തട്ടിപ്പിന് ജയിലിലായിട്ട് ഒരുമാസം; കെ.പി. പുന്നൂസ് ഇപ്പോഴും പഞ്ചായത്ത് പ്രസിഡന്റ്
text_fieldsതിരുവല്ല: കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ ജയിലിലായിട്ട് 25 ദിവസം പിന്നിടുമ്പോഴും പ്രസിഡന്റ് സ്ഥാനത്ത് കടിച്ചൂതൂങ്ങി നിരണം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പുന്നൂസ്. ഇതോടെ പഞ്ചായത്ത് ഭരണം നാഥനില്ലാക്കളരിയായി. കോൺഗ്രസ് നേതാവായ ഇയാളെ പാർട്ടി സസ്പെൻഡ് ചെയ്തെങ്കിലും പ്രസിഡന്റ് സ്ഥാനം രാജിവെക്കാൻ തയാറായിട്ടില്ല.
തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന് വിവിധ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത കേസിലാണ് ഇയാൾ അറസ്റ്റിലായത്. കോൺഗ്രസ് നേതാവായ പുന്നൂസ് ബിലീവേഴ്സ് ചർച്ച് മേധാവി കെ.പി. യോഹന്നാന്റെ സഹോദരനാണ്. കോട്ടയം സ്വദേശിയിൽനിന്ന് 22 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഈമാസം ഒന്നിനാണ് കെ.പി. പുന്നൂസ് അറസ്റ്റിലാവുന്നത്. കോട്ടയം സബ്ജയിലിൽ റിമാൻഡിൽ കഴിയവെ 25 ലക്ഷം രൂപ തട്ടിയെന്ന ആലത്തൂർ സ്വദേശിയുടെ പരാതിയിൽ ആലത്തൂർ പൊലീസ് സ്റ്റേഷനിലെ കേസിൽ റിമാൻഡിലായി. ഇതിന് പിന്നാലെ 20 ലക്ഷം രൂപ തട്ടിയെടുത്തതായി മുതുകുളം സ്വദേശിനിയും ലൈഫ് മിഷൻ പദ്ധതി പ്രകാരം വീട് വെച്ച് നൽകാമെന്ന് വാഗ്ദാനം നൽകി മൂന്നുലക്ഷം രൂപ തട്ടിയതായി നിരണം സ്വദേശിയും നൽകിയ പരാതിയിലും പുളിക്കീഴ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തിരുന്നു. അറസ്റ്റിലായി രണ്ടാം ദിനം മുതൽ പ്രതിപക്ഷ കക്ഷിയായ എൽ.ഡി.എഫും ബി.ജെ.പിയും നിരണം പഞ്ചായത്ത് ഓഫിസിന് മുന്നിൽ അടക്കം സമരങ്ങൾ സംഘടിപ്പിച്ചിരുന്നു. പ്രസിഡന്റ് ജയിലിലായയതിനു ശേഷം ആദ്യമായി കഴിഞ്ഞ ചൊവ്വാഴ്ച വിളിച്ചുചേർത്ത പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ പുന്നൂസിന്റെ രാജി ആവശ്യത്തിൽ എൽ.ഡി.എഫ് അംഗങ്ങൾ ഉറച്ചുനിന്നതോടെ അലസിപ്പിരിഞ്ഞു. 13 അംഗങ്ങളിൽ 12 പേരും ചൊവ്വാഴ്ച നടന്ന യോഗത്തിൽ പങ്കെടുത്തിരുന്നു. യു.ഡി.എഫ് ഏഴ്, എൽ.ഡി.എഫ് അഞ്ച്, എൻ.ഡി.എ സ്വതന്ത്രൻ ഒന്ന് എന്നതാണ് നിലവിലെ കക്ഷിനില.
പഞ്ചായത്ത് പ്രസിഡന്റായിരിക്കെ 2003ൽ നടന്ന വിദേശ കറൻസി ഇടപാടിൽ റിമാൻഡിലായ കെ.പി. പുന്നൂസ് തിരികെ വന്ന ശേഷം വീണ്ടും സ്ഥാനം ഏറ്റെടുത്തിരുന്നെന്നും ഇക്കുറി അതിന് സമ്മതിക്കില്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി. അതേസമയം, പുന്നൂസ് ഗ്രാമപഞ്ചായത്തിന്റെ പേരിൽ തട്ടിപ്പുകൾ നടത്തിയിട്ടില്ലെന്നും മറ്റ് കേസുകൾ വ്യക്തിപരമാണെന്നുമാണ് ഭരണകക്ഷി അംഗങ്ങളുടെ ന്യായീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.