ട്രാക്കോ കേബിളിലെ തൊഴിൽ പ്രശ്നം; സി.ഐ.ടി.യുവും രംഗത്ത്
text_fieldsതിരുവല്ല: സംസ്ഥാന സർക്കാറിന്റെ ഉടമസ്ഥതയിലുള്ള പൊതുമേഖല സ്ഥാപനമായ ചുമത്ര ട്രാക്കോ കേബിൾ കമ്പനിയിലെ ജീവനക്കാരുടെ തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് ഭരണകക്ഷി ട്രേഡ് യൂനിയനായ സി.ഐ.ടി.യുവും രംഗത്ത്. ചൊവ്വാഴ്ച രാവിലെ 10മണിയോടെ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ സമരപ്രഖ്യാപന വിശദീകരണ യോഗം നടന്നു.
കഴിഞ്ഞ 110 ദിവസമായി മുടങ്ങിക്കിടക്കുന്ന ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും അടക്കം നൽകണമെന്ന് ആവശ്യപ്പെട്ട് ഐ.എൻ.ടി.യു.സിയും എസ്.ടി.യുവും 10 ദിവസമായി സമരരംഗത്താണ്.
ട്രാക്കോ കേബിളിന്റെ കണ്ണൂർ പിണറായിയിലെ യൂനിറ്റിലും എറണാകുളം ഇരുമ്പനത്തെ യൂനിറ്റിലും ചുമത്രയിലെ യൂനിറ്റിലും ജീവനക്കാരുടെ ശമ്പളവും വിരമിച്ച ജീവനക്കാരുടെ പി.എഫ് ഉൾപ്പെടെ ആനുകൂല്യം മുടങ്ങിയ സാഹചര്യത്തിലാണ് ട്രേഡ് യൂനിയനുകൾ സമരവുമായി രംഗത്തിറങ്ങിയത്. മൂന്ന് യൂനിറ്റുകളിലുമായി 400 ഓളം ജീവനക്കാരാണ് ഉള്ളത്. മൂന്ന് യൂനിറ്റുകളും മാസങ്ങളായി പ്രവർത്തനം നിലച്ചുകിടക്കുകയാണ്.
ട്രാക്കോ കേബിൾ മാനേജ്മെന്റിന്റെ പിടിപ്പുകേടും കെടുകാര്യസ്ഥതയുമാണ് കമ്പനിയുടെ തകർച്ചക്ക് ഇടയാക്കിയതെന്നും ജീവനക്കാരുടെ ശമ്പളം അടക്കമുള്ള ആനുകൂല്യം നേടിനൽകുന്നതിൽ തൊഴിലാളി പ്രസ്ഥാനമെന്നനിലക്ക് സി.ഐ.ടി.യുവിന് ബാധ്യത ഉണ്ടെന്നും അതിനാലാണ് സമരരംഗത്തേക്ക് ഇറങ്ങിയതെന്നും ജില്ല സെക്രട്ടറി പി.ബി. ഹർഷകുമാർ പറഞ്ഞു. അതേസമയം, തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി തങ്ങൾ ആരംഭിച്ച സമരം വിജയത്തിന്റെ പാതയിലാണെന്നതിന്റെ ഉദാഹരണമാണ് സി.ഐ.ടി.യു സമര പ്രഖ്യാപനവുമായി രംഗത്തിറങ്ങിയതെന്ന് ഐ.എൻ.ടി.യു.സി, എസ്.ടി.യു യൂനിയനുകളുടെ നേതാക്കൾ പ്രതികരിച്ചു.
പ്രതിസന്ധി പരിഹരിക്കുന്നതിന് ഈമാസം 19ന് മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയിൽ യൂനിയൻ നേതാക്കളെ ഉൾപ്പെടുത്തി യോഗം വിളിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.