നവകേരള സദസ്സ് നാളെ പത്തനംതിട്ടയിൽ; തിരുവല്ലയിൽ അവസാനവട്ട ഒരുക്കം
text_fieldsതിരുവല്ല: നവകേരള സദസിനെ വരവേൽക്കാൻ തിരുവല്ല അവസാനവട്ട ഒരുക്കത്തിൽ. ശനിയാഴ്ച വൈകീട്ട് ആറിന് തിരുവല്ല നിയമസഭ മണ്ഡലത്തിലെ നവകേരള സദസ്സ് എസ്.സി.എസ് ഹയർ സെക്കൻറി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. ജില്ലയിലെ ആദ്യത്തെ സദസ്സും ഇവിടെയാണ്.
കാൽലക്ഷം പേരെ ഉൾക്കൊള്ളാൻ കഴിയുന്ന പന്തൽ തയാറായി. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കുമായി പ്രധാന വേദിയും ഒരുങ്ങി. ട്രയൽ റൺ പൊലീസിന്റെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ നടത്തി.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് നിവേദനങ്ങൾ സ്വീകരിച്ചു തുടങ്ങും. പ്രധാന വേദിക്കരികിലായി 20 കൗണ്ടറുകൾ തുറക്കും.
രണ്ട് കൗണ്ടറുകൾ സ്ത്രീകൾക്കും രണ്ട് കൗണ്ടറുകൾ മുതിർന്ന പൗരന്മാർക്കും രണ്ടെണ്ണം ഭിന്നശേഷിക്കാർക്കും വേണ്ടിയുള്ളതാണ്.14 കൗണ്ടറുകളിൽ ജനറൽ വിഭാഗത്തിനും നിവേദനങ്ങൾ നൽകാം.
ഉച്ചക്ക് 2.30 ന് കലാപരിപാടികൾ ആരംഭിക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്നതിന് അര മണിക്കൂർ മുമ്പുവരെ കലാപരിപാടികൾ തുടരും. മന്ത്രിമാരും മുഖ്യമന്ത്രിയും സംസാരിക്കുമ്പോൾ നിവേദനങ്ങൾ സ്വീകരിക്കുന്നത് നിർത്തിവക്കും. നിയമസഭ മണ്ഡലത്തിലെ 192 വാർഡുകളിൽ നിന്ന് ആളുകൾ സദസ്സിലേക്ക് എത്തിച്ചേരും. ഇതിനാവശ്യമായ വാഹന ക്രമീകരണങ്ങളെല്ലാം പൂർത്തിയായി.
വാർഡുതല സംഘാടക സമിതികളും പഞ്ചായത്തുതല സംഘാടക സമിതി യോഗങ്ങളും അവസാനവട്ട തയാറെടുപ്പിലാണ്. വാർഡുകളിലാകെ 1152 വീട്ടുമുറ്റ സദസ്സുകൾ സംഘടിപ്പിച്ചു. വ്യാഴാഴ്ച എസ്.സി.എസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന അസംബ്ലി തലസംഘാടക സമിതി രൂപവത്കരണ യോഗത്തിൽ ചെയർമാൻ മാത്യു ടി. തോമസ് എം.എൽ.എ അധ്യക്ഷനായി. കൺവീനറും സബ് കലക്ടറുമായ സഫ്ന നസറുദീൻ അവസാന ഒരുക്കങ്ങൾ വിശദീകരിച്ചു.
വിളംബര ജാഥയിൽ ജീവനക്കാരെ എത്തിക്കാൻ വ്യാജ സർക്കുലറും
പത്തനംതിട്ട: നവകേരള സദസ്സിന്റെ വിളംബര ജാഥയിൽ സർക്കാർ ജീവനക്കാരനെ എത്തിക്കുന്നതിന് വ്യാജ സർക്കുലറും. നവകേരള സദസ്സിന്റെ പ്രചാരണാർഥം വെള്ളിയാഴ്ച പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജങ്ഷൻ മുതൽ അബാൻ ജങ്ഷൻ വരെ നടക്കുന്ന വിളംബര ജാഥയിൽ സർക്കാർ ജീവനക്കാർ പങ്കെടുക്കണമെന്ന സർക്കുലറിനാണ് വ്യാജനും ഇറങ്ങിയത്. എ.ഡി.എമ്മിന്റെ ഒപ്പും സീലുമുള്ള യഥാർഥ ഓർഡറിൽ പത്തനംതിട്ട സിവിൽ സ്റ്റേഷനിലെയും മിനി സിവിൽ സ്റ്റേഷനിലെയും മുഴുവൻ സർക്കാർ ജീവനക്കാരും അവരവരുടെ ബാനറിന് പിന്നിൽ അണിനിരക്കണമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
കലക്ടർക്കുവേണ്ടി എ.ഡി.എമ്മാണ് സർക്കുലർ നൽകിയത്. എന്നാൽ ഇതേ ഓർഡറിൽ വിളംബരജാഥയിൽ സിവിൽ സ്റ്റേഷനിലെയും പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിലെയും എന്ന ഭാഗം വൈറ്റ്നർ ഉപയോഗിച്ച് മായ്ച്ചശേഷം മുഴുവൻ സർക്കാർജീവനക്കാരും പങ്കെടുക്കണമെന്ന് കാണിച്ച് ജില്ലയിലെ മുഴുവൻ പഞ്ചായത്ത് ഓഫിസുകളിലേക്കും മെയിലിൽ അയച്ചിട്ടുണ്ട്. ഇതിലുള്ള എ.ഡി.എമ്മിന്റെ ഒപ്പ് വ്യാജമാണന്ന് ഒറ്റനോട്ടത്തിൽ മനസിലാകും. കൂടാതെ ഓഫീസ് സീലും ഇല്ല. സർക്കുലർ നമ്പരും തീയതിയും ഒന്നുതന്നെയാണ്. കലക്ട്രേറ്റിൽ നിന്നാണ് സർക്കുലർ പഞ്ചായത്തുകളിലേക്ക് മെയിലിൽ പോയിട്ടുള്ളതെന്ന് പറയുന്നു. ജീവനക്കാരെ കൂട്ടാൻ ഭരണകക്ഷി യൂണിയനിലുള്ളവരാണ് വ്യാജ കത്തിന് പിന്നിൽ പ്രവർത്തിച്ചതെന്നും സംശയിക്കുന്നു. വെള്ളിയാഴ്ച വൈകിട്ട് 4 നാണ് പത്തനംതിട്ടയിൽ വിളംബര ജാഥ നടക്കുന്നത്. 16നും 17 നുമാണ് നവകേരള സദസ്സ് ജില്ലയിൽനടക്കുന്നത്.
അടൂരിൽ ഒരുക്കം പുരോഗമിക്കുന്നു
അടൂർ: ഞായറാഴ്ച വൈകീട്ട് ആറിന് അടൂരിൽ എത്തുന്ന നവകേരള സദസ്സിനെ വരവേൽക്കാൻ വേദിയുടെയും പന്തലിന്റെയും നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് നിർമ്മാണ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത്. അടൂർ സെൻട്രൽ ജങ്ഷന് കിഴക്ക് കെ.പി റോഡിനോട് ചേർന്നുള്ള വൈദ്യൻസ് ഗ്രൗണ്ടാണ് നവകേരള സദസ്സിന് വേദിയാകുന്നത്.
ഒരേസമയം പതിനായിരത്തിലധികം പേർക്ക് ഇരിക്കാവുന്ന വിശാലമായ പന്തലിന്റെ പണിയാണ് പുരോഗമിക്കുന്നത്. പ്രചാരണ പരിപാടികളുടെ കലാ സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചു. വെള്ളിയാഴ്ച അടൂരിൽ വിളംബര ഘോഷയാത്ര നടക്കും. തുടർന്ന് അടൂർ കെ.എസ്.ആർ.ടി.സി കോർണറിൽ ചിത്രകാരന്മാരുടെ കൂട്ടായ്മയും നിർമാല്യം സിനിമയുടെ പ്രദർശനവും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.