അനുഷ പോളിന്റെ വീട് സന്ദർശിച്ച് തോമസ് ഐസക്
text_fieldsകൊടുമണ്‍: എന്തിനുവേണ്ടിയാണ് എന്നെ ചോദ്യം ചെയ്യുന്നതെന്നും എന്താണ് എന്റെ പേരിലുള്ള കുറ്റങ്ങളെന്നുമുള്ള ചോദ്യങ്ങൾക്ക് ഭീഷണിയായിരുന്നു ഇ. ഡി ഉദ്യോഗസ്ഥരുടെ മറുപടി.
“മര്യാദക്ക് സഹകരിച്ചാൽ നിങ്ങൾക്ക് നല്ലത്. ഞങ്ങൾക്ക് എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് നിങ്ങൾക്ക് അറിയാമല്ലോ”. തന്നെ സന്ദര്‍ശിക്കാന്‍ എത്തിയ സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഡോ. ടി.എം. തോമസ് ഐസക്കിനോട് ഡല്‍ഹിയില്‍ ന്യൂസ് ക്ലിക്കിലെ മുന്‍ ജീവനക്കാരി അനുഷ പോൾ ഇ.ഡി ഉദ്യോഗസ്ഥരുടെ ഭീഷണി വിവരിച്ചു.
“ന്യൂസ് ക്ലിക്കിൽനിന്ന് നേരിട്ടും അല്ലാതെയും കിട്ടിയ പണത്തെക്കുറിച്ചും ഇ.ഡി ചോദിച്ചു. അവരോടു ഞാൻ പറഞ്ഞ മറുപടി ‘‘എന്റെ വീട് കണ്ടിട്ട് ഒത്തിരി പണം കിട്ടുന്നുണ്ടെന്ന് തോന്നുന്നുണ്ടോയെന്നാണ്. ഇതുപോലുള്ള കുറേ വിഡ്ഢി ചോദ്യങ്ങളായിരുന്നു ഇ.ഡിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറർ കൂടിയായ അനുഷ പറഞ്ഞു. ഇന്നും ജയിലിൽ കഴിയുന്ന സി.എ.എ വിരുദ്ധ സമരത്തിൽ പങ്കെടുത്ത ജാമിഅയിലെ വിദ്യാർഥികളെ അറിയുമോയെന്നും ഇ.ഡി ചോദിച്ചു. വീടാകെ ഇ.ഡിയെ പ്രതിനിധാനം ചെയ്ത മൂവർ സംഘം പരിശോധിച്ചു.
ന്യൂസ് ക്ലിക്കിലെ പരിശോധനയും അറസ്റ്റിലൂടെയും സി.പി.എം നേതാക്കളിലേക്ക് എത്താനുള്ള ഊടുവഴികളാണ് ഇ.ഡി ശ്രമിക്കുന്നതെന്ന് തോമസ് ഐസക് പറഞ്ഞു.
ഉദ്യോഗസ്ഥർ എത്തിയപ്പോൾ പാർട്ടിയുടെ പ്രാദേശിക നേതാവിനെ വിളിക്കാൻ ശ്രമിച്ചപ്പോള്‍ അമ്മയുടെ ഫോൺ പൊലീസ് പിടിച്ചെടുത്തു. പോയപ്പോൾ തിരിച്ചുകൊടുത്തു. പക്ഷേ, അനുഷയുടെ ഫോണും ലാപ്ടോപ്പുമൊന്നും തിരിച്ചുകൊടുത്തില്ല. ആവശ്യപ്പെട്ടിട്ടും രസീത് നൽകാനും വിസമ്മതിച്ചെന്നും അനുഷ തോമസ് ഐസക്കിനോട് പറഞ്ഞു. അനുഷ ന്യൂസ് ക്ലിക്കിൽനിന്ന് രാജിവെച്ച് അസീം പ്രേംജി സർവകലാശാലയുമായി ബന്ധപ്പെട്ട പ്രോജക്ടിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.