ജാതിയിൽ താഴ്ന്നവരോട് ഇപ്പോഴും കടുത്ത അവഗണന -മന്ത്രി റോഷി അഗസ്റ്റിൻ
text_fieldsതിരുവല്ല: രാജ്യത്തെമ്പാടും ജാതിയിൽ താഴ്ന്നവരോട് കടുത്ത അവഗണനയാണ് ഇപ്പോഴും നിലനിൽക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. പ്രത്യക്ഷ രക്ഷാദൈവസഭ സ്ഥാപകൻ പൊയ്കയിൽ ശ്രീകുമാര ഗുരുവിന്റെ 144ാമത് ജന്മദിന മഹോത്സവഭാഗമായി ഇരവിപേരൂർ ശ്രീകുമാർ നഗറിൽ വിദ്യാർഥി യുവജന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതത്തിന്റെ പേരിൽ വിവേചനം വർധിച്ച സാഹചര്യത്തിലാണ് നവോത്ഥാന നായകർ ഉയർന്നുവന്നതെന്ന് അദ്ദേഹം പറഞ്ഞു. ജാതിക്കെതിരെ പട പൊരുതിയവരിൽ പ്രധാനിയാണ് ശ്രീകുമാര ഗുരുദേവൻ. വേറിട്ട പ്രവർത്തനങ്ങളിലൂടെയാണ് പി.ആർ.ഡി.എസ് ഉയർന്നുവന്നത്. അടിയാളവർഗം എക്കാലവും പുറമ്പോക്കിലായിരുന്നു. ഗുരുദേവൻ ശ്രീമൂലം പ്രജാസഭയിൽ ആവശ്യപ്പെട്ടതെല്ലാമാണ് പിന്നീട് നടപ്പായതെന്നും മന്ത്രി പറഞ്ഞു.
ഡീൻ കുര്യാക്കോസ് എം.പി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് സിദ്ധാർഥ് ശിവ, കെ.യു. ജനീഷ്കുമാർ എം.എൽ.എ, ജോബ് മൈക്കിൾ എം.എൽ.എ, കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശബരീനാഥ്, യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുൽ കൃഷ്ണ, ഗുരുകുല ഉപദേഷ്ടാവ് പി.കെ. തങ്കപ്പൻ, ഹൈ കൗൺസിൽ അംഗങ്ങളായ സി.കെ. ജ്ഞാനശീലൻ, പി.ജി. ദിലീപ് കുമാർ, മുൻ യുവജനസംഘം വൈസ് പ്രസിഡന്റ് കെ.ടി. രാജീവ്, യുവജനസംഘം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ബിനീഷ് ഭാസുരൻ, ശ്രീരാജ് ശാന്തിപുരം, ശ്രീകുമാർ മല്ലപ്പള്ളി, ജയേഷ് എം.ബി, മേഖല പ്രതിനിധികളായ സുനിൽ കുഴിക്കാല, ഹർഷപ്രിയ, പി.ആർ.ഡി.എസ് ആർട്സ് ആൻഡ് സയൻസ് കോളജ് പ്രതിനിധി അമൽ പുത്തൻചിറ, പി.ആർ.ഡി.എസ് യു.പി സ്കൂൾ പ്രതിനിധി മാസ്റ്റർ രഞ്ജിത് ലാൽ സി.എസ്, സ്റ്റഡീക്ലാസ് പ്രതിനിധി കുമാരി അമൃത അനീഷ് എന്നിവർ സംസാരിച്ചു.
യുവജനസംഘം ജനറൽ സെക്രട്ടറി ടിജോ ടി.പി സ്വാഗതവും ജോയന്റ് സെക്രട്ടറി രാജീവ് മോഹൻ നന്ദിയും പറഞ്ഞു. സമ്മേളനത്തിനുശേഷം ചങ്ങനാശ്ശേരി ഹാർമോണിക മ്യൂസിക് ബാൻഡ് അവതരിപ്പിച്ച മ്യൂസിക് ഫ്യൂഷൻ, ആചാര്യകലാക്ഷേത്രം വിവിധ ശാഖകൾ അവതരിപ്പിച്ച കലാപരിപാടികൾ, തിരുവനന്തപുരം സംഘകേളി അവതരിപ്പിച്ച നാടകം 'മക്കളുടെ ശ്രദ്ധയ്ക്ക്' എന്നിവ അരങ്ങേറി.
പി.ആർ.ഡി.എസ് ആഘോഷം ഇന്ന് കൊടിയിറങ്ങും
തിരുവല്ല: പ്രത്യക്ഷരക്ഷാ ദൈവസഭ സ്ഥാപകൻ പൊയ്കയിൽ ശ്രീകുമാര ഗുരുവിന്റെ144ാം ജന്മദിന ആഘോഷ പരിപാടികൾ ശനിയാഴ്ച സമാപിക്കും. വെള്ളിയാഴ്ച രാവിലെ വിശുദ്ധ സന്നിധാനങ്ങളിൽ ദീപാരാധന നടന്നു. വൈകീട്ട് വിവിധ ശാഖകളിൽനിന്നുള്ള കലാകാരന്മാർ പരിപാടികൾ അവതരിപ്പിച്ചു.
വൈകീട്ട് ആചാര്യ കലാക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ ഗുരുഗാനങ്ങൾ കോർത്തിണക്കിയ 'പന്തമൊഴക്കം' സംഗീത പരിപാടി അരങ്ങേറി. ശനിയാഴ്ച രാവിലെ വിശുദ്ധ സന്നിധാനങ്ങളിൽ ദീപാരാധനക്കുശേഷം ഗുരുകുല സമിതിയുടെയും ഹൈ കൗൺസിലിന്റെയും സംയുക്ത യോഗം. വൈകീട്ട് അഞ്ചിന് കൊടിയിറക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.