നടുക്കുന്ന ഓർമകള്‍ക്ക് മൂന്നാണ്ട്: പ്രളയം സർക്കാർ സൃഷ്ടിയെന്ന ആരോപണം ശക്തം
text_fieldsപത്തനംതിട്ട: മഹാപ്രളയത്തിെൻറ നടുക്കുന്ന ഓർമകള്‍ക്ക് മൂന്നാണ്ട് തികയുന്ന വേളയിലും പ്രളയം സർക്കാർ സൃഷ്ടിയെന്ന ആരോപണം ശക്തം. നാടിനെയാകെ കടലോളം വെള്ളത്തിലാക്കിയ 2018ലെ പ്രളയംമുതൽ തുടങ്ങിയതാണ് അത് സർക്കാർ സൃഷ്ടിയാണെന്ന ആരോപണം. കഴിഞ്ഞ രണ്ട് വർഷം പ്രളയം ഉണ്ടാകാതിരിക്കാൻ സർക്കാർ സ്വീകരിച്ച നടപടികൾ മൂന്നു വർഷം മുമ്പത്തെ പ്രളയം സർക്കാർ സൃഷ്ടിയാണെന്നതിന് തെളിവായി. ഇപ്പോൾ ജലനിരപ്പ് 70 ശതമാനം എത്തുേമ്പാൾ തന്നെ ജില്ലാഭരണകൂടം ഡാമുകൾ തുറക്കുന്നതിന് നടപടി തുടങ്ങുന്നുണ്ട്. 2018ൽ 95 ശതമാനം എത്തിയിട്ടാണ് ജാഗ്രതാ നിർദേശം നൽകിയത്. അന്ന് മഞ്ഞ, ഓറഞ്ച്, റെഡ് അലർട്ടുകൾ ഒന്നും കാര്യമായി ഉണ്ടായില്ല. ഡാംമാനേജ്മെൻറ് നിബന്ധനകൾ അന്ന് ശബരിഗിരി പദ്ധതിയുടെ ഭാഗമായ ഡാമുകളിൽ പാലിക്കെപ്പട്ടില്ല എന്ന് കേന്ദ്ര സംഘം വിലയിരുത്തിയിരുന്നു. അന്ന് സംസ്ഥാന സർക്കാർ അത് നിഷേധിച്ചുവെങ്കിലും തുടർന്നുള്ള വർഷങ്ങളിൽ ജാഗ്രതാ നിർദേശം പുറെപ്പടുവിക്കുന്നതിലും ഡാമുകൾ മുൻ കൂട്ടി തുറക്കുന്നതിലും സ്വീകരിച്ച നടപടികൾ ഒന്നും 2018ൽ ഉണ്ടായില്ലെന്നത് അന്ന് വീഴ്ചയുണ്ടായെന്ന ആരോപണം ശരിെവക്കുന്നതായി.
പമ്പയില്‍ ഒമ്പത് ഡാമുകളാണ് തുറന്നത്. മൂഴിയാര്‍, കൊച്ചുപമ്പ, സീതത്തോട്, കക്കി, മണിയാര്‍ പെരുന്തേനരുവി തുടങ്ങിയവയും, സീതത്തോട് പ്രദേശത്തെ ചെറിയ ഡാമുകളും തുറന്നു. ഈ ഡാമുകള്‍ അൽപാൽപം ക്രമമായി തുറന്ന് വിട്ടിരുന്നെങ്കില്‍ പമ്പാ തീരത്തെ അപ്രതീക്ഷിത വെള്ളപ്പൊക്കം ഒഴിവാക്കാമായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കെപ്പട്ടിരുന്നു. പരമാവധി ലെവലില്‍ എത്തുമ്പോള്‍ ഡാമുകള്‍ തുറക്കുക എന്ന തത്ത്വം മാത്രമാണ് കെ.എസ്.ഇ.ബിയും, ജലവിഭവ വകുപ്പും അനുവര്‍ത്തിച്ചത്. ചെങ്ങന്നൂരിലും പരിസര പ്രദേശങ്ങളിലും വെള്ളം പൊങ്ങാനുള്ള പ്രധാന കാരണം ഇതാണ്. പമ്പ വഴിമാറി ഒഴുകുന്ന അവസ്ഥയാണ് അന്നുണ്ടായത്.
1924 ലെ അതായത് കൊല്ലവര്‍ഷം 99 ലെ വെള്ളപ്പൊക്കം പ്രകൃതിയുടെ സൃഷ്ടിയായിരുന്നു. 2018ൽ സാധാരണ ഉള്ളതിനെക്കാൾ 41.44 ശതമാനം മഴ കൂടുതല്‍ പെയ്തിരുന്നു. പക്ഷെ വെള്ളപ്പൊക്കം രൂക്ഷമായത് ശാസ്ത്രീയമായ മുന്‍ കരുതലുകളൊന്നും എടുക്കാതെ ജില്ലയിലെ ഡാമുകൾ ഒന്നിച്ച് തുറന്ന് വിട്ടതാണെന്ന് ചൂണ്ടിക്കാട്ടിയവർ നിരവധിയാണ്. 2500 മി. മീ മഴയാണ് ജൂണ്‍ ഒന്ന് മുതല്‍ ആഗസ്റ്റ് 20 വരെ അന്ന് കേരളത്തില്‍ ലഭിച്ചത്. 1924 ലെ വെള്ളപ്പൊക്കത്തില്‍ 3368 മി. മീ മഴയായിരുന്നു ലഭിച്ചത്. 1924 ലേതിനെക്കാള്‍ ആറടിയോളം ഉയരത്തിലാണ് വെള്ളമെത്തിയത്. വൈദ്യുതി ബോർഡിെൻറ അത്യാർത്തിയാണ് ദുരന്തം വിതച്ചതെന്നാണ് അന്ന് ഉയർന്ന പ്രധാന ആരോപണം.
മുങ്ങിയത് 53,000ത്തിലേറെ വീടുകൾ; മരണം നാല്
പത്തനംതിട്ട: 2018 ആഗസ്റ്റ് 15 നാണ് പ്രളയദുരിതം ജില്ലയിലും രൂക്ഷമായത്. 13മുതൽ പമ്പ ത്രിവേണിയിൽ ജലനിരപ്പ് വൻതോതിൽ ഉയർന്നിരുന്നു. 15 മുതലാണ് ജനവാസ കേന്ദ്രങ്ങൾ മുങ്ങിത്തുടങ്ങിയത്. പലരും ജീവിതകാലം മുഴുവന്‍ സ്വരുക്കൂട്ടിയ സമ്പാദ്യമാണ് ഒറ്റരാത്രികൊണ്ട് ഒഴുകിപ്പോയത്. ഉടുതുണിക്ക് മറുതുണിയില്ലാതെ ജീവന് രക്ഷിക്കാനുള്ള തത്രപ്പാടിലായിരുന്നു മനുഷ്യര്‍.
പ്രളയത്തിെൻറ ഓർമകള്‍ക്ക് മൂന്നു വയസ്സ് ആകുമ്പോഴും എല്ലാം നഷ്ടപ്പെട്ടവരുടെ കണ്ണീരൊപ്പാന്‍ സര്‍ക്കാര്‍ സഹായങ്ങള്‍ക്കും കഴിഞ്ഞിട്ടില്ല. ജില്ലയില്‍ പ്രളയം കവര്‍ന്നത് നാലു പേരുടെ ജീവനാണ്. 53,000ത്തിലേറെ വീടുകളിലാണ് വെള്ളംകയറിയത്. 615 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ഭാഗികമായി തകര്‍ന്നത് 18,372 വീടുകളാണ്.
റാന്നി, ആറന്മുള, അപ്പര്‍കുട്ടനാട് മേഖലകളിലാണ് പ്രളയം കൂടുതല്‍ ദുരിതം വിതച്ചത്. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ പട്ടികജാതി കോളനിയായ ആറന്മുള എഴിക്കാട്ട് എല്ലാവീടുകളും മുങ്ങിയിരുന്നു. 800ലേറെ വീടുകളാണ് കോളനിയിലുള്ളത്. ഇരുനിലകള്‍ ഒഴികെ വീടുകളൊന്നും വെള്ളപ്പൊക്കസമയത്ത് പുറത്തുകാണാനില്ലായിരുന്നു.
വീടുകളുടെ നഷ്ടം കണക്കാക്കിയതിലും വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു. വീടുകള്‍ക്കും കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ സഹായം ലഭ്യമായെങ്കിലും വ്യാപാരികള്‍ക്ക് സഹായം നല്കാന് വകുപ്പില്ലെന്ന് പറഞ്ഞ് അധികൃതര്‍ കൈമലര്‍ത്തുകയായിരുന്നു. ഇതേപോലെ വലിയ പ്രതിസന്ധിയാണ് കര്‍ഷകരും നേരിട്ടത്. നെല്ലു മുതല്‍ തെങ്ങുകള്വരെ നശിച്ചതിലൂടെ കോടികളുടെ നഷ്ടമാണ് ഉണ്ടായത്. പ്രളയത്തില്‍ 2836.8 ഹെക്ടറിലെ കൃഷി നശിച്ചതായാണ് സര്‍ക്കാര്‍ കണക്ക്. കരപ്രദേശത്ത് പ്രളയത്തില്‍ അടിഞ്ഞ എക്കല്‍ ഇപ്പോഴും പ്രശ്നമായി തുടരുന്നു. കടപ്ര, നിരണം, നെടുമ്പ്രം, പെരിങ്ങര, കുറ്റൂര്‍ എന്നീ പഞ്ചായത്ത് പ്രദേശങ്ങളും തിരുവല്ല പട്ടണത്തിെൻറ പടിഞ്ഞാറ് ഭാഗവും ചേരുന്നതാണ് പത്തനംതിട്ട ജില്ലയിലെ അപ്പര്‍ കുട്ടനാട് മേഖല. ഒരുമാസത്തോളമാണ് ഇവിടങ്ങളില്‍ വെള്ളം കെട്ടിനിന്നത്. ഇതുമൂലം തെങ്ങുകളുടെവരെ വേരുകള്‍ ചീഞ്ഞുപോയി. ശബരിമല പമ്പ ത്രിവേണിയിൽ ഒട്ടേറെ കെട്ടിടങ്ങൾ തകർന്നു. അവിടെ രണ്ട് പാലങ്ങളും തകർന്നുവെന്നാണ് കരുതിയതെങ്കിലും മണ്ണ് നീക്കി അടിയിലെത്തിയപ്പോഴാണ് പാലങ്ങൾ തെളിഞ്ഞുവന്നത്.
മഹാപ്രളയത്തിെൻറ നടുക്കുന്ന ഓർമയിൽ റാന്നി
റാന്നി: സംസ്ഥാനം കണ്ട വലിയ ജലപ്രളയം റാന്നിയെ വിഴുങ്ങിയിട്ട് ഇന്ന് മൂന്നാണ്ട്. കാലവര്‍ഷം കലിതുള്ളിയ ദിനത്തിെൻറ നടുക്കുന്ന ഓർമകളിലാണ് ഇപ്പോഴും റാന്നിയിലെ വ്യാപാരികളും നഗരവാസികളും. ഒരിക്കലും മറക്കാനാവാത്ത നഷ്ടങ്ങളുടെ കണക്കുകൾ മാത്രം ബാക്കിയാക്കിയാണ് പ്രളയം ഒഴിഞ്ഞുപോയത്. സേനയും കുട്ടവഞ്ചികളും ക്യാമ്പുകളും ഓർമയിൽനിന്ന് അകലുന്നില്ല. പമ്പ ശാന്തമായി ഇപ്പോൾ ഒഴുകുന്നു. പ്രളയത്തിന് പ്രതിരോധനടപടി ഒരോ വർഷവും പ്രഖ്യാപിക്കുമെങ്കിലും, ഒന്നും നടപ്പാകുന്നില്ല. കലിതുള്ളിയ പമ്പ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാക്കി.
കഴിഞ്ഞ വർഷം ഇതേസമയം പലരും സാധനങ്ങള്‍ മാറ്റുന്ന തിരക്കിലായിരുന്നു. ഒരോരുത്തരും സുരക്ഷിത സ്ഥലങ്ങളിലേക്ക് സാധനങ്ങള്‍ മാറ്റി. മഴ തുടര്‍ന്നതിനാൽ വലിയതോട്ടില്‍നിന്ന് വെള്ളം ടൗണിലേക്ക് ഇരച്ചുകയറുമോയെന്ന് പേടിയായിരുന്നു. ഈ തോട് കൈയേറ്റം ഒഴിപ്പിച്ച് ആഴം വർധിപ്പിക്കാനുള്ള തീരുമാനം പഞ്ചായത്തുകളുടെ അനാസ്ഥകാരണം മുടങ്ങി. 2018ലെ മഹാപ്രളയത്തിെൻറ അടിസ്ഥാനത്തിൽ പ്രളയക്കെടുതികളിൽനിന്ന് മോചനത്തിനായി സ്വീകരിക്കേണ്ട പ്രതിരോധ നടപടികൾ ഫലംകണ്ടില്ല. കാലവർഷക്കാലത്തെ വെള്ളപ്പൊക്കസാധ്യത വിലയിരുത്തി സർക്കാർ പ്രഖ്യാപിച്ച മുൻകരുതൽ നടപടി പലതും നടന്നില്ല.
ജില്ലയിൽ പ്രളയക്കെടുതിയിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിച്ച റാന്നിയുടെ അവസ്ഥ പഴയപടി തന്നെ. പ്രളയത്തെ പ്രതിരോധിക്കാൻ പമ്പ ത്രിവേണി മുതൽ പടിഞ്ഞാറോട്ട് നദിയിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കംചെയ്തത് മുമ്പുണ്ടായ മഴയിൽതന്നെ നദിയിലേക്ക് ഒലിച്ചിറങ്ങി. ലക്ഷങ്ങൾ മുടക്കി ചെയ്ത പദ്ധതിയാണ് ഫലംകാണാതെ കലങ്ങിയത്. ഈ വർഷവും അതിന് നടപടി തുടങ്ങിയെങ്കിലും നടപ്പായില്ല.
റാന്നി ടൗണിലെ വെള്ളപ്പൊക്ക ഭീഷണി നേരിടാൻ ജില്ല കലക്ടർ നേരിട്ട് സന്ദർശനം നടത്തി വലിയതോട് മാലിന്യ മുക്തമാക്കാനുള്ള പദ്ധതി ഇപ്പോഴും വെള്ളത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.