അപ്പർ കുട്ടനാട് വെള്ളപ്പൊക്ക ഭീഷണിയിൽ
text_fieldsതിരുവല്ല: കനത്തുപെയ്യുന്ന മഴയെത്തുടർന്ന് അപ്പർ കുട്ടനാടൻ മേഖല വെള്ളപ്പൊക്ക ഭീഷണിയിൽ. താലൂക്കിലാകമാനം മൂന്ന് ദുരിതാശ്വാസ ക്യാമ്പ് തുറന്നു. നാല് വീട് മരം വീണ് ഭാഗികമായി തകർന്നു. ഗ്രാമീണ റോഡുകളിലടക്കം വെള്ളം കയറി. വീടുകളിൽ വെള്ളം കയറിയതോടെ പലരും ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടി.
തോട്ടപ്പുഴശ്ശേരി പഞ്ചായത്തിൽ രണ്ടും കടപ്രയിൽ ഒരു ക്യാമ്പുമാണ് തുറന്നത്. മൂന്ന് ക്യാമ്പിലുമായി 16 കുടുംബങ്ങളിലെ 38 പേരെ മാറ്റിപ്പാർപ്പിച്ചു. തോട്ടപ്പുഴശ്ശേരി, കടപ്ര, നിരണം പഞ്ചായത്തുകളിലാണ് വെള്ളപ്പൊക്കം ഏറെ ദുരിതം വിതച്ചിരിക്കുന്നത്.
വെള്ളപ്പൊക്ക മുന്നൊരുക്കത്തിന്‍റെ ഭാഗമായി ചെന്നൈ ആരക്കോണത്തുനിന്നുമുള്ള 25 അംഗ എൻ.ഡി.ആർ.എഫ് സംഘം തിരുവല്ലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
ഇരവിപേരൂർ പ്രയാറ്റ് കുളത്തിന് സമീപത്തെ നാലു വീട്ടിൽ വെള്ളംകയറി. കാവുംഭാഗം-ചാത്തങ്കരി റോഡിൽ പെരിങ്ങര മൂവിടത്തുപടിയിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം നിലച്ചു. പെരിങ്ങര പഞ്ചായത്ത് ഓഫിസിലും വെള്ളം കയറി. നിരണം-വീയപുരം ലിങ്ക് ഹൈവേയിൽ പലഭാഗങ്ങളിലും വെള്ളം കയറിയത് യാത്രക്കാർക്ക് ദുരിതമായി. കടപ്ര പഞ്ചായത്ത് അഞ്ചാം വാർഡിൽ തെക്ക് പെട്രോൾ പമ്പിന് സമീപം പുത്തൻപുരയിൽ ലീലാമ്മ ഡാനിയലിന്‍റെ വീട്ടിലെ കിണർ ഇടിഞ്ഞു.
പഞ്ചായത്ത് പ്രസിഡന്‍റ് നിഷ അശോകൻ സ്ഥലം സന്ദർശിച്ചു. ഞായറാഴ്ച പുലർച്ചയാണ് കനത്തമഴ തുടങ്ങിയത്. പകൽ മഴമാറിയെങ്കിലും തിങ്കളാഴ്ച രാത്രിയും ഇടിമിന്നലോടെ പെയ്ത മഴ ചൊവ്വാഴ്ച രാവിലെവരെ തുടർന്നു.
കനത്തമഴയിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടത് ജനജീവിതത്തെ സാരമായി ബാധിച്ചു. നിരണം കൊമ്പങ്കേരിയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് 27 കുടുംബങ്ങൾ ഒറ്റപ്പെട്ടു. പമ്പയാറിന്‍റെ കൈവഴിയായ അരീത്തോട് കരകവിഞ്ഞതിനെ തുടർന്ന് ചൊവ്വാഴ്ച രാവിലെ പ്രദേശത്താകെ വെള്ളം കയറി.
വീടുകൾ എല്ലാം വെള്ളത്താൽ ചുറ്റപ്പെട്ടു കഴിഞ്ഞു. ഇനിയും ജലനിരപ്പ് ഉയർന്നാൽ വീടുകൾക്കുള്ളിൽ വെള്ളംകയറുന്ന സ്ഥിതിയാണ്. അടിയന്തര സാഹചര്യം ഉണ്ടായാൽ പ്രദേശവാസികളെ മാറ്റിപ്പാർപ്പിക്കാനായി ദുരിതാശ്വാസ ക്യാമ്പ് സജ്ജമാക്കി. കനത്തമഴയെ തുടർന്ന് രണ്ടു ദിവസമായി നാലു വീടിന് നാശം സംഭവിച്ചു.
കഴിഞ്ഞ ദിവസം തിരുവല്ല ആമല്ലൂർ പന്തിരുകാലായിൽ ജ്യോതിസിന്‍റെ വീട് ഭാഗികനാശം സംഭവിച്ചു. ആമല്ലൂർ കുഴിയാത്ത് നിഷാന്ത് വർഗീസിന്‍റെ വീടിന്‍റെ കുറേഭാഗം ഇടിഞ്ഞു.
കവിയൂർ ഗണപതിക്കുന്നിൽ ഇടശ്ശേരി മേപ്രത്ത് രഘുവിന്‍റെ വീടിനും ഭാഗികനാശം സംഭവിച്ചു. ചാത്തങ്കരി ചേരിപ്പറമ്പിൽ ജിബിന്‍റെ വീടിന്‍റെ മേൽക്കൂര മരംവീണ് തകർന്നു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ശക്തമായി പെയ്ത മഴക്കിടെ മരം വീടിന് മുകളിലേക്ക് കടപുഴകുകയായിരുന്നു. റവന്യൂ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.