ഡിജിറ്റൽ ഹാജരിൽ കുരുങ്ങി തൊഴിലുറപ്പ് തൊഴിലാളികൾ
text_fieldsപത്തനംതിട്ട: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളുടെ ഹാജർ, ഡിജിറ്റൽ സാങ്കേതിക വിദ്യവഴി രേഖപ്പെടുത്തുന്നതുമൂലം പദ്ധതി അവതാളത്തിൽ. ജനുവരി ഒന്ന് മുതലാണ് ഡിജിറ്റൽ ഹാജർ പരിഷ്കാരം കർശനമാക്കിയത്. 2022 മേയ് 16 മുതലാണ് ഇരുപതോ അതിലധികമോ തൊഴിലാളികളുള്ള തൊഴിൽ കേന്ദ്രങ്ങളിൽ മൊബൈൽ ആപ്പുവഴി ഹാജർ രേഖപ്പെടുത്തി തുടങ്ങിയത്. തൊഴിലാളികള്‍ ജോലിക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും സ്റ്റാമ്പ് ചെയ്ത ഫോട്ടോകൾ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.
ഓരോ കേന്ദ്രത്തിലെയും ടീം ലീഡർക്കാണ് ഈ ചുമതല. എന്നാല്‍, സാങ്കേതിക പിന്തുണയുടെ അഭാവം, സ്മാർട്ട്‌ഫോണിന്റെ ആവശ്യകത, ഇന്റർനെറ്റ് കണക്ഷനായി പണം നൽകൽ, ഇന്റർനെറ്റ് കണക്ടിവിറ്റിയിലെ പ്രശ്നങ്ങൾ എന്നിവ മൂലം വ്യാപക പരാതികൾ ഇതില്‍ ഉയര്‍ന്നിട്ടുണ്ട്. ഇവയൊന്നും പരിഹരിക്കപ്പെടാത്ത സാഹചര്യത്തിലാണ് ഡിജിറ്റല്‍ ആപ്പുകള്‍ വഴിയുള്ള സംവിധാനം പദ്ധതിയില്‍ ഉൾപ്പെടുത്തുന്നത്.
പേപ്പര്‍ മസ്റ്റര്‍ റോളിന് പകരം കൊണ്ടുവന്ന ഇലക്ട്രോണിക് മസ്റ്റർ റോൾ നടപ്പാക്കി തുടങ്ങിയതോടെ ആരോഗ്യപരമായ കാരണങ്ങൾ മൂലം താമസിച്ചുവരുന്ന തൊഴിലാളിക്കുപോലും ജോലിയില്‍ പ്രവേശിക്കാൻ കഴിയില്ല. 10 പേരുള്ള ഗ്രൂപ്പിൽ തൊഴിലാളികളുടെ എണ്ണം തികഞ്ഞില്ലെങ്കിൽ അവർക്ക് അന്നേ ദിവസം തൊഴിൽ നിഷേധിക്കപ്പെടും. രണ്ടാമത്തെ വലിയ പ്രശ്നം രണ്ടു തവണ സ്റ്റാമ്പ് ചെയ്ത ഫോട്ടോകൾ ഉൾപ്പെടുത്തണമെന്നതാണ്. തൊഴിലാളികൾ അവരുടെ ജോലി പൂർത്തിയാക്കിയശേഷവും രണ്ടാമത്തെ ഫോട്ടോക്കായി വർക്ക്സൈറ്റിലേക്ക് മടങ്ങാൻ നിർബന്ധിതരാകുന്നത് മറ്റൊരു പ്രായോഗിക ബുദ്ധിമുട്ടാണ്.
ഇതിനിടെ തൊഴിലുറപ്പ് പ്രകാരം മേസ്തിരിപ്പണി ഉൾപ്പെടെ ചെയ്യുന്ന വിദഗ്ധ തൊഴിലാളികൾക്ക് പല പഞ്ചായത്തുകളിലും രണ്ടു വർഷത്തെ വേതനം കിട്ടാനുണ്ട്. ഉപഭോക്താക്കൾ സാധന സാമഗ്രികൾ വാങ്ങിയ വകയിൽ കൊടുക്കേണ്ട തുകയും കുടിശ്ശികയാണ്. മേറ്റ് മാർക്ക് അധിക വേതനവുമില്ല. തൊഴിലാളികള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന അപ്രായോഗിക വ്യവസ്ഥകൾ തൊഴിലുറപ്പിൽനിന്ന് തൊഴിലാളികളെ പിന്തിരിപ്പിക്കുമെന്ന് ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.