തിരുവല്ല ബസ് അപകടം: രണ്ടു പേർ മരിച്ചു
text_fieldsതിരുവല്ല: എം.സി റോഡിലെ ഇടിഞ്ഞില്ലത്ത് നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിലിടിച്ച ശേഷം കടയിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ രണ്ടുപേർ തൽക്ഷണം മരിച്ചു. 22 പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്ന ചെങ്ങന്നൂർ പിരളശ്ശേരി കാഞ്ഞിരം പറമ്പിൽ ജെയിംസ് ചാക്കോ (31), ചെങ്ങന്നൂർ വെൺമണി പുലക്കടവ് ആൻസി ഭവനത്തിൽ ആൻസി (27) എന്നിവരാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ പാലക്കാട് സ്വദേശി സുഭാഷിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് നാലേകാലോടെയായിരുന്നു സംഭവം. കോട്ടയത്ത് നിന്നും തിരുവല്ലയിലേക്ക് വന്ന കെ.എസ്.ആർ.ടി.സി ബസ്സാണ് മുന്നിൽ പോയ സ്‌കൂട്ടർ യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചശേഷം സമീപത്തെ എമിറേറ്റ്സ് ഒപ്ടിക്കൽസ് എന്ന സ്ഥാപനത്തിലേക്ക് ഇടിച്ചു കയറിയത്. ബസിനടിയിൽ കുടുങ്ങിപ്പോയ ജെയിംസിനെയും ആൻസിയെയും ഓടിക്കൂടിയ നാട്ടുകാരും ഫയർ ഫോഴ്സും ചേർന്നാണ് പുറത്തെടുത്തത്. ഇരുവരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നതായി ജെയിംസിൻെറ ബന്ധുക്കൾ പറഞ്ഞു. ഏറ്റുമാനൂരിലെ സ്വകാര്യ കമ്പനിയിലെ അഭിമുഖത്തിൽ പങ്കെടുത്ത് മടങ്ങവെയായിരുന്നു അപകടം.
ബസിലെ യാത്രക്കാരായ കോഴഞ്ചേരി നാരങ്ങാനം കാട്ടൂർ കളരിപ്പറമ്പിൽ സജിനി (22), പത്തനംതിട്ട ആഴൂർ കച്ചിപ്പുഴയിൽ ആഷ്‌ന (22), വൈക്കം ശ്രീവത്സത്തിൽ ഹരിത (25), പത്തനംതിട്ട വാഴമുട്ടം ഈസ്റ്റ് വലിയമഠത്തിൽ സുമ (41), കരുനാഗപ്പള്ളി പുത്തൻചന്ത സോമശൈലത്തിൽ അനുപമ (20), തിരുവല്ല മഞ്ഞാടി കണിയാറയിൽ കെസിയ ആൻ ജോൺ(21), പത്തനംതിട്ട സ്വദേശികളായ അജയകുമാർ (47), മിനി പി.അജയൻ (45), ലിസി വർഗീസ് (50), അനില (23), മീര (30), കോട്ടയം സ്വദേശി ദിനേശൻ (60), കോഴഞ്ചേരി സ്വദേശി ബേബി (44), ചിറ്റാർ സ്വദേശി ജിനു (30), കോട്ടയം പാമ്പാടി സ്വദേശി വിത്സൻ, ചങ്ങനാശ്ശേരി ചീരഞ്ചിറ സ്വദേശി ചിന്നു (39), തിരുവല്ല സ്വദേശി സദാനന്ദൻ (58), ബസ് ഡ്രൈവർ കോട്ടയം കുമാരനെല്ലൂർ അജയ ഭവനിൽ എ.ജി അജയകുമാർ (38), കണ്ടക്ടർ കോട്ടയം സൗത്ത് പാമ്പാടി പള്ളിപ്പീടികയിൽ വിൽസൺ (40) എന്നിവരെ നിസാര പരിക്കുകളോടെ തിരുവല്ല താലൂക്ക് ആശുപത്രിയിലും പത്തനംതിട്ട വടക്കേപ്പുറം കുഴിത്തുണ്ടിയിൽ രേഷ്മാ ശങ്കർ (21) സഹോദരി രശ്മി ശങ്കർ (19), എന്നിവരെ പുഷ്പഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അപകടത്തിൽ കെ.എസ്.ആർ.ടി.സി ബസ് പൂർണ്ണമായും തകർന്നു. റോഡരികിൽ നിർത്തിയിട്ട കണ്ണാടി കടയിലെ സ്റ്റാഫിൻറെ രണ്ട് സ്‌കൂട്ടറുകളും ട്രോഫി മാൾ ഉടമയുടെകാറും ബസ്സിടിച്ച് തകർന്നു. ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതാണ് അപകട കാരണമെന്ന് തിരുവല്ല സി.ഐ പി.എസ് വിനോദ് പറഞ്ഞു.പരുക്കേറ്റവരിൽ 18 പേർ താലൂക്ക് ആശുപത്രിയിലും, രണ്ടു പേർ സ്വകാര്യ മെഡിക്കൽ കോളജ് ആശുപ്രതിയിലും ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.