കുറ്റൂർ സഹകരണ ബാങ്ക്; നിക്ഷേപകരും ഓഹരി ഉടമകളും ആശങ്കയിൽ
text_fieldsതിരുവല്ല: കുറ്റൂർ സർവിസ് സഹകരണ ബാങ്കിൽ നടന്ന വൻ ക്രമക്കേടുകൾ പുറത്തുവന്നതിന് പിന്നാലെ നിക്ഷേപകരും ഓഹരി ഉടമകളും ആശങ്കയിൽ. കാലങ്ങളായി സി.പി.എം നേതൃത്വം നൽകുന്ന ഭരണസമിതി ഭരിക്കുന്ന കുറ്റൂർ സഹകരണ ബാങ്കിൽ സഹകരണ വകുപ്പ് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ 42 പേജ് റിപ്പോർട്ട് പുറത്തുവന്നതോടെയാണ് നിക്ഷേപകരും ഓഹരി ഉടമകളും ആശങ്കയിലായത്.
ചട്ടവിരുദ്ധമായി നൽകിയ ലക്ഷങ്ങളുടെ വായ്പകളും ഒരു ആധാരത്തിന്റെ ഈടിന്മേൽ നിരവധി പേർക്ക് വായ്പ നൽകിയത് അടക്കമുള്ള ക്രമക്കേടുകളുമാണ് റിപ്പോർട്ടിൽ പ്രധാനമായും ചൂണ്ടിക്കാട്ടപ്പെടുന്നത്. ബാങ്ക് സാമ്പത്തിക തകർച്ചയുടെ വക്കിലാണെന്നും നഷ്ടം വരുത്തിയവരിൽനിന്ന് അത് ഈടാക്കാൻ നടപടി എടുക്കണമെന്നും സഹകരണ വകുപ്പ് തിരുവല്ല യൂനിറ്റ് ഇൻസ്പെക്ടർ ആർ. ദേവദാസ് തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നുണ്ട്.
റിപ്പോർട്ടിനെ അടിസ്ഥാനമാക്കി ബാങ്കിൽ നടന്ന ക്രമക്കേടുകളും ചിട്ടി നടത്തിപ്പിലെ അഴിമതിയും ചൂണ്ടിക്കാട്ടി മാധ്യമ വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ബുധനാഴ്ച ഉച്ചയോടെ നിക്ഷേപകർ കൂട്ടത്തോടെ തങ്ങളുടെ നിക്ഷേപത്തുക പിൻവലിക്കുന്നതിനായി ബാങ്കിൽ എത്തുന്ന സാഹചര്യം ഉടലെടുത്തിരുന്നു. കൂടുതൽ നിക്ഷേപകർ നിക്ഷേപം പിൻവലിക്കണം എന്ന ആവശ്യവുമായി ഇന്ന് ബാങ്കിനെ സമീപിക്കും എന്നാണ് ലഭിക്കുന്ന വിവരം.
സി.പി.എം ഏരിയ സെക്രട്ടറി ഫ്രാൻസിസ് വി. ആന്റണിയുടെ ഭാര്യ സ്വപ്ന ദാസിന് വ്യാജവിലാസത്തിൽ 20 ലക്ഷം രൂപയുടെ വായ്പ നൽകിയത് സംബന്ധിച്ചും വെൺപാല സ്വദേശി ജോമോൻ സി. ജോസഫിന്റെ ആധാരം പണയപ്പെടുത്തി ജോസ് കെ. അലക്സ്, സനോജ് ജേക്കബ്, ഷൈനി സി. ജോസഫ്, ആനി ജോസഫ് തുടങ്ങിയവർക്ക് അരക്കോടി രൂപയിൽ അധികം വായ്പ നൽകിയത് അടക്കമുള്ള ക്രമക്കേടുകളും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
സംഭവത്തിൽ വിജിലൻസ് അന്വേഷണം അടക്കം ആവശ്യപ്പെട്ട് കോൺഗ്രസും ബി.ജെ.പിയും വെള്ളിയാഴ്ച ബാങ്കിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.