ക്വാറൻറീൻ സൗകര്യമില്ലാത്തവരെ ഡി.സി.സികളിലേക്ക് മാറ്റും
text_fieldsപത്തനംതിട്ട: ക്വാറൻറീനില്‍ കഴിയുന്നതിനായി വീട്ടില്‍ സൗകര്യമില്ലാത്തവര്‍, കോളനികളില്‍ രോഗം സ്ഥിരീകരിക്കുന്നവര് എന്നിങ്ങനെ ഉള്ളവരെ ജില്ലയിലെ ഡൊമിസിലറി കെയര്‍ സെൻററുകളിലേക്ക് (ഡി.സി.സി) മാറ്റണമെന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം. വാര്‍ഡുതല ജാഗ്രത സമിതി ഇത് ഉറപ്പുവരുത്തണമെന്നും നിർദേശിച്ചു. ജില്ലയിൽ രോഗവ്യാപനത്തിൽ കാര്യമായ കുറവ് വരാത്ത സാഹചര്യത്തിലാണ് നടപടി.
അന്തർസംസ്ഥാന തൊഴിലാളികളില്‍ രോഗം സ്ഥിരീകരിക്കുന്നവരെ നിലവിലെ ഡി.സി.സികളിലേക്കു മാറ്റണം. അതത് ബ്ലോക്ക് പഞ്ചായത്തുകള്‍ മെഡിക്കല്‍ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ അന്തർസംസ്ഥാന തൊഴിലാളികള്‍ക്കായി പ്രത്യേകം ഡി.സി.സി സജ്ജമാക്കണമെന്നും അതോറിറ്റി യോഗം നിർദേശിച്ചു. കോന്നി മെഡിക്കല്‍ കോളജില്‍ തുറക്കുന്ന സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെൻറ് സെൻററിലെ രോഗികളുടെ ഭക്ഷണസൗകര്യം അരുവാപ്പുലം പഞ്ചായത്ത് ഏറ്റെടുക്കണമെന്ന് യോഗത്തില്‍ തീരുമാനമായി.
കമ്യൂണിറ്റി ക്ലസ്റ്ററുകള്‍ രൂപപ്പെടുന്ന സ്ഥലങ്ങളില്‍ പരിശോധന വര്‍ധിപ്പിക്കും. പരിശോധനക്കായി പി.എച്ച്.സികളില്‍ കിറ്റുകള്‍ ലഭ്യമാകുന്നെന്ന് ഉറപ്പുവരുത്തണം. പരിശോധനക്ക് ആര്.ടി.പി.സി.ആര് മൊബൈല്‍ വാഹനങ്ങള്‍ ലഭ്യമാക്കും. ഇതോടെ 1000 പരിശോധനകൂടി നടത്താന്‍ സാധിക്കും. ലോക്ഡൗണ്‍ അവസാനിക്കുന്നതിനു മുന്നോടിയായി പരിശോധന വര്‍ധിപ്പിച്ച് പരമാവധി രോഗികളെ കണ്ടെത്തണമെന്ന നിർദേശവും യോഗത്തിലുണ്ടായി. രോഗം സ്ഥിരീകരിക്കുന്ന കോളനികളില്‍ പ്രത്യേക പരിശോധന ക്യാമ്പുകള്‍ നടത്തും. വാക്സിന് ലഭ്യമാകുന്ന മുറക്ക് അവ വിതരണം ചെയ്യുമെന്നും യോഗത്തില്‍ അറിയിച്ചു.
ചൊവ്വാഴ്ച ഓൺലൈനായി ചേർന്ന യോഗത്തിൽ കലക്ടർ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി, ഡി.എം.ഒ ഡോ.എ.എല്‍. ഷീജ, എന്‍.എച്ച്.എം ഡി.പി.എം ഡോ. എബി സുഷന്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സി.എസ്. നന്ദിനി തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.