മാർത്തോമ്മാ സഭാ പ്രതിനിധി മണ്ഡലം ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിൽ
text_fieldsതിരുവല്ല: മലങ്കര മാർത്തോമ്മാ സുറിയാനി സഭാ പ്രതിനിധി മണ്ഡലം ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിൽ തിരുവല്ല ഡോ. അലക്സാണ്ടർ മാർത്തോമ്മാ വലിയ മെത്രാപ്പോലിത്താ സ്മാരക ഒാഡിറ്റോറിയത്തിൽ നടക്കും. ബുധൻ, വ്യാഴം തീയതികളിൽ എപ്പിസ്ക്കോപ്പൽ തെരഞ്ഞെടുപ്പിനായുള്ള മണ്ഡലവും നടക്കുമെന്ന് സഭാ സെക്രട്ടറി ഫാ. സി. വി. സൈമൺ അറിയിച്ചു.
മണ്ഡലാംഗങ്ങളുടെ രജിസ്ട്രേഷൻ ചൊവ്വാഴ്ച രാവിലെ 11 ന് തിരുവല്ല വി. ജി. എം. ഹാളിൽ തുടങ്ങും. തുടർന്ന് 2മണിക്ക് മണ്ഡലം ആരംഭിക്കും. ഭരണഘടനാ ഭേദഗതികളും പ്രമേയങ്ങളും അവതരിപ്പിക്കും. മാർത്തോമ്മാക്കാരുടെ പ്രവാസവും പ്രവാസത്തിലെ സഭാ ശുശ്രൂഷയും എന്ന വിഷയം സംബന്ധിച്ച് പഠിക്കും.
വെള്ളിയാഴ്ച രാവിലെ 7.30ന് തിരുവല്ല സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ അനുമോദന സമ്മേളനം. സേവനത്തിൽ നിന്നു വിരമിച്ച വൈദികരെ ആദരിക്കും. മാർത്തോമ്മാ മാനവ സേവ അവാർഡ് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞൻ ഡോ. എം. എ. ഉമ്മനും, കർഷക അവാർഡ് അനി വി. തോമസ് പുന്നവേലിക്കും സമ്മാനിക്കും. ഫാ. ഡോ. രഞ്ജൻ ജോണിനും ഫാ. എബി ചെറിയാനും ഗ്രന്ഥ രചനക്കുള്ള അവാർഡുകൾ നൽകും. കൊല്ലം പട്ടത്താനം സെന്റ് ജോൺസ് മാർത്തോമ്മാ പള്ളി, മല്ലപ്പള്ളി ആശ്രയ വയോജന മന്ദിരം, വർക്കല ചെറണ്ണിയൂർ മാർത്തോമ്മാ സെൻട്രൽ സ്കൂൾ എന്നിവയ്ക്ക് ഹരിത അവാർഡുകൾ കൈമാറും. കുറ്റപ്പുഴ ജറുസലേം ഇടവക, പന്തളം മാർത്തോമ്മാ ഇടവക എന്നിവർക്ക് സെമിത്തേരി സംരക്ഷണ അവാർഡുകൾ സമ്മാനിക്കും. പി. എച്ച്. ഡി ബിരുദം നേടിയ അധ്യാപകർക്കുള്ള മെറിറ്റ് അവാർഡുകളും നൽകും.
സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്താ, ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്താ, ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്താ, തോമസ് മാർ തീമൊഥെയോസ് എപ്പിസ്ക്കോപ്പാ, ഡോ. എെസക് മാർ ഫിലക്സിനോസ് എപ്പിസ്ക്കോപ്പാ, ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്ക്കോപ്പാ, ഡോ. മാത്യൂസ് മാർ മക്കാറിയോസ് എപ്പിസ്ക്കോപ്പാ, ഡോ. ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് എപ്പിസ്ക്കോപ്പാ, ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്ക്കോപ്പാ എന്നിവർ നേതൃത്വം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.