പ്രളയം ഒഴിയാതെ തിരുവല്ല താലൂക്ക്
text_fieldsതിരുവല്ല: മഴക്ക് വ്യാഴാഴ്ച ആൽപം ശമനം ഉണ്ടായെങ്കിലും തിരുവല്ല താലൂക്കിൽ പ്രളയമൊഴിയുന്നില്ല. പമ്പ, മണിമല നദികളിൽ ശക്തമായ ഒഴുക്ക് തുടരുന്നതിനാൽ ജലനിരപ്പ് ഇനിയും ഉയരാനാണ് സാധ്യത. എം.സി റോഡിലും തിരുവല്ല-അമ്പലപ്പുഴ സംസ്ഥാനപാതയിലും ഗതാഗതം ഭാഗികമായി മുടങ്ങി. എം.സി റോഡിൽ തിരുമൂലപുരത്തിന് സമീപം വെള്ളക്കെട്ട് കടക്കാൻ മണിക്കൂറുകളോളം കാത്തുകിടക്കേണ്ട അവസ്ഥയായിരുന്നു. ഒരു വരിയായാണ് വാഹനങ്ങൾ കടത്തിവിട്ടത്. തിരുവല്ല-അമ്പലപ്പുഴ സംസ്ഥാനപാതയിൽ നെടുമ്പ്രത്തെ വലിയ വെള്ളക്കെട്ടുമൂലം കെ.എസ്.ആർ.ടി.സി സർവിസുകൾ നിർത്തിവെച്ചു. തിരുവല്ല-കായംകുളം സംസ്ഥാനപാതയിൽ പുളിക്കീഴ് പള്ളിക്ക് സമീപത്തെ വെള്ളക്കെട്ട് ഇതുവഴിയുള്ള ഗതാഗതം ദുരിതത്തിലാക്കി. നാട്ടുകാർ റോഡിലെ വെള്ളക്കെട്ടിലിറങ്ങിയാണ് വാഹനങ്ങൾ കടത്തിവിട്ടത്. കടപ്ര വീയപുരം-ഹരിപ്പാട് ലിങ്ക് ഹൈവേ ഉൾപ്പെടെ പല റോഡുകളും വെള്ളം കയറി. നിരണം, പെരിങ്ങര, കുറ്റൂർ വില്ലേജുകളിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. തൊഴുത്തുകളിൽ വെള്ളം കയറിയതിനാൽ കന്നുകാലികളെ മാറ്റിക്കെട്ടാൻ ഇടമില്ലാതെ ക്ഷീര കർഷകർ ബുദ്ധിമുട്ടുന്നുണ്ട്. താലൂക്കിലെ പല സ്ഥലത്തും വൈദ്യുതി ബന്ധവും നിലച്ചു.
ഇതോടെ വീടുകളിൽ ഒറ്റപ്പെട്ട് കഴിയുന്നവർക്ക് പുറംലോകവുമായി ബന്ധപ്പെടാനും സാധിക്കുന്നില്ല. തിരുവല്ല താലൂക്കിലാണ് ഏറ്റവും കൂടുതൽ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർ പനിയും മറ്റ് പകർച്ചവ്യാധികളും പടരാതിരിക്കാൻ പ്രത്യേക ശ്രദ്ധചെലുത്തണമെന്ന് ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.