ജില്ല സ്കൂൾ കലോത്സവം 26 മുതൽ തിരുമൂലപുരത്ത്
text_fieldsതിരുവല്ല: റവന്യു ജില്ല സ്കൂൾ കലോൽസവം 26 മുതൽ 29 വരെ തിരുവല്ല തിരുമൂലപുരത്ത്. എസ്.എൻ.വി.എച്ച്.എസ്, ബാലികാമഠം എച്ച്.എസ്.എസ്, തിരുമൂലവിലാസം യു.പി.എസ്, എം.ഡി.എം.എൽ.പി.എസ്. ഇരുവള്ളിപ്ര, സെന്റ് തോമസ് എച്ച്.എസ്.എസ് എന്നിവയാണ് കലോത്സവ വേദികൾ. ഒരുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് തിരുമൂലപുരത്തെ സ്കൂളുകൾ വീണ്ടും കലോത്സവത്തിന, വേദിയാകുന്നത്. 2022ലാണ് ഏറ്റവുമൊടുവിൽ കലോത്സവം ഇതേ വേദികളിൽ നടന്നത്.
പതിനൊന്ന് ഉപജില്ലകളിലായി അപ്പർ പ്രൈമറി മുതൽ ഹയർ സെക്കൻഡറിതലം വരെ കലാമൽസരങ്ങളിൽ വിജയികളായ 5000 ത്തോളം കലാപ്രതിഭകൾ മത്സരങ്ങളിൽ പങ്കെടുക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ ബി.ആർ.അനില അറിയിച്ചു. സംസ്കൃതോത്സവം, അറബി സാഹിത്യോത്സവം എന്നിവയും കലോത്സവത്തിന്റെ ഭാഗമായി നടക്കും. സ്കൂൾ കലോത്സവത്തിൽ അഞ്ച് ഗോത്രകലാ ഇനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉപജില്ലകളിൽ പങ്കെടുത്ത് വിജയികളായവർ ഇവയിലും മത്സരിക്കാനുണ്ടാകും.
26ന് രാവിലെ ഒമ്പതിന് ഡി.ഡി.ഇ. ബി.ആർ. അനില പതാക ഉയർത്തും. പത്തിന് മന്ത്രി വീണാ ജോർജ് കലോത്സവം ഉദ്ഘാടനം ചെയ്യും. മാത്യു ടി. തോമസ് എം.എൽ.എയുടെ അധ്യക്ഷത വഹിക്കും. ലോഗോ വിജയികൾക്കുള്ള സമ്മാനദാനവും നൽകും. സിനിമാനടനും കോമഡി സ്റ്റാർ കലാകാരനുമായ ഉല്ലാസ് പന്തളം കലാ മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പൻ, തിരുവല്ല നഗരസഭ ചെയർപേഴ്സൺ അനു ജോർജ്, കലക്ടർ എസ്. പ്രേംകൃഷ്ണൻ, ജോസ് പഴയിടം, സജി അലക്സാണ്ടർ, ജിജി വട്ടശേരിൽ എന്നിവർ പ്രസംഗിക്കും. തുടർന്ന് 12 വേദികളിലായി വ്യത്യസ്ത കലാ മത്സരങ്ങൾ ആരംഭിക്കും. 29ന് വൈകുന്നേരം 6.30ന് പ്രമോദ് നാരായണൻ എംഎൽഎയുടെ അധ്യക്ഷതയിൽ കൂടുന്ന സമാപന സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. ജില്ല പൊലീസ് സൂപ്രണ്ട് വി.ജി. വിനോദ് കുമാർ സമ്മാനദാനം നിർവഹിക്കും.
പന്തൽ കാൽനാട്ടു കർമം
ജില്ല സ്കൂൾ കലോത്സവത്തിന്റെ പന്തലിന്റെ കാൽ നാട്ടൽകർമം പ്രധാനവേദിയായ തിരുമൂലപുരം എസ്.എൻ.വി.എസ്.എച്ച്.എസ്.എസ് ഗ്രൗണ്ടിൽ നടന്നു.
തിരുവല്ല നഗരസഭ കൗൺസിലർ ശ്രീനിവാസ് പുറയാറ്റ് കാൽനാട്ടുകർമം നിർവഹിച്ചു. പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടർ ബി.ആർ. അനില, പി.ടി. പ്രസാദ്, ജയവാസുദേവൻ, പി.എ. റഹ്മത്തുള്ള ഖാൻ, അനിത ജി.നായർ, മനോജ് ബി.നായർ എന്നിവർ പ്രസംഗിച്ചു.
രജിസ്ട്രേഷൻ നാളെ
ജില്ല സ്കൂൾ കലോത്സവത്തിന്റെ രജിസ്ട്രേഷൻ 25ന് രാവിലെ 11ന് ആരംഭിക്കും. 11 ഉപജില്ലകളിൽ നടന്ന കലോത്സവത്തിൽ ഒന്നാം സ്ഥാനം എ ഗ്രേഡ് ലഭിച്ചവർക്കാണ് ജില്ല കലോത്സവത്തിൽ പങ്കെടുക്കാൻ അർഹതയുള്ളത്.
കഴിഞ്ഞവർഷത്തെ കലോത്സവത്തിൽ സബ്ജില്ലകൾക്കും സ്കൂളുകൾക്കും നൽകിയ എവർറോളിംഗ് ട്രോഫികൾ ബന്ധപ്പെട്ട സബ്ജില്ല കൺവീനർമാർ രജിസ്ട്രേഷൻ സമയത്ത് എത്തിക്കണമെന്ന് കൺവീനർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.