നെടുമ്പ്രം കുടുംബശ്രീ തട്ടിപ്പ്: 69 ലക്ഷത്തിന്റെ തിരിമറിയെന്ന് കണ്ടെത്തൽ
text_fieldsതിരുവല്ല: നെടുമ്പ്രം ഗ്രാമപഞ്ചായത്തിൽ നടന്ന കുടുംബശ്രീ ഫണ്ട് തട്ടിപ്പ് സംബന്ധിച്ച് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 69,14,664 രൂപയുടെ തട്ടിപ്പാണ് നടത്തിയതെന്നാണ് പത്തനംതിട്ട വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ സമര്‍പ്പിച്ച എഫ്.ഐ.ആറില്‍ ഉളളത്. 2021 ആഗസ്റ്റ് മുതല്‍ 2023 ആഗസ്റ്റ് വരെ കാലയളവിലാണ് തട്ടിപ്പ് നടന്നത്. ഈ കാലയളവില്‍ സി.ഡി.എസ്.ചെയര്‍പേഴ്സണായിരുന്ന പി.കെ. സുജ, സി.ഡി.എസ്. മെമ്പറും വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറുമായ ആര്. ബിന്‍സി, സി.ഡി.എസ്. അക്കൗണ്ടന്റ് എ. ഷീനാമോള്‍ എന്നിവരെ ഒന്നുമുതല്‍ മൂന്നുവരെ പ്രതികളാക്കിയാണ് കേസ്. ആശ്രയ ഫണ്ട്, കോവിഡ് ലോണ്‍ സബ്സിഡി, റിവോള്‍വിങ് ഫണ്ട് തുടങ്ങിയ ഇനങ്ങളില്‍ നിന്ന് 9,53,704 രൂപ തട്ടിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒന്നും രണ്ടും പ്രതികള്‍ ചേര്‍ന്ന് സി.ഡി.എസിന്റെ ജോയന്റ് ബാങ്ക് അക്കൗണ്ടില്‍ നിന്നും 13,39,300 രൂപ ഒന്നാം പ്രതിയുടെ സ്വകാര്യ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു. ഇതിന് പുറമേ ഇരുവരും ചേര്‍ന്ന് 43,30,240 രൂപ വിവിധ കുടുംബശ്രീ പദ്ധതികള്‍ക്കായി വിനിയോഗിച്ചുവെന്ന് വരുത്തിത്തീര്‍ത്ത് പിന്‍വലിച്ചു. ഒന്നും മൂന്നും പ്രതികള്‍ ചേര്‍ന്ന് നിലവിലെ മെമ്പര്‍ സെക്രട്ടറിയെ കബളിപ്പിച്ച് 2,91,420 രൂപ തട്ടിയെടുത്തതായും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.
പൊലീസ് അന്വേഷിച്ചിരുന്ന കേസ് കഴിഞ്ഞയാഴ്ചയാണ് വിജിലന്‍സ് ഏറ്റെടുത്തത്. ബിന്‍സി സര്‍ക്കാര്‍ ഉദ്യോഗസ്ഥയാണ്. മറ്റ് രണ്ടുപേരും പദവി വഹിച്ച സമയത്ത് സര്‍ക്കാര്‍ ജോലിയുടെ ഭാഗമായിരുന്നവരാണ്. ഇതിനാലാണ് അഴിമതി നിരോധന നിയമപ്രകാരം വിജിലന്‍സ് അന്വേഷണം ഏറ്റെടുത്തത്. പണം ഏതൊക്കെ വഴി ചെലവഴിച്ചു, മറ്റാരൊക്കെ സഹായങ്ങള്‍ നല്കി തുടങ്ങിയ കാര്യങ്ങള്‍ തുടരന്വേഷണ പരിധിയില്‍ വരും. പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി ഒന്നും മൂന്നും പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.