ദുരിതയാത്ര എത്രകാലം സഹിക്കണം...
text_fieldsതിരുവല്ല: ആശയറ്റ് തിരുവല്ല നിരണം പതിനൊന്നാം വാർഡിലെ ആശാംകുടി നിവാസികൾ. ഇരതോട്-ആശാംകുടി റോഡ് പണി പാതിവഴിയിൽ പാളിയതാണ് പ്രദേശവാസികൾക്ക് ദുരിതമായിരിക്കുന്നത്.
ഒന്നര കിലോമീറ്ററോളം ദൂരം വരുന്ന റോഡ് നിർമാണം പണി പാതിവഴിയില്‍ പാളിയതിന്റെ ദുരിതം പേറുകയാണ് 150 ഓളം കുടുംബങ്ങൾ. റീബില്‍ഡ് കേരളയിലെ ഫണ്ടില്‍നിന്ന് 2.5 കോടിക്കാണ് രണ്ട് വര്‍ഷം മുമ്പ് പണി തുടങ്ങിയത്. വശം കെട്ടി ഉപരിതലം കോണ്‍ക്രീറ്റ് ചെയ്യുന്നതായിരുന്നു പദ്ധതി. ആശാംകുടിയുടെ അവസാന ഭാഗത്ത് 120 മീറ്ററോളം വിട്ടാണ് പണി തുടങ്ങിയത്. വാഴയില്പടി ഒഴിച്ചുള്ള ഭാഗത്ത് വശം കൽക്കെട്ട് കെട്ടി പൂര്‍ത്തീകരിച്ചു.
കോണ്‍ക്രീറ്റിന് മുന്നോടിയായുളള മെറ്റലിങ് നടത്തി റോഡ് ഉറപ്പിച്ച ഘട്ടത്തില്‍ പണി നിലച്ചു. ഇതോടെ ഉറപ്പിച്ച മെറ്റലുകള്‍ റോഡിലാകമാനം ഇളകി നിരന്നു. ഇതോടെ അപകടയാത്രക്ക് അരങ്ങൊരുങ്ങുകയും ചെയ്തു. റോഡിനോട് ചേർന്നുള്ള കൽക്കെട്ട് നിർമാണവും അശാസ്ത്രീയമാണെന്ന് പ്രദേശവാസികൾ പറയുന്നു. 15 വര്‍ഷം മുമ്പ് ടാര്‍ ചെയ്ത റോഡാണിത്. പിന്നീട് ഒരുപണിയും നടന്നിട്ടില്ല.
ഇരതോട് ഭാഗത്തുനിന്ന് ആലപ്പുഴ ജില്ലയിലെ എടത്വ ഉള്‍പ്പടെയുളള പ്രദേശത്തേക്ക് എളുപ്പം എത്താന്‍ കഴിയുന്ന റോഡാണിത്. എടത്വ സെന്റ് അലോഷ്യസ് കോളജിന് കിഴക്കുവശത്തുളള പാണ്ടങ്കരി റോഡിലേക്കാണ് ആശാംകുടി റോഡ് വന്നുകയറുന്നത്. നിരവധി കുടുംബങ്ങളുടെ നിത്യേനയുളള യാത്രാമാര്‍ഗമാണ് തകര്‍ന്ന് കിടക്കുന്നത്.
റോഡിന്റെ ആദ്യഘട്ട ഉറപ്പിക്കലിനും രണ്ടാം ഘട്ട കോണ്ക്രീറ്റിനുമായി 1600 ചാക്കോളം സിമന്റ് ഇരതോട് പി.എച്ച്.സിക്ക് സമീപത്തെ കെട്ടിടത്തില്‍ കരാറുകാര്‍ ഇറക്കിവെച്ചിരുന്നു. ഉറപ്പിക്കലിന് ഉപയോഗിച്ചശേഷമുളള 900 ചാക്കോളം സിമന്റ് ഇവിടത്തന്നെ മാസങ്ങളായി കിടക്കുകയാണ്.
മഴയും തണുപ്പുമേറ്റ് ഇവ ഉപയോഗശൂന്യമായ നിലയിലാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇരതോട് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി പെരുന്നാളിന് മുമ്പ് പണി തീര്‍ക്കാമെന്ന് 2023ല്‍ അധികൃതർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ, 2024 പിന്നിടുമ്പോഴും നിർമാണം പുനരാരംഭിക്കാൻ കഴിഞ്ഞിട്ടില്ല.
ദുരിതയാത്ര ഇനി എത്രകാലം സഹിക്കണമെന്ന് അറിയില്ല എന്നാണ് നാട്ടുകാർ പറയുന്നത്. അതേസമയം, അടുത്ത ആഴ്ചയോടെ നിർമാണം പുനരാരംഭിക്കാനുളള നടപടി സ്വീകരിച്ചതായി വാർഡ് മെംബർ ലല്ലു കാട്ടിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.