‘നിലാവ്’ സമ്പൂർണ പരാജയം; തിരുവല്ല കൂരിരുട്ടിൽ
text_fieldsതിരുവല്ല: നഗരസഭ പരിധിയിലെ വഴിവിളക്കുകൾ മിഴിയടച്ചു. നഗരമടക്കം കൂരിരുട്ടിലായിട്ടും വെളിച്ചം എത്തിക്കാൻ നടപടിയെടുക്കാതെ അധികൃതർ. കെ.എസ്.ഇ.ബി ചേർന്ന് നടപ്പാക്കിയ ‘നിലാവ്’ പദ്ധതി നഗരസഭയിൽ പൂർണ പരാജയമായതോടെ നഗരസഭ വഴിവിളക്കുകൾ പ്രകാശിപ്പിക്കാൻ തീരുമാനമായെങ്കിലും അതും ഫലം കണ്ടില്ല. ഒക്ടോബറിൽ നഗരസഭയിലെ 39 വാർഡിലേക്ക് ബൾബ് വാങ്ങാൻ ഏഴു ലക്ഷം രൂപ അനുവദിച്ചിരുന്നുവെന്ന് അധികൃതർ പറയുന്നു. എന്നാൽ, ഇപ്പോഴും പദ്ധതി കാര്യക്ഷമാകാത്തതാണ് തിരുവല്ല നഗരം അടക്കം ഇരുട്ടിലാകാൻ ഇടയാക്കിയത്. 18 വാട്സിന്റെ 1600 തെരുവുവിളക്കുകൾക്കുള്ള ബൾബുകളും ഫിറ്റിങ്ങുകളും ആദ്യഘട്ടത്തിൽ വാങ്ങുമെന്നാണ് പറഞ്ഞിരുന്നത്.
നാലുവർഷം മുമ്പാണ് വൈദ്യുതി ബോർഡുമായി ചേർന്ന് ‘നിലാവ്’ പദ്ധതിക്ക് നഗരസഭയിൽ തുടക്കമായത്. എന്നാൽ, തുടക്കത്തിൽ തന്നെ പദ്ധതി പാളി. കെ.എസ്.ഇ.ബിയും നഗരസഭയും സംയുക്ത പരിശോധനയിലൂടെ എത്ര പോസ്റ്റുകളിൽ സ്ഥാപിക്കണമെന്ന് കണ്ടെത്തണം എന്നായിരുന്നു നിർദേശം. എന്നാൽ, ഇക്കാര്യത്തിൽ ഐക്യത്തിൽ എത്താൻ കഴിഞ്ഞില്ല.
7600 വിളക്കുകൾ വേണമെന്ന് കൗൺസിലർമാർ ചേർന്ന് കണക്കെടുത്ത് നഗരസഭക്ക് നൽകിയിരുന്നു. എന്നാൽ, കഴിഞ്ഞ രണ്ടു വർഷത്തിനിടെ കെ.എസ്.ഇ.ബി 4524 വഴിവിളക്കുകൾ മാത്രമാണ് പ്രകാശിപ്പിച്ചത്. ആദ്യം ഇട്ട ബൾബുകൾ വിവിധ കാരണങ്ങളാൽ കേടായപ്പോൾ മാറ്റിയിടാൻ കെ.എസ്.ഇ.ബിക്ക് കഴിഞ്ഞില്ല. ഇതോടെയാണ് നിലാവ് പദ്ധതി അനിശ്ചിതത്വത്തിലായത്. ഏഴു വർഷത്തെ വാറന്റിയാണ് കെ.എസ്.ഇ.ബി നഗരസഭക്ക് നൽകിയിരുന്നത്. കേടാകുന്ന ബൾബുകൾ നഗരസഭയുടെ ചെലവിൽ ഊരിയെടുത്ത് കെ.എസ്.ഇ.ബി ഓഫിസിൽ നൽകണമെന്നും ലഭ്യത അനുസരിച്ച് തുടർവിതരണം നടത്തുമെന്നും ഇവ നഗരസഭയുടെ ചെലവിൽ തന്നെ പോസ്റ്റിൽ തിരികെ സ്ഥാപിക്കണം എന്നതും ആയിരുന്നു മുൻധാരണ. ഇത് നഗരസഭ കൗൺസിലർമാർ വഹിക്കേണ്ട സ്ഥിതിയുണ്ടായി.
നിലാവ് പദ്ധതി വരുന്നതിനുമുമ്പ് നഗരസഭ നേരിട്ട് പരിപാലനത്തിനായി വർഷംതോറും 30 ലക്ഷം രൂപ വരെ കരാർ നൽകുകയായിരുന്നു. നിലാവ് പദ്ധതിയിൽ കെ.എസ്.ഇ.ബി ഉള്ള തുക നഗരസഭയുടെ പ്ലാൻ ഫണ്ടിൽനിന്ന് പിടിച്ച് സർക്കാർ നേരിട്ട് കൈമാറുന്നതാണ് രീതി. എന്നാൽ, തിരുവല്ല നഗരസഭക്ക് എത്ര രൂപയാണ് ഇത്തരത്തിൽ നൽകേണ്ടി വന്നതെന്ന് അധികൃതർക്ക് വ്യക്തത ഇല്ലാത്ത അവസ്ഥയാണ് നിലനിൽക്കുന്നത്. അതേസമയം തെരുവുവിളക്കുകൾ കൂട്ടത്തോടെ മിഴിയടച്ചതോടെ വെളിച്ചമില്ലാത്തതിന്റെ പേരിൽ പഴികേൾക്കേണ്ടി വരുന്നത് തങ്ങൾ ആണെന്ന പരാതിയാണ് കൗൺസിലർമാർ ഉയർത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.