വെള്ളപ്പൊക്കം: തിരുവല്ലയിൽ 400ൽപരം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലാക്കി
text_fieldsതിരുവല്ല: വെള്ളപ്പൊക്കത്തെ തുടർന്ന് പെരിങ്ങര പഞ്ചായത്തിൽ 68 കുടുംബങ്ങളെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. പെരിങ്ങര ഗവൺമെൻറ് ഗേൾസ് ഹൈസ്കൂൾ, ഇടിഞ്ഞില്ലം എൽ.പി സ്കൂൾ, മേപ്രാൽ ഗവൺമെൻറ് എൽ.പി.എസ്, മേപ്രാൽ സെൻറ് ജോൺസ് എൽ.പി.എസ് എന്നിവിടങ്ങളിൽ ആരംഭിച്ച ക്യാമ്പുകളിലേക്കാണ് ആൾക്കാരെ മാറ്റി പാർപ്പിച്ചിരിക്കുന്നത്.
ചാത്തങ്കരി എസ്.എൻ.ഡി.പി ഹൈസ്കൂളിൽ ക്യാമ്പ് ആരംഭിക്കുന്നതിെൻറ നടപടികൾ തുടങ്ങിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നതെന്നും ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാൽ കൂടുതൽ കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റേണ്ട അവസ്ഥയാണ് നിലനിൽക്കുന്നതെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിനിമോൾ ജോസ് പറഞ്ഞു.
തിരുമൂലപുരത്ത് 249 വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 388 പേരെ മാറ്റിപ്പാർപ്പിച്ചു. ഇരു വെള്ളിപ്പറ സെൻറ് തോമസ് ഹയർസെക്കൻഡറി സ്കൂളിലെ ക്യാമ്പിൽ 267 പേരെയും ഗവൺമെൻറ് എൽ.പി സ്കൂളിലെ ക്യാമ്പിൽ 121 പേരെയുമാണ് പാർപ്പിച്ചിരിക്കുന്നത്. അടുമ്പടം കോളനിയിലെ 140 വീടുകളിലും ഇടമനത്തറ കോളനിയിലെ 30 വീടുകളിലും പുളിക്കത്തറ കോളനിയിലെ 26ഉം ആറ്റുമാലി ഭാഗത്ത് 22ഉം മംഗലശ്ശേരി കോളനിയിലെ 23ഉം വീടുകളിലാണ് വെള്ളം കയറിയത്.
പ്രദേശത്തെ വീടുകളിൽ കുടുങ്ങിപ്പോയവരെ ക്യാമ്പുകളിലേക്ക് എത്തിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ യുവജന സംഘടനകളുടെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. ജില്ലാ കലക്ടർ പി.ബി നൂഹ് ശനിയാഴ്ച രാത്രി ദുരിതാശ്വാസ ക്യാമ്പുകളിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.