അപ്പർ കുട്ടനാട് മേഖലയിലും കാട്ടുപന്നി ശല്യം; ജനം ഭീതിയിൽ
text_fieldsതിരുവല്ല: അപ്പർ കുട്ടനാട് മേഖലയിൽ ഉൾപ്പെടുന്ന പെരിങ്ങരയിൽ ഭീതി വിതച്ച് കാട്ടുപന്നികൾ. പെരിങ്ങര പഞ്ചായത്ത് പതിനൊന്നാം വാർഡിൽ സ്ഥിതിചെയ്യുന്ന പഞ്ചായത്ത് ഓഫിസിന് സമീപത്തെ കാട് നിറഞ്ഞ പുരയിടത്തിലും എട്ടാം വാർഡിൽ ഉൾപ്പെടുന്ന സ്വാമി പാലം, ഇളയിടത്ത് തുടങ്ങിയ ഭാഗങ്ങളിലുമാണ് വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച രാവിലെയുമായി 25ലധികം വരുന്ന കാട്ടുപന്നി കൂട്ടങ്ങളെ സമീപവാസികൾ കണ്ടത്.
പെരിങ്ങര പഞ്ചായത്ത് ഓഫിസിന് സമീപം കാട് മൂടിയ ആളൊഴിഞ്ഞ പുരയിടത്തിന് സമീപത്ത് നായ്ക്കളുടെ നിർത്താതെയുള്ള കുര കേട്ട് സമീപവാസികൾ നടത്തിയ പരിശോധനയിലാണ് കാട്ടുപന്നി കൂട്ടങ്ങളെ കണ്ടത്. തുടർന്ന് പ്രദേശവാസികൾ ചേർന്ന് പടക്കം പൊട്ടിച്ച് ശബ്ദം ഉണ്ടാക്കിയതോടെ ഇവ ചിതറിയോടി. ഇവയിൽ ആറോളം കാട്ടുപന്നികളെ രാത്രി 11ഓടെ മറ്റൊരു പുരയിടത്തിൽ കണ്ടെത്തി. കാട്ടുപന്നികൾ ആക്രമിക്കുമെന്ന ഭീതി മൂലം ആരുംതന്നെ അടുത്തേക്ക് ചെന്നില്ല.
സമീപവാസികളിൽ ഒരാൾ ഇവയുടെ ദൃശ്യം മൊബൈലിൽ പകർത്തിയിരുന്നു. ബാക്കിയുള്ള പന്നിക്കൂട്ടം പഞ്ചായത്തിന് മുൻവശത്തുള്ള കാടുപിടിച്ച പുരയിടത്തിലേക്ക് രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെ മുതൽ നാട്ടുകാർ ചേർന്ന് പല ഭാഗങ്ങളിലും പന്നികളെ കണ്ടെത്താനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.
സ്വാമി പാലത്തും, ഇളയിടത്ത് ഭാഗത്തുമായി പത്തിലധികം പന്നികളെ വെള്ളിയാഴ്ച രാവിലെ കണ്ടതായി നാട്ടുകാർ പറഞ്ഞു. റാന്നി ഉൾപ്പെടുന്ന വനമേഖലയിൽ നിന്ന് 50 കിലോമീറ്റർ ദൂരം വരുന്ന പെരിങ്ങരയിൽ കാട്ടുപന്നികൾ കൂട്ടത്തോടെ എങ്ങനെയെത്തി എന്ന ആശങ്കയിലാണ് നാട്ടുകാർ. കൃഷി നശിപ്പിക്കുന്ന ഇവയെ കണ്ടെത്തി പിടികൂടുന്നതിന് വനംവകുപ്പ് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.