തിരുവല്ല നഗരസഭ അധ്യക്ഷ വീണ്ടും യു.ഡി.എഫിലേക്കെന്ന് സൂചന
text_fieldsതിരുവല്ല: ഇടതുമുന്നണി അടര്‍ത്തിയെടുത്ത് തിരുവല്ല നഗരസഭ ചെയര്‍പേഴ്‌സനാക്കിയ ആൾ വീണ്ടും യു.ഡി.എഫിലേക്കെന്ന് സൂചന. തിരുവല്ല നഗരസഭയിൽ വെള്ളിയാഴ്ച ചേര്‍ന്ന പ്രത്യേക കൗണ്‍സിൽ യോഗത്തിലെ രംഗങ്ങളാണ് അത്തരം സൂചനകൾ നല്‍കുന്നത്.
കൗണ്‍സിൽ അംഗങ്ങള്‍ക്ക് ചില യോഗങ്ങളുടെ മിനിറ്റ്‌സ് വിതരണം ചെയ്യാതിരിക്കുന്നത് ചര്‍ച്ച ചെയ്യാനാണ് യോഗം ചേര്‍ന്നത്. ഒറ്റ അജണ്ട മാത്രമേ ഉണ്ടായിരുന്നുള്ളൂ. യു.ഡി.എഫിലെ 15 അംഗങ്ങൾ ചട്ടപ്രകാരം ആവശ്യപ്പെട്ടത് അനുസരിച്ചാണ് കൗണ്‍സിൽ ചേരുന്നതെന്ന് ചെയര്‍പേഴ്‌സൻ ശാന്തമ്മ വര്‍ഗീസ് ആദ്യമേ വ്യക്തമാക്കി.
പ്രസംഗത്തിനിടെ ഇടതുമുന്നണിയിലെ വനിത അംഗം തന്നെ അടിക്കാൻ കൈയോങ്ങിയെന്ന് ശാന്തമ്മ പറഞ്ഞതോടെ യു.ഡി.എഫ്, ബി.ജെ.പി അംഗങ്ങൾ കൗണ്‍സിലറുടെ പേര് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ബഹളമായി. പേര് പറഞ്ഞതോടെ ഇടത് മുന്നണിയിലുള്ളവര്‍ പ്രതിരോധവുമായി രംഗത്തെത്തി. ചെയര്‍പേഴ്‌സന്റെ നിലപാടുകളെ തള്ളുന്ന നിലയിലാണ് എൽ.ഡി.എഫ് കൗണ്‍സിലര്‍മാർ അഭിപ്രായങ്ങൾ പറഞ്ഞത്.
ഈ ഘട്ടത്തിലെല്ലാം യു.ഡി.എഫ് അംഗങ്ങളുടെ പരോക്ഷ പിന്തുണ ചെയര്‍പേഴ്‌സന് ലഭിച്ചിരുന്നു. ‘നിങ്ങൾ തട്ടിക്കൊണ്ടുപോയയാളെ കൈവിടുകയാണോയെന്ന്’ മുൻ വൈസ് ചെയർമാനായ ഫിലിപ്പ് ജോര്‍ജ് ചോദിച്ചപ്പോൾ സ്വന്തം പക്ഷത്ത് നിര്‍ത്താനുള്ള മിടുക്ക് നിങ്ങൾക്ക് വേണമെന്നായിരുന്നു എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ പ്രദീപ് മാമ്മന്റെ മറുപടി. ഇതിനിടെ സെക്രട്ടറിയെ വിമർശിച്ച് ചെയർപേഴ്‌സൻ സംസാരിക്കുകയും ചെയ്തു. ഇരുവരും തമ്മിൽ വാക്തർക്കവും ഉണ്ടായി. നിലവിൽ ചെയര്‍പേഴ്‌സനെ ഇടതുമുന്നണി കൈവിട്ട മട്ടായിരുന്നു യോഗത്തിൽ കണ്ടത്.
കഴിഞ്ഞ ജൂണിലാണ് ഇടത് പിന്തുണയോടെ ശാന്തമ്മ ചെയര്‍പേഴ്‌സനായത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം അംഗമായിരുന്നു. കൂറുമാറ്റ നിയമപ്രകരാമുള്ള നടപടി നടന്നുവരുകയാണ്. ഡിസംബർ 12നും ജനുവരി 13നും കൂടിയ കൗണ്‍സിൽ യോഗത്തിന്റെ മിനിറ്റ്‌സുകൾ അംഗങ്ങള്‍ക്ക് കിട്ടിയിട്ടില്ല, മുനിസിപ്പാലിറ്റിയുടെ പഴയ ടൗൺ ഹാൾ സ്ഥലത്തിന്റെ ഭാഗം സി.പി.എം നേതൃത്വത്തിലുള്ള ഒരു സൊസൈറ്റിക്ക് നല്‍കുക, ഖരമാലിന്യ പദ്ധതിയിൽ ഇടത് കൗണ്‍സിലറുടെ ഉടമസ്ഥതയിലുള്ള സ്ഥലം ഏറ്റെടുക്കുക, സെക്രട്ടറിക്ക് ഗുഡ്‌സര്‍വിസ് എന്‍ട്രിക്ക് ശിപാര്‍ശ ചെയ്യുക തുടങ്ങിയ വിവാദ തീരുമാനങ്ങൾ വന്നിരുന്ന യോഗങ്ങളുടെ മിനിറ്റ്‌സാണ് വിതരണം ചെയ്യപ്പെടാതിരുന്നത്.
യു.ഡി.എഫ്, ബി.ജെ.പി കൗണ്‍സിലര്‍മാർ പരസ്യമായി എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്ന കാര്യങ്ങൾ കൗണ്‍സിലിന്റെ തീരുമാനമായി മിനിറ്റ്‌സില്‍വന്നെന്ന് ആക്ഷേപം ഉണ്ടായി. ഇത്തരം തീരുമാനം എടുത്തിട്ടില്ലെന്ന് ചെയര്‍പേഴ്‌സൻ നിലപാട് എടുത്തു. അതിനാൽ അവര്‍ മിനിറ്റിൽ ഒപ്പിടുകയില്ലെന്ന് പ്രഖ്യാപിച്ചു. അധ്യക്ഷ ഒപ്പിടാതെ മിനിറ്റ്‌സ് അംഗീകരിക്കില്ല. എല്‍.ഡി.എഫിൽനിന്ന് ചെയര്‍പേഴ്‌സൻ അകലാനുള്ള പ്രധാന കാര്യമായി ഇതുമാറി. ഇക്കാര്യങ്ങൾ വെള്ളിയാഴ്ച കൗണ്‍സിൽ യോഗത്തിൽ ചെയര്‍പേഴ്‌സൻ വിശദീകരിച്ചു. ഇതോടെ യോഗം പിരിയുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.