അപ്പർ കുട്ടനാട്ടിൽ വൻ കൃഷിനാശം; നടുവൊടിഞ്ഞ് കർഷകർ
text_fieldsതിരുവല്ല: അടിക്കടിയുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് അപ്പർ കുട്ടനാടൻ മേഖലയിൽ വൻ കൃഷി നാശം. ലക്ഷക്കണക്കിന് രൂപയുടെ വാഴ കൃഷിയാണ് വെള്ളം കെട്ടിനിന്ന് നശിക്കുന്നത്. പെരിങ്ങര, കടപ്ര, നിരണം, കുറ്റൂർ, നെടുമ്പ്രം പഞ്ചായത്തുകളിൽ 50 ഹെക്ടറിലെ ഒന്നേകാൽ ലക്ഷത്തോളം വാഴ കൃഷി നശിച്ചതായി കൃഷി വകുപ്പ് നടത്തിയ പ്രാഥമിക കണക്കെടുപ്പിൽ വ്യക്തമായി. കടപ്ര, തിരുവല്ല മേഖലയിൽ 40 ഹെക്ടറോളം വരുന്ന നെൽകൃഷിക്കും നാശം സംഭവിച്ചിട്ടുണ്ട്.
ഓണ വിപണി ലക്ഷ്യം വെച്ച് കൃഷി ചെയ്ത ഏത്തൻ, റോബസ്റ്റ, പൂവൻ, ഞാലിപ്പൂവൻ, കദളി, ചെങ്കദളി, പാളയം കോടൻ ഇനങ്ങളിൽ പെട്ട വാഴകളും നശിച്ചിട്ടുണ്ട്. കുലച്ച് പാതി വിളവെത്തിയവയാണ് ഭൂരിഭാഗവും. പല വാഴത്തോട്ടങ്ങളിലും വെള്ളം കെട്ടി നിൽക്കുകയാണ്. ഇതു മൂലം വാഴകളുടെ മൂട് അഴുകി തുടങ്ങിയിട്ടുണ്ട്. ഇലകൾ മഞ്ഞ നിറത്തിലായി.
പടവലം, വെള്ളരി, വഴുതന, പാവൽ , കപ്പ, ചേന , ചീര തുടങ്ങി പച്ചക്കറികൾക്കും നാശം ഉണ്ടായി. കടപ്ര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറും കർഷകനുമായ ഷിബു വർഗീസിെൻറ നാലായിരത്തോളം വാഴ വെള്ളപ്പൊക്കം മൂലം നശിച്ചു. പരുമല പനയന്നാർ കാവിന് സമീപം പാട്ടത്തിനെടുത്ത പത്തേക്കറോളം വരുന്ന സ്ഥലത്തെ കൃഷിയാണ് പാടേ നശിച്ചത്. ചാത്തങ്കരി ചെത്തിമറ്റത്ത് ജോമോെൻറ രണ്ടായിരത്തോളം മൂട് ഏത്തവാഴകൾ നശിച്ചു. കല്ലു പുരയ്ക്കൽ കുരുവിള, ചെത്തിമറ്റത്തിൽ ചാക്കോ വർഗീസ്, ചാമ പ്പറമ്പിൽ സോജൻ , കല്ലുപുരയ്ക്കൽ കുരുവിള എബ്രഹാം, ചെത്തി മറ്റത്ത് എബ്രഹാം തോമസ് , വെൺപാല പാലമൂട്ടിൽ മനോജിെൻറ 1450 മൂട് കുലച്ച ഏത്ത വാഴകൾ എന്നിവയും വെള്ളം കയറി നശിച്ചു. വെൺപാല തൈയിൽ പുത്തൻ പുരയിൽ സുജേഷിെൻറ ആയിരത്തോളം വാഴകൾ കാറ്റിൽ നിലം പതിച്ചു.
തെങ്ങേലി പരിയൻ പേരിൽ പി.വി. തോമസ്, പുതുവൽ വീട്ടിൽ കേശവൻ, പുതുവൽ വീട്ടിൽ രാമകൃഷ്ണൻ, വല്യാറ വീട്ടിൽ രാധാമണി, ആറ്റുമാലിൽ ചെറിയാൻ തുടങ്ങിയവരുടെ വാഴ അടക്കം കാർഷിക വിളകൾക്കും നാശം സംഭവിച്ചു. കഴിഞ്ഞ വർഷമുണ്ടായ വെള്ളപ്പൊക്കത്തിലും അപ്പർ കുട്ടനാടൻ മേഖലയിൽ വ്യാപക കൃഷി നാശം സംഭവിച്ചിരുന്നു.
കഴിഞ്ഞ വർഷത്തെ കൃഷി നാശത്തിെൻറ നഷ്ടപരിഹാരം ഇതുവരെ കർഷകർക്ക് ലഭ്യമായിട്ടില്ല. ബാങ്ക് വായ്പയടക്കം എടുത്ത് കൃഷി ചെയ്തവരാണ് ബഹുഭൂരിപക്ഷവും. വെള്ളപ്പൊക്കം മൂലമുണ്ടായ കൃഷി നാശം നിമിത്തം വലിയ കടക്കെണിയിലാക്കിയ അവസ്ഥയാണെന്നും സർക്കാറിൽനിന്നും ഉചിതമായ നഷ്ടപരിഹാരം ലഭ്യമായില്ലെങ്കിൽ വരും വർഷങ്ങളിൽ കൃഷി ഉപേക്ഷിക്കേണ്ട സാഹചര്യമാണെന്നും കർഷകർ പറയുന്നു.
അപ്പർ കുട്ടനാടൻ മേഖലയിൽ ഒരു കോടിയിലധികം രൂപയുടെ കൃഷിനാശം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തലെന്നും പ്രദേശങ്ങളിൽ നിന്നും വെള്ളം ഒഴിഞ്ഞശേഷം മാത്രമേ യഥാർഥ നാശനഷ്ടം സംബന്ധിച്ച കണക്കെടുപ്പ് നടത്താൻ സാധിക്കൂവെന്നും കൃഷി അസി. ഡയറക്ടർ വി.ജെ. െറജി 'മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.