തിരുവല്ല നഗരസഭ റീൽസ് വിവാദം; സർഗാത്മകത പുറത്തെടുത്തു, സമ്മിശ്ര പ്രതികരണം
text_fieldsതിരുവല്ല: തിരുവല്ല നഗരസഭയിലെ ഒമ്പത് ജീവനക്കാർ തങ്ങളുടെ സർഗാത്മകതയെ ഒന്നുപൊലിപ്പിക്കാൻ ശ്രമിച്ചത് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്ത് ചർച്ചയാക്കിയപ്പോൾ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണം നിരന്നു. അവധി ദിനത്തിൽ ഓഫിസിനുള്ളിൽ നിന്നുതന്നെ റീൽസ് തട്ടിവിട്ടത് പുലിവാലാകുമെന്നും നടപടി ഉണ്ടാകുമെന്നും ജീവനക്കാരും പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് തദ്ദേശമന്ത്രി തന്നെ ഇവരുടെ രക്ഷക്കെത്തിയത്.
സർഗാത്മക പ്രവർത്തനമായി ഇതിനെ കണ്ടാൽ മതിയെന്നാണ് മന്ത്രി എം.ബി. രാജേഷിന്റെ പ്രതികരണം ജീവനക്കാർക്ക് രക്ഷയായി. സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കുന്ന റീൽസ് തന്നെയാണ് ജീവനക്കാരുടേതായി പുറത്തുവന്നത്.
പാട്ടിനൊപ്പം താളംപിടിച്ച് ചുവടുവച്ച് ഓഫീസ് ജോലികൾ ചെയ്യുന്ന തിരുവല്ല നഗരസഭയിലെ ജീവനക്കാർ പകർത്തിയ റീൽസിന് സമൂഹമാധ്യമങ്ങളിൽ കുറഞ്ഞ ദിവസങ്ങ കൊണ്ട് വൻപ്രതികരണമാണ് ലഭിച്ചത്. വനിത ജീവനക്കാർ അടക്കം പാട്ടിനൊപ്പം ചുണ്ടനക്കി പാടുന്നതായി അഭിനയിച്ച് ഫയൽ കൈമാറുന്ന ചിത്രങ്ങളാണ് റീൽസിലുള്ളത്.
റീൽസ് വിവാദമായതിനു പിന്നാലെ നഗരസഭ സെക്രട്ടറി വിശദീകരണം തേടിയിരുന്നു. ചിത്രീകരണം നടത്തിയത് ജോലി സമയത്തല്ലെന്ന വിശദീകരണമാണ് ജീവനക്കാർ നൽകിയത്. മഴക്കെടുതിയുമായി ബന്ധപ്പെട്ട് ദുരന്തനിവാരണ അതോറിറ്റി ചെയർമാനെന്ന നിലയിൽ കലക്ടർ നൽകിയ ഉത്തരവ് പ്രകാരം ജോലി ചെയ്ത ഞായറാഴ്ചയാണ് ചിത്രീകരണം നടന്നത്.
അതും ഉച്ചഭക്ഷണ സമയത്തെ ഇടവേളയിലാണെന്നും വിശദീകരിക്കുന്നു. സെക്രട്ടറി അവധിയായിരുന്നതിനാൽ സീനിയർ സൂപ്രണ്ടിന് ഒമ്പതു പേരുംമറുപടി നൽകിയിരുന്നു. വിഡിയോയിൽ അഭിനയിച്ചവരുടെ പ്രതികരണം തേടിയപ്പോൾ തങ്ങളെ ഇനി ഉപദ്രവിക്കരുതെന്ന അഭ്യർഥനായാണ് ജീവനക്കാർ മുന്നോട്ട് വെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.