ഇടത്തോട്ടും വലത്തോട്ടും ചാഞ്ചാടി തിരുവല്ല
text_fieldsതിരുവല്ല: 1957ല് രൂപവത്കൃതമായ തിരുവല്ല നിയോജകമണ്ഡലത്തിൽ തിരുവല്ല നഗരസഭ, കുറ്റൂർ, കവിയൂർ, പെരിങ്ങര, നെടുമ്പ്രം, കടപ്ര, നിരണം, പഴയ കല്ലുപ്പാറ മണ്ഡലത്തിലെ മല്ലപ്പള്ളി, ആനിക്കാട്, കല്ലൂപ്പാറ, പുറമറ്റം, കുന്നന്താനം എന്നീ പഞ്ചായത്തുകളാണ് ഉൾപ്പെടുന്നത്. മണ്ഡലം രൂപവത്കൃതമായി നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ സി.പി.ഐ സ്ഥാനാർഥി ജി. പത്മനാഭൻ തമ്പിയെ വിജയിപ്പിച്ച് ഇടത് ചായിവ് പ്രകടമാക്കിയ മണ്ഡലം പിന്നീട് ഇടത്തോട്ടും വലത്തോട്ടും ചാഞ്ചാടി. 1960ൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ പി. ചാക്കോ വിജയിച്ചു.
1967ലും 70നും 77ലും കേരള കോൺഗ്രസിലെ ജോൺ ജേക്കബിനെ എം.എൽ.എയായി തിരുവല്ല തെരഞ്ഞെടുത്തു. 1979 നടന്ന ഉപതെരഞ്ഞെടുപ്പിൽ ജനത പാർട്ടിയുടെ പി.സി. തോമസ് വിജയിച്ചു. 1982 സ്വതന്ത്രനായി മത്സരിച്ച പി.സി. തോമസ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ജനത പാർട്ടിയുടെ സ്ഥാനാർഥിയായി മത്സരിച്ച തോമസ് ടി. തോമസ് 1987 വിജയിച്ചു കയറി. തുടർന്ന് 1991, 1996, 2001 വർഷങ്ങളിൽ കേരള കോൺഗ്രസ് മാണി വിഭാഗത്തിലെ മാമൻ മത്തായി എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടു. എം.എൽ.എ ആയിരിക്കെ മാമൻ മത്തായി മരണപ്പെട്ട സാഹചര്യത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഭാര്യ എലിസബത്ത് മാമൻ മത്തായി വിജയിച്ചു.
തുടർന്ന് 2006, 2011, 2016, 2021 വർഷങ്ങളിൽ ജെ.ഡി.എസ് സ്ഥാനാർഥിയായി മത്സരിച്ച മാത്യു ടി. തോമസ് തുടർച്ചയായ വിജയം കൈവരിച്ചു. എന്നാൽ, ലോക്സഭ തെരഞ്ഞെടുപ്പുകളിൽ എല്ലാം യു.ഡി.എഫിന് ഒപ്പം നിന്ന ചരിത്രമാണ് തിരുവല്ലക്കുള്ളത്. 2011നു മുമ്പും ശേഷവും എന്ന രീതിയിലാണ് തിരുവല്ല നിയമസഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് രംഗം വിഭജിക്കപ്പെട്ടത്. 2011 ഇല്ലാതായ കല്ലുപ്പാറ നിയോജകമണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകൾ തിരുവല്ലയിലേക്ക് കൂട്ടിച്ചേർത്തു. 2014ൽ 13,271 വോട്ടിന്റെ ഭൂരിപക്ഷമാണ് തിരുവല്ല മണ്ഡലത്തിൽനിന്നും ആന്റോ ആൻറണിക്ക് ലഭിച്ചത്. അപ്പർ കുട്ടനാട് മലയോര മേഖല ഉൾപ്പെടുന്ന മല്ലപ്പള്ളിയും ഉൾപ്പെടുന്ന മണ്ഡലത്തിൽ നെല്ലും റബറുമാണ് പ്രധാന കൃഷി.
റബറിന്റെ വിലയിടിവ്, നെൽകൃഷിയിലെ പ്രതിസന്ധികൾ, ഗൾഫ് മേഖലയിൽ തൊഴിലവസരം കുറഞ്ഞതോടെയുള്ള മടങ്ങിവരവ്, ശുദ്ധജലക്ഷാമം എന്നിവയെല്ലാം തെരഞ്ഞെടുപ്പ് രംഗത്ത് ചർച്ചയാവുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.