വേറിട്ട അനുഭവവുമായി ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം
text_fieldsതിരുവല്ല: വെൺപാലയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനം നാടിന് വേറിട്ടനുഭവമായി. ജനപ്രതിനിധികളും പ്രമുഖരുമൊക്കെ പങ്കെടുത്ത സമ്മേളനത്തിൽ 90 വയസ്സുള്ള കർഷക തൊഴിലാളി വെൺപാല പുത്തൂത്തറയിൽ പി.എൻ. പീതാംബരനാണ് ആധുനിക സൗകര്യങ്ങളോടെ നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തത്. മതിൽഭാഗം -ഇരമല്ലിക്കര റോഡിൽ ചക്രക്ഷാളന കടവിന് സമീപമാണ് മനോഹരമായ കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചത്.
മഴയും വെയിലും ഏൽക്കാത്തവിധം വശങ്ങളിൽ ചില്ലുകൾ കൊണ്ട് മറച്ചിരിക്കുന്നു. ടൈലുകൾ പാകിയ മനോഹരമായ ഇരിപ്പിടം. വെളിച്ചമേകാൻ ലൈറ്റുകൾ, ഫാൻ, മൊബൈൽ ചാർജ്ജിങ് സൗകര്യങ്ങളുമെല്ലാം സോളാർ വൈദ്യുതിയുടെ സഹായത്തോടെ ഒരുക്കിയിട്ടുണ്ട്. സർക്കാർ സ്ഥാപനങ്ങളുടെ അനുമതിയോടെ നിർമിച്ച കാത്തിരിപ്പ് കേന്ദ്രത്തിന് ചുറ്റുപാടും പൂച്ചെടികളും നട്ടുവളർത്തുന്നു.
കാമറയുടെ നിരീക്ഷണ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. വിജയ കൺവെൻഷൻ സെന്റർ ഉടമയും കെ.പി.വി ചാരിറ്റബിൾ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റിയുമായ വെൺപാല കളത്തിൽപ്പറമ്പിൽ കെ.പി. വിജയനാണ് നാടിന് ബസ് കാത്തിരിപ്പ് കേന്ദ്രം സമർപ്പിച്ചത്.
പൊതുജനങ്ങൾക്കായി കാത്തിരിപ്പ് കേന്ദ്രം തുറന്നുകൊടുക്കുന്ന സമ്മേളനത്തിൽ കെ.പി.വിജയനെ കൂടാതെ ട്രസ്റ്റ് രക്ഷാധികാരി എം.പി. ഗോപാലകൃഷ്ണൻ, ജനപ്രതിനിധികളായ അനുരാധ സുരേഷ്, ജോ ഇലഞ്ഞിമൂട്ടിൽ, അധ്യാപിക രമ്യ, കെ.എൻ. ഗോപാലകൃഷ്ണൻ, തമ്പാൻ തോമസ്, ഓമന വിജയൻ, അഭിലാഷ് വെട്ടിക്കാടൻ, ജോൺസൺ വെൺപാല, അനീഷ് എന്നിവർ പ്രസംഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.