വിലപേശലെന്ന് സൂചന; ഡി.സി.സി നിർദേശം തള്ളി തിരുവല്ല നഗരസഭ അധ്യക്ഷ
text_fieldsതിരുവല്ല: വെള്ളിയാഴ്ച രാജിവെക്കണമെന്ന ഡി.സി.സി പ്രസിഡന്റിന്റെ നിർദേശം തിരുവല്ല നഗരസഭ അധ്യക്ഷ അനു ജോര്‍ജ് പാലിച്ചില്ല. ഇതോട മറ്റ് സ്ഥാനങ്ങൾക്കായി അനു ജോർജ് വിലപേശി നിൽക്കുകയാണെന്ന സൂചനയാണ് പാർട്ടി വൃത്തങ്ങൾ നൽകുന്നത്.
യു.ഡി.എഫ് ധാരണ അനുസരിച്ച് കേരള കോണ്‍ഗ്രസ് പ്രതിനിധിയായ വൈസ് ചെയര്മാന് ജോസ് പഴയിടം വെളളിയാഴ്ച രാജി നല്‍കുകയും ചെയ്തു. അനു ജോര്‍ജ് പാര്‍ട്ടി നിർദേശം അനുസരിക്കാതിരുന്നതോടെ തിരുവല്ല നഗരസഭയില്‍ ഭരണം നഷ്ടപ്പെടുമോയെന്ന ആശങ്കയിലായി യു.ഡി.എഫ്.
പത്തനംതിട്ട ജില്ലയില്‍ യു.ഡി.എഫ് ഭരിക്കുന്ന ഏക നഗരസഭയാണ് തിരുവല്ല. ഉടന്‍ രാജിവെക്കണമെന്നും അല്ലെങ്കില്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും കാട്ടി ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ വെള്ളിയാഴ്ച വൈകീട്ട് വീണ്ടും അനുവിന് കത്ത് നല്‍കിയിട്ടുണ്ട്. വിപ്പായാണ് ഈ കത്തിനെ പരിഗണിക്കുക. ലംഘിക്കപ്പെട്ടാല്‍ കൂറുമാറ്റ നിരോധന നിയമ പ്രകാരമുള്ള നടപടികള്‍ പാര്‍ട്ടിക്ക് സ്വീകരിക്കാം.
കഴിഞ്ഞ ഭരണസമിതിയില്‍ കോണ്‍ഗ്രസ് ജില്ല നേതൃത്വത്തിന്റെ അന്തിമ നിർദേശം അംഗീകരിക്കാതെ രാജിവെക്കാതിരുന്ന ചെയര്മാന് കെ.വി. വര്‍ഗീസിനെ പിന്നീട് അയോഗ്യനാക്കിയിരുന്നു. 39 അംഗ കൗണ്‍സിലില്‍ 17 അംഗങ്ങളുടെ ബലത്തിലാണ് യു.ഡി.എഫ് ഭരണം നടത്തുന്നത്. ധാരണ പ്രകാരം കോണ്‍ഗ്രസ് പ്രതിനിധിയായ അനു ജോര്‍ജ് ഏപ്രില്‍ അഞ്ചിന് രാജി നല്‍കേണ്ടിയിരുന്നതാണ്.
ലോക്സഭ തെരഞ്ഞെടുപ്പായതിനാല്‍ നീണ്ടു. മേയ് 17ന് രാജിവെക്കണമെന്ന് കാണിച്ച് 15ന് ഡി.സി.സി പ്രസിഡന്റ് രേഖാമൂലം കത്ത് നല്കി. അടുത്ത ഊഴത്തില്‍ ചെയര്പേഴ്സൻ സ്ഥാനം കേരള കോണ്‍ഗ്രസിനും വൈസ് ചെയര്മാന് സ്ഥാനം കോണ്‍ഗ്രസിനുമാണ് യു.ഡി.എഫില്‍ നിശ്ചയിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.