കാവുംഭാഗം-ചാത്തൻകേരി റോഡിൽനിന്ന് മണ്ണ് കടത്ത്
text_fieldsതിരുവല്ല: ജലജീവന് മിഷൻ പദ്ധതിയുടെ ഭാഗമായി കുടിവെള്ള പൈപ്പ് സ്ഥാപിക്കാനെടുത്ത കുഴിമൂടാൻ എന്ന വ്യാജേനെ പെരിങ്ങര പഞ്ചായത്തിലെ പൊതുമരാമത്ത് റോഡുകളിൽനിന്ന് മണ്ണ് കടത്ത് നാട്ടുകാർ ഇടപെട്ട് തടഞ്ഞു.
കാവുംഭാഗം-ചാത്തൻകേരി റോഡിൽനിന്ന് മണ്ണ് നീക്കുന്നതാണ് തിങ്കളാഴ്ച വൈകീട്ട് നാട്ടുകാർ ചേർന്ന് തടഞ്ഞത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസിന്റെ നിർദേശപ്രകാരം പണി നിർത്തിവെച്ചു. പൈപ്പ് സ്ഥാപിക്കാനെടുത്ത കുഴികൾ കോൺക്രീറ്റ് ചെയ്യുന്നതിന്റെ മറവിലാണ് പഞ്ചായത്തിലെ വിവിധ റോഡുകളിൽനിന്ന് മണ്ണ് കടത്തുന്നത്. ഇതിനകം ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മണ്ണ് ഇവിടെ നിന്ന് കടത്തിയതായി നാട്ടുകാർ പറയുന്നു.
മണ്ണ് നീക്കം ചെയ്യാനുള്ള അനുമതി ഉണ്ടെന്നാണ് കരാറുകാരൻ അവകാശപ്പെടുന്നതെങ്കിലും രേഖകൾ ഒന്നും പഞ്ചായത്ത് അധികൃതർക്ക് ഹാജരാക്കിയിട്ടില്ല.
ഇത്തരത്തിൽ നീക്കം ചെയ്യുന്ന മണ്ണ് അതത് പഞ്ചായത്തുകളുടെ ഉത്തരവാദിത്തത്തിൽ പഞ്ചായത്ത് പരിധിയിൽ തന്നെ സൂക്ഷിച്ച് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ലേലം ചെയ്യണമെന്നാണ് ചട്ടം. എന്നാൽ, പെരിങ്ങര പഞ്ചായത്തിലെ റോഡുകളിൽനിന്ന് നീക്കം ചെയ്യുന്ന മണ്ണ് എവിടേക്കാണ് കൊണ്ടുപോകുന്നത് എന്നതിൽ വ്യക്തതയില്ല.
മണ്ണ് നീക്കം ചെയ്യുന്നതിന് ആവശ്യമായ രേഖകൾ ഇല്ലന്നാണ് ലഭിക്കുന്ന വിവരം. മണ്ണ് നീക്കം ചെയ്യുന്നതും തിരികെ കുഴിമൂടി കോൺക്രീറ്റ് ചെയ്യുന്നത് അടക്കമുള്ള പണികളുടെ ഉത്തരവാദിത്തം ജലവിതരണ വകുപ്പിന് ആണെന്നാണ് പൊതുമരാമത്ത് വകുപ്പ് അസി. എൻജിനീയർ പറഞ്ഞത്. ജലവിതരണ വകുപ്പും പൊതുമരാമത്തും മണ്ണ് കടത്താൻ ഒത്താശ ചെയ്യുകയാണെന്ന് ആരോപണം ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.