കനത്ത മഴയും കാറ്റും; നെഞ്ചുരുകി അപ്പര്‍കുട്ടനാട്
text_fieldsതിരുവല്ല: അപ്രതീക്ഷിതമായി പെയ്ത വേനല്‍ മഴയും കനത്ത കാറ്റും പത്തനംതിട്ട ജില്ലയുടെ പ്രധാന നെല്ലറയായ അപ്പര്‍കുട്ടനാട്ടിലെ കര്‍ഷകരെ കണ്ണീരിലാഴ്ത്തുന്നു. നെല്‍കൃഷിയുടെ തുടക്കം മുതൽ ഇത്തവണയേറ്റ തിരച്ചടി ഒടുക്കം വേനല്‍മഴയുടെ രൂപത്തിലും കർഷകരെ ദുരിതത്തിലാക്കുകയാണ്.
കഴിഞ്ഞ നാലുദിവസമായി പെയ്യുന്ന കനത്ത മഴയിൽ മേഖലയിലെ ഒട്ടുമിക്ക പാടങ്ങളിലും കൊയ്ത്തിന് പാകമായ നെല്‍ച്ചെടികൾ വീണുകിടക്കുകയാണ്. 80 മുതല്‍ 120 ദിവസം വരെ പ്രായമായ നെല്‍ച്ചെടികളുള്ള പാടശേഖരങ്ങളാണ് പ്രധാനമായും പ്രതിസന്ധി നേരിടുന്നത്.
നാലുദിവസമായി മേഖലയില്‍ മാറിമാറി മഴപെയ്യുന്നു. രണ്ടുവട്ടം കനത്ത മഴയാണ് പെയ്തത്. ദിവസവും മഴക്ക് അകമ്പടിയായി കാറ്റും എത്തി.
ജില്ലയിലെ നെല്ലുൽപാദനത്തിന്‍റെ 70 ശതമാനവും പെരിങ്ങര, കടപ്ര, നിരണം, നെടുമ്പ്രം പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍നിന്നാണ് ലഭിക്കുന്നത്. ജില്ലയിലെ ഏറ്റവും വലിയ പാടശേഖരങ്ങളുടെ ഗണത്തിലുളള പടവിനകം എ, ബി, വേങ്ങൽ ഇരുകര, കൈപ്പാല കിഴക്ക്, കൈപ്പാല പടിഞ്ഞാറ്, വേങ്ങൽപാടം, കരിച്ചെമ്പ്, തോട്ടു പുറം, അഞ്ചടി വേളൂര്‍മുണ്ടകം തുടങ്ങിയ പാടങ്ങള്‍ ഒരാഴ്ച കഴിയുമ്പോള്‍ വിളവെടുപ്പിലേക്ക് കടക്കാനിരിക്കെയാണ് മഴയെത്തിയത്. 115 ദിവസം വിളവുവേണ്ട 'ജ്യോതി' വിത്താണ് ഇവിടെ വിതച്ചത്. നൂറുദിവസം പിന്നിട്ടു.
കരുത്തില്‍ തലയുയര്‍ത്തിയ കതിരുകള്‍ കാറ്റില്‍ നിലംപതിച്ചു. കനത്തമഴ പാടത്തെ മുക്കുകയും ചെയ്യുന്നു. വട്ടമടിക്കുന്ന കാറ്റില്‍ തലങ്ങും വിലങ്ങുമാണ് നെൽ ചെടികള്‍ പതിച്ചിരിക്കുന്നത്.
ചാത്തങ്കരി, കോടങ്കരി പാടങ്ങളില്‍ കതിര് ഉറച്ചിട്ടില്ല. 80 ദിവസം മാത്രം പിന്നിട്ട പാടങ്ങളുമുണ്ട്. ഇവിടെ കതിര് ചാടിയതേയുള്ളൂ. ഇവ നിലത്തുവീണാല്‍ കതിരിലെ പാൽ ഉറക്കാതെ പതിരായി മാറും.
വേളൂര്‍മുണ്ടകം പാടത്ത് 95 ദിവസം പിന്നിട്ടതാണ് കൃഷി. 130 ദിവസം വിളവെടുപ്പ് പ്രായം വേണ്ട 'ഡി വണ്‍' വിത്താണ് വിതച്ചത്. വന്‍തോതില്‍ നെല്‍ച്ചെടി ഇവിടെ വീണിട്ടുണ്ട്. വിളവെടുപ്പിന് മുമ്പുള്ള മഴ ഗുണമാണെങ്കിലും കാറ്റാണ് വില്ലനായി മാറിയത്.
തോരാത്ത മഴയും ആവര്‍ത്തിച്ച വെള്ളപ്പൊക്കവും മൂലം ജില്ലയിലെ ഭൂരിപക്ഷം പാടശേഖരങ്ങളിലും കാര്‍ഷിക കലണ്ടര്‍ മാറിമറിഞ്ഞതാണ് ഈ സീസണിലെ കാഴ്ച. നവംബറില്‍ തുടങ്ങേണ്ട വിത ഇത്തവണ ഡിസംബര്‍ അവസാനമാണ് നടന്നത്.
വലിയ പാടശേഖരങ്ങളെല്ലാം ഏതാണ്ട് ഒരേസമയത്ത് തന്നെ കൃഷിയിറക്കി. തുലാവര്‍ഷം നീണ്ടതുമൂലം വിത താമസിച്ചു. അതിന് അനുപാതമായി വേനല്‍മഴയുടെ സമയം നീളുമെന്നായിരുന്നു കര്‍ഷകപ്രതീക്ഷ. പക്ഷേ പ്രതീക്ഷ തെറ്റിച്ച് വേനല്‍മഴ കൃത്യമായി എത്തിയതോടെ 2008ലേതിന് സമാനമായി വിളനാശം ഉണ്ടാകുമെന്ന ഭയാശങ്കയിലാണ് കര്‍ഷകര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.