പിതാവിനെ മർദിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ മകൻ അറസ്റ്റിൽ
text_fieldsതിരുവല്ല: വയോധികനായ പിതാവിനെ മൃഗീയമായി മർദിച്ച കേസിൽ മൂന്നുമാസം ഒളിവിൽ കഴിഞ്ഞ മകൻ അറസ്റ്റിൽ. കവിയൂർ കണിയാമ്പാറ കൊടിഞ്ഞൂർ പനങ്ങായിൽ എബ്രഹാം ജോസഫിനെ മർദിച്ച കേസിലാണ് മകൻ അനിലിനെ (27) തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാവിലെ എട്ടിന് ചങ്ങനാശ്ശേരി മുനിസിപ്പൽ മൈതാനത്തിന് സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്. ജൂൺ 16നാണ് കേസിനാസ്പദമായ സംഭവം.
പിതാവായ എബ്രഹാം ബന്ധുവീടുകൾ സന്ദർശിക്കാൻ പോകുന്നതിനെ മദ്യപിച്ചെത്തിയ അനിൽ ചോദ്യംചെയ്തു. തുടർന്ന് വടി ഉപയോഗിച്ച് എബ്രഹാമിനെ ക്രൂരമായി മർദിച്ചു. അനിൽ നടത്തിയ മർദന ദൃശ്യങ്ങൾ അയൽവാസിയായ 12വയസ്സുകാരൻ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഇത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കപ്പെട്ടതോടെയാണ് പത്ര-ദൃശ്യ മാധ്യമങ്ങൾ വാർത്തയാക്കിയത്. ഇതോടെയാണ് അനിൽ ഒളിവിൽ പോയത്. തിരുവല്ല പൊലീസ് അനിലിനെ പ്രതിയാക്കി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മൊബൈൽ ഫോൺ ഉപയോഗിക്കാത്ത പ്രതിയെ സംബന്ധിക്കുന്ന വിവരങ്ങൾ ജില്ല പൊലീസ് മേധാവികൾക്ക് കൈമാറിയിരുന്നു. ഇങ്ങനെ നടത്തിയ അന്വേഷണങ്ങൾക്ക് ഒടുവിലാണ് ചങ്ങനാശ്ശേരിയിലെ വിവിധ സ്ഥാപനങ്ങളിലായി ജോലിചെയ്തിരുന്ന ഇയാളെ പൊലീസ് പിടികൂടിയത്. പ്രായാധിക്യമായ പലവിധ അസുഖങ്ങളാൽ വലഞ്ഞ അനിലിെൻറ പിതാവ് എബ്രഹാമിെൻറ സംരക്ഷണച്ചുമതല രണ്ടുമാസം മുമ്പ് അടൂർ മഹാത്മ ജനസേവാകേന്ദ്രം ഏറ്റെടുത്തിരുന്നു. കോവിഡ് പരിശോധനക്ക് വിധേയനാക്കിയശേഷം പ്രതിയെ തിരുവല്ല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സി.ഐ വിനോദ്, എസ്.ഐ ആദർശ്, സി.പി.ഒമാരായ മനോജ്, രഞ്ജിത്, പീറ്റർ ദാസ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.