പൊലീസ് ചമഞ്ഞ് പണവും സ്വർണാഭരണവും തട്ടിയ യുവാവ് പിടിയിൽ
text_fieldsതിരുവല്ല: പൊലീസ് ചമഞ്ഞ് നിരവധിപേരിൽനിന്ന് പണവും സ്വർണാഭരണവും തട്ടിയ യുവാവിനെ പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്ങന്നൂർ ഇടനാട് മാലേത്ത് പുത്തൻവീട്ടിൽ അനീഷാണ് (36) ചൊവ്വാഴ്ച രാവിലെയോടെ പിടിയിലായത്. തട്ടിപ്പ് സംബന്ധിച്ച് ഞായറാഴ്ച ലഭിച്ച പരാതിയെ തുടർന്ന് രണ്ടുദിവസമായി പൊലീസ് ഇയാൾക്കായി അന്വേഷണം നടത്തുകയായിരുന്നു. തട്ടിപ്പിന് ഇരയായ ആളുമായി ഇരമല്ലിക്കര പാലത്തിന് സമീപം പൊലീസ് സംഘം സംസാരിച്ചുനിൽക്കുന്നതിനിടെ അനീഷ് ബൈക്കിൽ അതുവഴി കടന്നുപോയി.
തട്ടിപ്പിന് ഇരയായയാൾ അനീഷിനെ തിരിച്ചറിഞ്ഞു. തുടർന്ന് പൊലീസ് ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. കാൽനടക്കാരെയും ഇരുചക്ര വാഹനയാത്രക്കാരെയും പൊലീസ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ പണവും സ്വർണാഭരണങ്ങളും തട്ടിയിരുന്നത്. കാക്കി പാന്റും കറുത്ത ഷൂസുമണിഞ്ഞ് ബൈക്കിൽ കറങ്ങുന്ന അനീഷ് മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരെ തടഞ്ഞുനിർത്തി പെറ്റി എന്ന പേരിൽ പണംവാങ്ങും.
ലൈസൻസും ഹെൽമറ്റുമില്ലാതെ യാത്രചെയ്യുന്ന ഇരുചക്ര വാഹന യാത്രക്കാരെ ബൈക്കിൽ പിന്തുടർന്ന് തടഞ്ഞുനിർത്തിയും ഇയാൾ പെറ്റിയുടെ പേരിൽ പണം തട്ടിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെ ഇയാൾ പുളിക്കീഴ് പൊലീസ് സ്റ്റേഷന് സമീപംവെച്ച് സ്കൂട്ടറിൽ വന്ന പരുമല സ്വദേശി വിജയന്റെ വാഹനം തടഞ്ഞശേഷം സ്കൂട്ടറിന്റെ രേഖകൾ കാണിക്കാൻ ആവശ്യപ്പെട്ടു. രേഖകൾ കൈവശമില്ലെന്ന് വിജയൻ പറഞ്ഞു. ഇതോടെ പണം ആവശ്യപ്പെട്ടു. ഇയാളുടെ പക്കൽനിന്ന് 5000 രൂപ കൈക്കലാക്കി. ലോൺ അടക്കാനുള്ള പണമാണിതെന്ന് വിജയൻ പറഞ്ഞെങ്കിലും അനീഷ് ചെവിക്കൊണ്ടില്ല. കാതിൽ കിടന്ന ഒരുഗ്രാം തൂക്കംവരുന്ന കടുക്കനും ഇയാൾ ഊരിയെടുത്തു.
തുടർന്ന് സ്റ്റേഷനിലേക്കെന്ന വ്യാജേന ബൈക്കിൽ കയറ്റിയ വിജയനെ പുളിക്കീഴ് പാലത്തിന് സമീപം ഇറക്കിവിട്ടശേഷം കടക്കുകയായിരുന്നു. തുടർന്ന് വിജയൻ നൽകിയ പരാതിയിലാണ് പ്രതി കുടുങ്ങിയത്. സമാനമായ തട്ടിപ്പുകൾ സംബന്ധിച്ച് അനീഷിനെതിരെ മൂന്ന് രണ്ട് പരാതികൾകൂടി ലഭിച്ചതായി എസ്.ഐ കവിരാജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.