ആളെ കുടുക്കി തിരുവല്ല റവന്യൂ ടവർ ലിഫ്റ്റ്
text_fieldsതിരുവല്ല: റവന്യൂ ടവറിലെ ലിഫ്റ്റില്‍ വീണ്ടും യാത്രക്കാർ കുടുങ്ങി. വ്യാഴാഴ്ച രാവിലെ 11 ഓടെയാണ് ഗ്ലാസ് ലിഫ്റ്റില്‍ ആളുകള്‍ കുടുങ്ങിയത്. എണ്ണത്തില്‍ കൂടുതല്‍ ആളുകള്‍ കയറിയതോടെ ലിഫ്റ്റ് നിലക്കുകയായിരുന്നു. ഏഴുപേര്‍ക്ക് കയറാവുന്ന ലിഫ്റ്റില്‍ 11 പേരാണ് കയറിയത്. 10 മിനിറ്റിനുള്ളില്‍ ഇലക്ട്രീഷന്‍ എത്തി റിവേഴ്സ് ഗിയര്‍ ഉപയോഗിച്ച് ലിഫ്റ്റ് താഴെ എത്തിച്ച് യാത്രികരെ പുറത്തെത്തിച്ചു.
ടവറിലെ ലിഫ്റ്റുകള്‍ തുടർച്ചയായി തകരാറിലാവുകയാണ്. അറ്റകുറ്റപ്പണിക്കുശേഷം ബുധനാഴ്ചയാണ് ഗ്ലാസ് ലിഫ്റ്റ് പ്രവര്‍ത്തിച്ചുതുടങ്ങിയത്. ഏപ്രില്‍ രണ്ടിന് ടവറിന്റെ മുന്‍ഭാഗത്തെ പ്രധാന ലിഫ്റ്റില്‍ രണ്ടുപേര്‍ കുടുങ്ങിയിരുന്നു. അന്നുമുതല്‍ ഈ ലിഫ്റ്റ് പ്രവര്‍ത്തിക്കുന്നില്ല. ഈ ലിഫ്റ്റിന്റെ വാതില്‍ അഴിച്ചെടുത്ത് കമ്പനിയില്‍ കൊണ്ടുപോയി അറ്റകുറ്റപ്പണി നടത്തണം. ടവര്‍ തുടങ്ങിയ കാലത്ത് മൂന്ന് ലിഫ്റ്റിനാണ് പദ്ധതി ഇട്ടത്.
മുന്‍ഭാഗത്ത് രണ്ടും മധ്യഭാഗത്ത് ഗ്ലാസ് ലിഫ്റ്റും. ഇതില്‍ മുന്‍ഭാഗത്തെ ഒരെണ്ണം തുടക്കം മുതല്‍ പ്രവര്‍ത്തിച്ചില്ല. മറ്റ് ലിഫ്റ്റുകള്‍ ഒന്നും പ്രവര്‍ത്തിക്കാത്തതിനാല്‍ ഗ്ലാസ് ലിഫ്റ്റില്‍ തിരക്കാണ്. ഇപ്പോള്‍ ഓപറേറ്റര്‍ തസ്തികയില്‍ ജീവനക്കാരില്ല. സാധാരണക്കാരായ യാത്രക്കാര്‍ക്ക് ലിഫ്റ്റില്‍ എത്രപേര്‍ കയറാമെന്ന ധാരണയുമില്ല. ഹൗസിങ് ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള ടവറില്‍ ഇപ്പോള്‍ ഏഴ് താൽക്കാലിക ജീവനക്കാര്‍ മാത്രമാണുള്ളത്.
ഇവര്‍ ശുചീകരണം, സെക്യൂരിറ്റി എന്നീ വിഭാഗത്തിലാണുള്ളത്. സ്ഥിരം എന്‍ജിനീയര്‍ ഇല്ലാതായി. 30 സര്‍ക്കാര്‍ ഓഫിസുകള്ക്കുപുറമെ നിരവധി സ്വകാര്യസ്ഥാപനങ്ങളും ടവറിലുണ്ട്. വാടകയുടെ 10 ശതമാനം കോമണ്‍ അമിനിറ്റി ഫീസായി എല്ലാവരില്‍നിന്നും ഈടാക്കുന്നുണ്ട്. മുമ്പ് തിരുവല്ലയിലെ ബോര്‍ഡ് എക്സിക്യൂട്ടിവ് എന്‍ജിനീയറുടെ പേരിലുള്ള അക്കൗണ്ടിലായിരുന്നു ഈ പണം എത്തിയിരുന്നത്.
ലിഫ്റ്റ് പ്രവര്‍ത്തനം അടക്കമുള്ള കാര്യങ്ങള്‍ക്ക് ഈ പണം ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ ബോര്‍ഡിന്റെ തിരുവനന്തപുരത്തെ ആസ്ഥാനത്തുള്ള ബാങ്ക് അക്കൗണ്ടിലേക്കാണ് പണം പോകുന്നത്. ടവറിലെ അടിസ്ഥാനകാര്യങ്ങള്‍ ഉറപ്പാക്കാന്‍ പണം ലഭ്യമാകാതിരിക്കുന്നത് ഇതുമൂലമാണെന്ന് ടെനന്റ്സ് അസോസിയേഷന് ആരോപിക്കുന്നു. നഗരസഭയില്‍ ടവറിന്റെ നികുതി കൃത്യമായി ഒടുക്കാത്തതിനാല്‍ പലര്‍ക്കും വ്യാപാര ലൈസന്‍സ് പുതുക്കിക്കിട്ടുന്നുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.