അപകട മേഖലയായി തിരുവല്ല ബൈപാസ്; ഒപ്പം ഗതാഗതക്കുരുക്കും
text_fieldsതിരുവല്ല: അപകടങ്ങളും ഗതാഗതക്കുരുക്കും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ തിരുവല്ല ബൈപാസ് യാത്രക്കാർക്കും അധികൃതർക്കും ബുദ്ധിമുട്ടായി മാറുന്നു.
വേഗത്തിൽ ലക്ഷ്യ സ്ഥാനങ്ങളിലേക്ക് പോകാമെന്ന് കരുതി തിരുവല്ല ബൈപാസിലേക്ക് കടക്കുന്ന വാഹന യാത്രക്കാർ കുടുങ്ങിയത് തന്നെ. എം.സി റോഡിലെ മഴുവങ്ങാട് ചിറയിൽ നിന്ന് ആരംഭിച്ച് എം.സി റോഡിലെ രാമൻചിറയിൽ അവസാനിക്കുന്ന 2.5 കിലോമീറ്റർ ദൂരമുള്ള ബൈപാസിൽ തുടക്കം മുതൽ ഒടുക്കം വരെ ആറ് സിഗ്നൽ പോയന്റുകളാണ് യാത്രക്കാരെ കാത്തിരിക്കുന്നത്. ഏതാണ്ട് മൂന്ന് വർഷം മുമ്പ് കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറിന്റെ കാലത്താണ് തിരുവല്ല ബൈപാസ് ഉദ്ഘാടനം ചെയ്തത്.
അന്ന് ഉച്ചക്ക് 12 ഓടെ ഉദ്ഘാടനം കഴിഞ്ഞ ബൈപാസിൽ വൈകിട്ടോടെ വൈകിട്ടോടെ വാഹനങ്ങൾ കൂട്ടിയിടിച്ചുള്ള ആദ്യ അപകടം സംഭവിച്ചു. മൂന്ന് വർഷത്തിനിടെ മാത്രം ചെറുതും വലുതുമായ 80 ഓളം അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
ലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരണപ്പെട്ട സംഭവവും ഉണ്ടായി. ചിലങ്ക ജംഗ്ഷനിലും മല്ലപ്പള്ളി റോഡിന്റെ തുടക്കഭാഗത്തുമാണ് അപകടങ്ങൾ ഏറെയും. മല്ലപ്പള്ളി റോഡിന്റെ തുടക്കഭാഗത്ത് രണ്ട് വർഷം മുമ്പ് മന്ത്രി ചിഞ്ചുറാണി സഞ്ചരിച്ച ഔദ്യോഗിക വാഹനം അപകടത്തിൽപ്പെട്ടിരുന്നു.
സിഗ്നൽ പോയിന്റുകളിൽ ഏർപ്പെടുത്തിയ അശാസ്ത്രീയമായ സമയക്രമം മൂലം വാഹന യാത്രകൾക്ക് ഏറെ നേരം കാത്തു കിടക്കേണ്ട അവസ്ഥയും ഉണ്ട്. ആലപ്പുഴ മോഡൽ ഫ്ലൈ ഓവർ ബൈപാസ് ആണ് ഇവിടെ വിഭാവനം ചെയ്തിരുന്നത്. എന്നാൽ മറ്റ് ചില കാരണങ്ങളാൽ കേവലം രണ്ട് ഭാഗങ്ങളിൽ മാത്രം ഫ്ലൈ ഓവർ നിർമിച്ചു. സിഗ്നൽ പോയന്റുകളിലെ കാലതാമസമൂലം സ്ഥലപരിചയമുള്ള യാത്രക്കാരിൽ ഭൂരിഭാഗവും ബൈപാസ് ഉപേക്ഷിച്ച മട്ടാണ്. ഇതോടെ തിരുവല്ല നഗരത്തിൽ ഗതാഗതക്കുരുക്ക് വീണ്ടും പതിവായി. ബൈപാസിന്റെ പല ഭാഗങ്ങളിലും തെരുവ് വിളക്കുകൾ സ്ഥാപിക്കാത്തത് രാത്രികാലങ്ങളിൽ അപകടങ്ങൾക്ക് ഇടയാക്കുന്നു. ബൈപാസിന്റെ വശങ്ങളിൽ കക്കൂസ് മാലിന്യം അടക്കം തള്ളാനും വെളിച്ചമില്ലാത്തത് സൗകര്യമാകുന്നു. ബൈപാസിൽ ഒരിടത്തും നിരീക്ഷണ കാമറകളും സ്ഥാപിച്ചിട്ടില്ല. ബൈപാസിലെ അശാസ്ത്രീയത പരിഹരിച്ച് യാത്രാ ക്ലേശവും അപകടങ്ങളും ഒഴിവാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.