വാട്ടർ എ.ടി.എം; ഒരു രൂപക്ക് കിട്ടും കുടിവെള്ളം
text_fieldsപുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ കടപ്രയില്‍ തുറന്ന ജല എ.ടി.എം
തിരുവല്ല: കടുത്ത വേനലില്‍ ദാഹമകറ്റാനുള്ള പ്രതിവിധിയുമായി പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്. ഒരു രൂപ മുടക്കി കുടിവെള്ളം ലഭ്യമാക്കുന്ന ജല എ.ടി.എം കടപ്രയില്‍ തുറന്നു. ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന മൂന്നാമത്തെ ജല എ.ടി.എമ്മാണ് കടപ്രയിലേത്. അഞ്ച് ലക്ഷം രൂപയാണ് ചെലവ്.
കുറ്റൂര്‍, നെടുമ്പ്രം പഞ്ചായത്തുകളിലാണ് മറ്റു എ.ടി.എമ്മുകള്‍. എ.ടി.എം വഴി 24 മണിക്കൂറും കുടിവെള്ളം ലഭ്യമാക്കുന്ന സജ്ജീകരണം രാത്രിയാത്രക്കാര്‍ക്കും ഉപകാരപ്രദമാണ്.
മെഷീനില്‍ ഒന്നിന്റെയും അഞ്ചിന്റെയും നാണയം നിക്ഷേപിച്ചാല്‍ ഒന്നും അഞ്ചും ലിറ്റര്‍ വീതം കുടിവെള്ളം ലഭിക്കും. 300 ലിറ്റര്‍ ജലസംഭരണ ശേഷിയാണുള്ളത്. 40 ലിറ്റര്‍ തണുത്ത വെള്ളം തുടര്‍ച്ചയായി കിട്ടും. 15 മിനിറ്റിനുശേഷം വീണ്ടും 40 ലിറ്റര്‍ ലഭ്യമാണ്. ശീതികരിച്ച കുടിവെള്ളത്തിനായി പ്രത്യേക കൗണ്ടറുണ്ട്.
വെള്ളം ശേഖരിക്കാന്‍ കുപ്പിയോ പാത്രമോ കരുതണം. വിദ്യാര്‍ഥികള്‍, ഓട്ടോ ഡ്രൈവര്‍മാര്‍, കച്ചവടക്കാര്‍, യാത്രക്കാര്‍ തുടങ്ങിയവര്‍ക്ക് ആശ്വാസമാണിത്. കുറഞ്ഞ വൈദ്യുതിയിലാണ് പ്രവര്‍ത്തനം. ശുദ്ധജലം ഉറപ്പാക്കാനും പ്ലാസ്റ്റിക്ക് ബോട്ടിലിന്റെ ഉപയോഗം കുറക്കാനും ഇതു വഴി സാധിക്കും. സമീപമുള്ള പഞ്ചായത്ത് കിണറ്റില്‍നിന്നാണ് ജലം ശേഖരിക്കുന്നത്.
എ.ടി.എം ടാങ്കില്‍ ശേഖരിച്ച ജലം അഞ്ചുഘട്ടങ്ങളിലായി ശുദ്ധീകരിക്കുന്നു. പെരിങ്ങര പഞ്ചായത്തിലെ ഇടിഞ്ഞില്ലം ജങ്ഷനില്‍ നാലാമത്തെ ജല എ.ടി.എം ആരംഭിക്കാനുള്ള ശ്രമത്തിലാണെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അനു പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.