieldsതിരുവല്ല : വർഷത്തിൽ എട്ടുമാസത്തോളം വെള്ളക്കെട്ടിൽ ജീവിക്കാനാണ് നിരണം പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ ഉൾപ്പെടുന്ന ഇരതോട് സ്വദേശികളായ 20 ഓളം കുടുംബങ്ങളുടെ ദുർഗതി. വർഷങ്ങളായി ഇതാണ് സ്ഥിതി. ഏതാനും ദിവസം ശക്തമായ മഴ പെയ്താല്‍ വീടുകൾക്ക് ഉള്ളിൽ വരെ വെള്ളം കയറും. സാധാരണയിലും താഴ്ന്ന ഭൂ പ്രദേശമെന്നതാണ് ദുരിതത്തിന്റെ കാരണങ്ങളില്‍ പ്രധാനം. ഇക്കാരണത്താല്‍തന്നെ വെളളം ഓവുചാലുകളിലൂടെ ഒഴുകിപ്പോവുകയുമില്ല.
കയറിയ വെളളം കിടന്നു വറ്റുന്നതുവരെ ദുരിതം സഹിക്കണം. അതിനു ചിലപ്പോൾ വേനല്‍ക്കാലം വരെ കാത്തിരിക്കേണ്ടിയും വരാം.വെളളക്കെട്ട് ഒരാഴ്ച പിന്നിടുന്നതോടെ, ചെടികളും മറ്റും അഴുകി മറ്റ് മാലിന്യങ്ങളും ചേർന്ന് പ്രദേശത്ത് അസഹ്യമായ ദുർഗന്ധം ഉയരും. കുട്ടികളും പ്രായമേറിയവരുമല്ലാം മുറ്റത്തേക്ക് ഇറങ്ങാനാകാതെ വീട്ടില്‍ തന്നെ കഴിച്ചുകൂട്ടും. ചുറ്റും വെളളക്കെട്ടായതിനാല് ഒരു പയറുമണിപോലും കിളിര്പ്പിക്കാനാകില്ല. കരതെളിയുന്ന കാലത്ത് എന്തെങ്കിലും കൃഷി ചെയ്താല്‍ ഫലം കിട്ടിത്തുടങ്ങുന്നതിനു പിന്നാലെ അടുത്ത വെളളക്കെട്ട് ആകും.
ഇക്കുറി വെളളക്കെട്ട് ഉണ്ടായതോടെ നാട്ടുകാര്‍ സംഘടിച്ചു. ആറ്റില്‍ നിന്ന് ഇടയോടി ചെമ്പ് പാടശേഖരത്തിലേക്ക് വെളളമെത്തിക്കുന്ന ചാല് മണ്ണു മാന്തി യന്ത്രത്തിന്റെ സഹായത്തോടെ തുറന്നു. പ്രദേശവാസി കയ്യേറി മൂടിയ ചാല് തുറന്നതോടെ വെളളക്കെട്ടിന് അല്പം ആശ്വാസമായിട്ടുണ്ട്. എന്നാലും വെളളം അതുകൊണ്ടും പൂര്‍ണമായി ഒഴിഞ്ഞുപോകുന്നില്ല. സ്കൂള്‍ തുറക്കുന്നതോടെ, കുട്ടികളുടെ യാത്രയും പ്രശ്നത്തിലാകും. പതിവാകുന്ന വെള്ളക്കെട്ടിൽ നിന്ന് രക്ഷനേടാൻ പ്രദേശത്തെ നിരവധി വീടുകളാണ് ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഉയർത്തുന്നത്. ഇത് ഏറെ പണച്ചിലവ് ഉള്ളതിനാൽ സാധാരണക്കാർക്ക് സാധ്യമല്ല താനും. അപ്പര്‍ കുട്ടനാടാന്‍ മേഖലയില്‍ സമാന സ്ഥിതി നേരിടുന്ന മേഖലകൾ ഇനിയും ഏറെയുണ്ട്. വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.