കടപ്ര-വീയപുരം ലിങ്ക് ഹൈവേ നവീകരണം വൈകുന്നു
text_fieldsതിരുവല്ല: അപ്പർ കുട്ടനാടൻ മേഖലയിലെ പ്രധാന യാത്രാമാർഗമായ കടപ്ര-വീയപുരം ലിങ്ക് ഹൈവേയുടെ നവീകരണം വൈകുന്നത് യാത്രാദുരിതത്തിന് ഇടയാക്കുന്നു. പത്തനംതിട്ട-ആലപ്പുഴ ജില്ലകളെ ബന്ധിപ്പിച്ച് കടപ്ര, നിരണം പഞ്ചായത്തുകളിൽകൂടി കടന്നുപോകുന്ന പ്രധാന റോഡാണിത്. 20 വർഷം മുമ്പ് നിർമിച്ച റോഡിൽ ഇതുവരെ നാമമാത്ര അറ്റകുറ്റപ്പണി മാത്രമാണ് നടത്തിയിട്ടുള്ളത്. പ്രതിദിനം നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. വെള്ളപ്പൊക്ക സമയത്താണ് ദുരിതം ഇരട്ടിയാവുന്നത്. റോഡിന്റെ മിക്കഭാഗവും വലിയ വാഹനങ്ങൾക്കുപോലും പോകാൻ കഴിയാത്ത തരത്തിൽ വെള്ളത്തിൽ മുങ്ങുന്ന അവസ്ഥയാണ്. വെള്ളപ്പൊക്കത്തെ പ്രതിരോധിക്കാൻ റോഡ് ഉയർത്തി നിർമിക്കാൻ കഴിഞ്ഞ അഞ്ചുവർഷമായി സംസ്ഥാന ബജറ്റിൽ തുക വകയിരുത്താറുണ്ട്.
റോഡിന്റെ വീതി വർധിപ്പിക്കാൻ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുത്ത് കല്ല് സ്ഥാപിക്കുന്ന ജോലികൾ മൂന്നുവർഷം മുമ്പ് നടത്തിയിരുന്നു. എന്നാൽ, ഇതിനുശേഷം തുടർനടപടികൾ ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. റോഡ് നവീകരണത്തിന് പൊതുമരാമത്ത് വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.
അതേസമയം, റോഡ് ഉന്നത നിലവാരത്തിൽ പുനർനിർമിക്കാൻ പത്തുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായും ടെൻഡർ നടപടികൾ പുരോഗമിക്കുകയാണെന്നും പൊതുമരാമത്ത് വകുപ്പ് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.