ഉദ്ഘാടനശേഷം ഇതുവരെ കവാടം തുറന്നിട്ടില്ല; തിരുവല്ല നഗരസഭ ഷീ ലോഡ്ജ് അനാഥം
text_fieldsതിരുവല്ല: നഗരത്തിൽ എത്തുന്ന സ്ത്രീകൾക്ക് സുരക്ഷിത താവളം ഒരുക്കാൻ അരക്കോടി ചെലവഴിച്ച് നഗരസഭ നിർമിച്ച ഷീ ലോഡ്ജ് കെട്ടിടം അനാഥമാകുന്നു.
തിരുവല്ല വൈ.എം.സി.എ ജങ്ഷന് സമീപം നഗരസഭയുടെ ഉടമസ്ഥതയിലുള്ള ലക്ഷങ്ങൾ വിലമതിക്കുന്ന ഭൂമിയിൽ രണ്ടു വർഷം മുമ്പ് നിർമിച്ച കെട്ടിടമാണ് നാഥനില്ലാക്കളരിയായി നാശത്തിലേക്ക് നീങ്ങുന്നത്.
ജനകീയ ആസൂത്രണ പദ്ധതി പ്രകാരം നിർമിച്ച കെട്ടിടമാണിത്. 2020 ആഗസ്റ്റ് 13ന് നിർമാണം ആരംഭിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം 2022 ഏപ്രിൽ 30ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് നിർവഹിച്ചത്. ചുറ്റുമതിലോട് കൂടിയ കെട്ടിടത്തിൽ ആറുമുറിയാണുള്ളത്.
ഉദ്ഘാടന ശേഷം അടഞ്ഞ പ്രധാന കവാടം പിന്നീട് തുറന്നിട്ടില്ല. അടിത്തറ നിർമാണത്തിൽ അടക്കം നിരവധി അപാകതയുണ്ടെന്ന് സാങ്കേതിക പരിജ്ഞാനമുള്ളവർ ചൂണ്ടിക്കാട്ടുന്നുണ്ട്. അടിത്തറയുടെ ഉയരം കുറവായതിനാൽ സെപ്റ്റിക് ടാങ്കിൽനിന്ന് മലിനജലം പുറത്തേക്ക് ഒഴുകുന്ന അവസ്ഥ ഉദ്ഘാടന ദിവസം തന്നെ സംഭവിച്ചിരുന്നു. ജനുവരിയിലെ നവകേരള സദസ്സിൽ കെട്ടിടം തുറന്നു പ്രവർത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവല്ല വിജിലൻസ് കൗൺസിൽ നിവേദനം നൽകിയിരുന്നു.
ഇതിന്റെ ഭാഗമായി നഗരസഭയിൽനിന്ന് ലഭിച്ച മറുപടിയിൽ വൈദ്യുതി, ശുദ്ധജല കണക്ഷൻ ലഭിച്ചതായും ഉടൻ കെട്ടിടം പ്രവർത്തന ക്ഷമമാകുമെന്നും പറഞ്ഞിരുന്നു. അനാഥമായി കിടക്കുന്ന കെട്ടിടം ഇപ്പോൾ ഇഴജന്തുക്കളുടെയും സാമൂഹിക വിരുദ്ധരുടെയും താവളമായി മാറിയിരിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു.
വർക്കിങ് വിമൻസ് ഹോസ്റ്റലാക്കി മാറ്റിക്കൊണ്ട് കെട്ടിടം ഉപയോഗ യോഗ്യമാക്കാനുള്ള നടപടി സ്വീകരിക്കാൻ അധികൃതർ തയാറാകണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
അക്വാട്ടിക് അസോസിയേഷന്റെയും നഗരസഭയുടെയും ഫണ്ട് ഉപയോഗിച്ച് 80 ലക്ഷത്തോളം രൂപ ചെലവഴിച്ച് പുഷ്പഗിരി റോഡിനോട് ചേർന്ന് 12 വർഷം മുമ്പ് നിർമിച്ച നീന്തൽകുളം ഉദ്ഘാടനംപോലും നിർവഹിക്കാനാവാതെ അനാഥമായി കിടക്കുകയാണ്. സമാനമായ അവസ്ഥയാണ് ഷീ ലോഡ്ജ് കെട്ടിടത്തിനും ഉണ്ടാകാൻ പോകുന്നത് എന്നതാണ് നാട്ടുകാരുടെ അഭിപ്രായം.
അതേസമയം, നിർമാണത്തിൽ അപാകത സംഭവിച്ചിട്ടുണ്ടോയെന്ന് അറിയാൻ നഗരസഭ എൻജിനീയറിങ് വിഭാഗത്തിന്റെ പരിശോധന ആവശ്യമുണ്ടെന്നും അതിനുള്ള നടപടി പുരോഗമിക്കുകയാണെന്നും നഗരസഭ സെക്രട്ടറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.