2500ലധികം ക്രിസ്മസ് പാപ്പമാർ; സാന്റാ ഹാർമണി 2024 വിസ്മയമായി
text_fieldsതിരുവല്ല: തിരുവല്ലയിൽ ഇദംപ്രദമായി 2500 ൽ അധികം ക്രിസ്മസ് പാപ്പാമാർ അണിനിരന്ന ‘സാന്റാ ഹാർമണി 2024’ താളമേള വിസ്മയ കാഴ്ചകളുമായി അരങ്ങേറി. പുഷ്പഗിരി മെഡിക്കൽ കോളജ്, ബിലീവേഴ്സ് മെഡിക്കൽ കോളജ്, ടി എം എം ആശുപത്രി, മാക് ഫാസ്റ്റ് കോളജ് തുടങ്ങി തിരുവല്ലയിലെ വിവിധ സ്ഥാപനങ്ങൾ, വ്യക്തികൾ, സംഘടനകൾ തുടങ്ങി ജാതി മത വ്യത്യാസങ്ങളില്ലാതെ ആളുകൾ അണിനിരന്നു. നിശ്ചലദൃശ്യങ്ങൾ, പ്രച്ഛന്നവേഷം എന്നിവയെല്ലാം കാഴ്ചകൾക്ക് കുളിർമ പകർന്നു. വൈകീട്ട് ആറിന് എംസി റോഡിൽ രാമൻചിറ ബൈപാസിനു സമീപത്തുനിന്നാണ് റാലി ആരംഭിച്ചത്.
മുൻ രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ കുര്യൻ സാന്റാ ഹാർമണി 2024 ഉദ്ഘാടനം ചെയ്തു. ഡിവൈ.എസ്.പി എസ്. അഷാദ് സന്ദേശറാലി ഫ്ലാഗ് ഓഫ് ചെയ്തു. ആർ. ജയകുമാർ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ അനു ജോർജ്, വൈസ് ചെയർമാൻ ജിജി വട്ടശേരിൽ, ഡോ.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, പുഷ്പഗിരി സി.ഇ.ഒ ഫാ: ബിജു പയ്യംപള്ളിൽ, ബിലീവേഴ്സ് മെഡിക്കൽ കോളജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ രാജേഷ് ചാക്കോ, റോയ് മാത്യു, അഡ്വ.ആർ സനൽകുമാർ, ബാബു കല്ലുങ്കൽ, അഡ്വ.കെ പ്രകാശ് ബാബു എന്നിവർ സംസാരിച്ചു. പ്രത്യേകം സജ്ജീകരിച്ച വാഹനങ്ങളും നിശ്ചല ദൃശ്യങ്ങളും വാദ്യ മേളങ്ങളുമായി റാലി നഗര മധ്യത്തിലൂടെ കുരിശുകവല വഴി സെൻ്റ് ജോൺസ് കത്തിഡ്രൽ അങ്കണത്തിൽ എത്തിച്ചേർന്നു.
കരിമരുന്നു കലാപ്രകടനത്തോടെയാണ് വരവേറ്റത്. അതിരൂപതാധ്യക്ഷൻ റവ. ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയുടെ സന്ദേശത്തിനു ശേഷം ഭീമൻ കേക്ക് മുറിച്ചു . തുടർന്ന് പുഷ്പഗിരി ആശുപത്രിയിലെ ഡോക്ടർമാർ കരോൾ ഗാനസന്ധ്യയും അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.