വിപ്പ് ലംഘനം; സസ്പെൻഷനിലായ കൗൺസിലർ കോൺഗ്രസ് വിടുന്നു: പിന്തുണയുമായി ഭർത്താവും
text_fieldsതിരുവല്ല: വിപ്പ് ലംഘിച്ച് വോട്ട് ചെയ്തതിന്റെ പേരിൽ കോൺഗ്രസിൽനിന്ന് മാറ്റിനിർത്തിയ തിരുവല്ല നഗരസഭ കൗൺസിലറും മുൻ ചെയർപേഴ്സനുമായ ബിന്ദു ജയകുമാറും ഭാര്യയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നഗരസഭ മുൻ ചെയർമാനും തിരുവല്ല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായിരുന്ന ഭർത്താവ് ആർ. ജയകുമാറും പാർട്ടി വിടുമെന്ന അഭ്യൂഹം ഉയരുന്നു. ബിന്ദുവിനെ സസ്പെൻഡ് പെയ്തുകൊണ്ടുള്ള കത്ത് ശനിയാഴ്ച വൈകീട്ടോടെയാണ് ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് ബിന്ദുവും ഭർത്താവ് ആർ. ജയകുമാറും പാർട്ടി ഉപേക്ഷിച്ചേക്കുമെന്ന സൂചന പുറത്തുവരുന്നത്.
ജൂൺ 16ന് നടന്ന നഗരസഭ വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിൽ ബിന്ദുവിന്റെ വോട്ട് അസാധുവായിരുന്നു. ഇക്കാര്യത്തിൽ ബിന്ദുവിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡി.സി.സി നേതൃത്വം അച്ചടക്ക നടപടിയിലേക്ക് നീങ്ങിയത്. യു.ഡി.എഫ് സ്ഥാനാർഥി മാത്യു ചാക്കോക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നേതൃത്വം അംഗങ്ങൾക്ക് വിപ്പ് നൽകിയിരുന്നു. എന്നാൽ, വോട്ടിങ് വേളയിൽ വോട്ട് രേഖപ്പെടുത്തേണ്ട സ്ഥാനത്ത് ബിന്ദു, സ്വന്തം പേര് എഴുതിവെക്കുകയായിരുന്നു.
ബിന്ദുവിനെ കൂടാതെ മുൻ ചെയർപേഴ്സനും കേരള കോൺഗ്രസ് ജോസഫ് വിഭാഗം അംഗവുമായ ഷീല വർഗീസിന്റെ വോട്ടും അസാധുവായിരുന്നു. യു.ഡി.എഫ്-എൽ.ഡി.എഫ് അംഗബലം ഒരുപോലെ വന്നതിനെ തുടർന്ന് നടന്ന നറുക്കെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന ജിജി വട്ടശ്ശേരിൽ വൈസ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വോട്ട് അസാധുവായത് മനഃപൂർവമല്ലെന്ന് ബിന്ദു, ഡി.സി.സിക്ക് വിശദീകരണം നൽകിയെങ്കിലും തൃപ്തികരവുമല്ലാത്ത സാഹചര്യത്തിലാണ് നടപടി.
ബിന്ദുവിനെയും ജയകുമാറിനെയും സി.പി.എം, ബി.ജെ.പി നേതൃത്വം ഇതിനകം ബന്ധപ്പെട്ടിട്ടുണ്ട്. എന്നാൽ, വിഷയത്തിൽ കൃത്യമായ പ്രതികരണം നടത്താൻ ഇരുവരും തയാറായിട്ടില്ല. അതേസമയം, കോൺഗ്രസ് സെമി കേഡർ പാർട്ടിയാണെന്നും ആര് വിട്ടുപോയാലും ഒരു ക്ഷീണവും സംഭവിക്കില്ലെന്നും ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ പ്രതികരിച്ചു. കടപ്ര ഗ്രാമപഞ്ചായത്തിൽ നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിപ്പ് ലംഘിച്ച് വോട്ടിങ്ങിൽനിന്ന് വിട്ടുനിന്നതിന്റെ പേരിൽ കോൺഗ്രസ് അംഗം മേഴ്സി എബ്രഹാമിനെയും ഡി.സി.സി ശനിയാഴ്ച സസ്പെൻഡ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.