തോമസ് ഐസക് പത്തനംതിട്ടയിൽ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായേക്കും
text_fieldsപത്തനംതിട്ട: മുൻ മന്ത്രിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ ഡോ. ടി.എം.തോമസ് ഐസക് പത്തനംതിട്ട ലോക്സഭ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാകും. കഴിഞ്ഞ ദിവസം ചേര്‍ന്ന സി.പി.എം ജില്ല സെക്രട്ടറിയേറ്റ് യോഗവും ജില്ല കമ്മിറ്റിയും തോമസ് ഐസക്കിന്റെ പേര് അംഗീകരിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ പുത്തലത്ത് ദിനേശനും ആനാവൂര്‍ നാഗപ്പനും യോഗത്തില്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടേറിയറ്റിലും പത്തനംതിട്ടയിലേക്ക് തോമസ് ഐസക്കിന്റെ പേരാണ് ഉയർന്നത്.
ഇത് ജില്ല കമ്മിറ്റിയും അംഗീകരിച്ചതോടെ ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് അവശേഷിക്കുന്നത്. തോമസ് ഐസക്കിന് ലോക്സഭയിലേക്ക് കന്നി അങ്കമാണ്. ആലപ്പുഴ ജില്ലയിലെ മാരാരിക്കുളം, ആലപ്പുഴ മണ്ഡലങ്ങളെയാണ് ഐസക്ക് നിയമസഭയില്‍ പ്രതിനിധീകരിച്ചിരുന്നത്.
പത്തനംതിട്ടയില്‍ സി.പി.എം ജില്ല ഘടകത്തിന്റെ ചുമതല ഒരുവര്‍ഷത്തിലേറെയായി തോമസ് ഐസക്കിനാണ്. പത്തനംതിട്ട കൂടാതെ എറണാകുളം, ചാലക്കുടി മണ്ഡലങ്ങളിലും ശ്രദ്ധകേന്ദ്രീകരിക്കാൻ നേരത്തെ സംസ്ഥാന നേതൃത്വം തോമസ് ഐസക്കിനോട് നിർദേശിച്ചിരുന്നു. പത്തനംതിട്ടയിൽ മത്സരിക്കാനാണ് തോമസ് ഐസക് കൂടുതൽ താൽപര്യം കാട്ടിയത്. ഏറെക്കാലമായിതോമസ് ഐസക്ക് പത്തനംതിട്ടയിൽ പൊതുപരിപാടികളിൽ സജീവമാണ്.
അടുത്തിടെ തിരുവല്ലയിൽ നടന്ന മൈഗ്രേഷൻ കോൺക്ലേവിന്റെ തുടർ പ്രവർത്തനങ്ങളുമായി അദ്ദേഹം കൂടുതൽ സജീവമായി രംഗത്തുണ്ട്. നേരത്തെ മുൻ എം.എൽ.എ രാജു എബ്രഹാമിന്റെ പേരും പത്തനംതിട്ടയിൽ പറഞ്ഞു കേട്ടിരുന്നു. എന്നാൽ ഒടുവിൽ ഐസക്കിന് തന്നെ നറുക്ക് വീഴുകയായിരുന്നു. യു.ഡി.എഫിൽ ആന്റോ ആൻറണി തന്നെ നാലാമതും സ്ഥാനാർഥിയാകുമെന്നും ഉറപ്പായിട്ടുണ്ട്.
ആന്റോ ആന്റണിയുടെ സ്ഥാനാർഥിത്വത്തെ ചൊല്ലി കോൺഗ്രസിൽ ഭിന്ന അഭിപ്രായങ്ങൾ ശക്തമായിരുന്നു. മൂന്നു തവണയായി പത്തനംതിട്ടയിൽ തന്നെ മത്സരിക്കുന്ന ആന്റോ ആന്റണിയുടെ വോട്ട് വിഹിതം ഓരോ തെരഞ്ഞെടുപ്പിലും കുറഞ്ഞു വരികയായിരുന്നു. ഇതും കൂടി കണക്കിലെടുത്ത് ആന്റോ ആൻറണി മാറണമെന്ന അഭിപ്രായം പാർട്ടിയിൽ ശക്തമായിരുന്നു. പക്ഷേ സംസ്ഥാന നേതൃത്വം സിറ്റിങ് എം.പിമാരെ തന്നെ മത്സരിപ്പിക്കാനുള്ള ധാരണയിൽ എത്തിയതോടെ ആന്റോ ആൻറണി സീറ്റ് ഉറപ്പിച്ചു. എൻ.ഡി.എ മുന്നണി പി.സി.ജോർജിനെ സ്ഥാനാർഥിയാക്കുമെന്ന് കരുതുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ തീരുമാനം വനിരിക്കുന്നതേയുളളു. പി.സി. ജോർജിനെ കൂടാതെ മകൻ ഷോൺ ജോർജിന്റെ പേരും പരിഗണിക്കുന്നതായ വിവരങ്ങളും ഇടക്ക് പുറത്തുവന്നിരുന്നു.
എന്നാൽ പി.സി.ജോർജിനെയോ മകനെയോ പത്തനംതിട്ടയിൽ സ്ഥാനാർഥി ആക്കുന്നതിനെ എൻ.ഡി.എ ഘടകകക്ഷി ബി.ഡി.ജെ.എസ് എതിർക്കുകയാണ്. അടുത്തിടെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പി.സി.ജോർജിനെ രൂക്ഷമായി വിമർശിച്ചത് ഇതിന്റെയൊക്കെ ഭാഗമായിരുന്നു എന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.