എൻ.സി.സി സൈനിക് ക്യാമ്പിൽ അഭിമാനമായി അനന്തുവും ജോയലും
text_fieldsതിരുവല്ല: എൻ.സി.സി ദേശീയതലത്തിൽ സംഘടിപ്പിച്ച സൈനിക ക്യാമ്പിൽ പങ്കെടുത്ത് തിരുവല്ല മാർത്തോമ കോളജിലെ കാഡറ്റുകളായ അനന്തു പി.എസും, ജോയൽ എം. സജിയും അഭിമാനമായി. ഡൽഹിയിൽ നടക്കുന്ന എൻ.സി.സി കരസേന വിഭാഗത്തിന്റെ പരമോന്നത ക്യാമ്പിൽ കേരള- ലക്ഷദ്വീപ് എൻ.സി.സി ഡയറക്ടറേറ്റിനെ പ്രതിനിധീകരിച്ചാണ് അനന്തുവും ജോയലും തിളക്കമാർന്ന നേട്ടം കരസ്ഥമാക്കിയത്.
ഡൽഹിയിൽ നടന്ന മത്സരങ്ങളിൽ പുരുഷ വിഭാഗം ടീം ഇന്ത്യയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. 10 ദിവസം നീളുന്ന തീവ്ര പരിശീലന സെലക്ഷൻ ക്യാമ്പുകളിൽ നിന്നാണ് കേരള- ലക്ഷദ്വീപ് എൻ.സി.സി ടീമിനെ പ്രതിനിധീകരിക്കുന്ന 40 അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. ഒബ്സ്റ്റക്കിൾ റെയ്സ് ടീമിൽ അനന്തുവും ഷൂട്ടിങ് ടീമിൽ ജോയലും കേരള- ലക്ഷദ്വീപ് എൻ.സി.സി ഡയറക്ടറേറ്റിനെ പ്രതിനിധീകരിച്ചു.
രസതന്ത്ര വിഭാഗം മൂന്നാം വർഷ വിദ്യാർഥിയായ അനന്തു കവിയൂർ പുത്തൻ പറമ്പിൽ സുഭാഷ് കുമാറിന്റെയും സുധയുടെയും മകനാണ്. വാണിജ്യ വിഭാഗം മൂന്നാം വർഷ വിദ്യാർഥിയായ ജോയൽ, മുണ്ടക്കടവിൽ വീട്ടിൽ സജി - ഷൈനി ദമ്പതികളുടെ മകനാണ്. കേരളത്തിൽ നടന്ന സെലക്ഷൻ ക്യാമ്പുകളിൽ അനന്തുവാണ് ഏറ്റവും മികച്ച വേഗതയിൽ ഒബ്സ്റ്റക്കൽ റേസ് മത്സരം പൂർത്തീകരിച്ചത്.(22.5 സെക്കന്റ്). ഏറ്റവും വേഗത്തിൽ 50 മീറ്റർ ദൂരത്തിൽ വെച്ചിരിക്കുന്ന ടാർജറ്റിൽ ഒരേ സ്ഥലത്ത് അഞ്ച് റൗണ്ട് ഫയർ ചെയ്യുക എന്നതാണ് സ്നാപ് ഫയറിങ്.
മികച്ച നേട്ടം കൈവരിച്ച് കോളജിന്റെ യശസ്സ് ഉയർത്തിയ കേഡറ്റുകളെ പ്രിൻസിപ്പൽ ഡോ. മാത്യു വർക്കി. ടി.കെ,15 കേരള ബറ്റാലിയൻ കമാൻഡിങ് ഓഫിസർ കേണൽ ജേക്കബ് ഫ്രീ മാൻ, 15 കേരള ബറ്റാലിയൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ലെഫ്റ്റനന്റ് കേണൽ സുനിൽ എസ്. പിള്ള, എൻ.സി.സി ഓഫിസർ ലെഫ്റ്റ്നൻറ് റെയ്സൺ സാം രാജു എന്നിവർ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.