തുമ്പമൺ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്; ദിവസം നീണ്ട സംഘർഷം, ലാത്തിച്ചാർജ്; നാലുപേർക്ക് പരിക്ക്
text_fieldsതുമ്പമൺ: സർവിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് നടന്ന ശനിയാഴ്ച പകൽ മുഴുവൻ നീണ്ട സംഘർത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്ക് പരിക്ക്. ലാത്തിച്ചാർജിൽ യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ് എം.ജെ. രഞ്ജു, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സക്കറിയ വർഗീസ്, കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് ജോഷ്വ എൻ. വർഗീസ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇലവുംതിട്ട സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ശ്രീരാജും പരിക്കേറ്റ് ചികിത്സ തേടി. കള്ളവോട്ട് ആരോപിച്ച് തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. അടൂർ ഡിവൈ.എസ്.പി പി. നിയാസിന്റെയും പന്തളം എസ്.എച്ച്.ഒ ടി.ഡി. പ്രജീഷിന്റെയും നേതൃത്വത്തിൽ വൻ സുരക്ഷയാണ് ഒരുക്കിയത്.
തുമ്പമൺ എം.ജി.എം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന തെരഞ്ഞെടുപ്പ് രാവിലെ എട്ട് മുതൽതന്നെ സംഘർഷാവസ്ഥയിലേക്ക് നീങ്ങിയിരുന്നു. രാവിലെ മുതൽ കനത്ത പോളിങ് ആരംഭിച്ചെങ്കിലും ഒമ്പതോടെ കള്ളവോട്ട് ആരോപണവുമായി കോൺഗ്രസ് പ്രവർത്തകരും എൽ.ഡി.എഫ് പ്രവർത്തകരും തമ്മിൽ തർക്കമായി.
രാവിലെ 11.30ഓടെ കള്ളവോട്ടിന് ശ്രമിച്ചയാളെ കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ് എം.ജെ. രഞ്ജു കൈയേറ്റം ചെയ്യാൻ ശ്രമിച്ചതോടെ സംഘർഷമായി. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് ശ്രീഹരി, സെക്രട്ടറി എസ്. സന്ദീപ് എന്നിവരെ മർദിച്ചതായും ആരോപണമുണ്ട്.
സംഘർഷം സ്കൂളിന് പുറത്തേക്ക് വ്യാപിച്ചതോടെ പൊലീസ് ലാത്തിവീശി. സമീപത്തെ ക്രിസ്ത്യൻ പള്ളിയിൽ അഭയം തേടിയ കോൺഗ്രസ് പ്രവർത്തകരെ പള്ളിമുറ്റത്ത് വെച്ച് പൊലീസ് മർദിച്ചതായും ആരോപണമുണ്ട്. രാവിലെ മുതൽ സംഘർഷാവസ്ഥ നിലനിന്നിരുന്ന സ്ഥലത്ത് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്. ഹൈകോടതി ഉത്തരവിനെ തുടർന്നായിരുന്നു സുരക്ഷ ഒരുക്കിയത്.
കള്ളവോട്ട് തടയണമെന്നും പൊലീസ് നടപടി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് സ്ഥാനാർഥികളും പ്രവർത്തകരും തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് പന്തളം-പത്തനംതിട്ട റോഡ് ഉപരോധിച്ചു. റോഡ് ഉപരോധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
യു.ഡി.എഫിനും എൽ.ഡി.എഫിനുമായി 22 സ്ഥാനാർഥികളാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. ആകെ 2692 വോട്ടാണ് ബാങ്കിൽ ഉള്ളത്. തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ മൂന്ന് സ്ഥാനാർഥികൾ ഹൈകോടതിയെ സമീപിച്ചെങ്കിലും കോടതി തള്ളുകയായിരുന്നു.
ബാങ്കിൽ 6 ബി രജിസ്ട്രേഷൻ ഇല്ലെന്നും വ്യാജ കാർഡുകൾ ഉപയോഗിച്ച് നിലവിലെ ഭരണസമിതി തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണെന്നും കാണിച്ചായിരുന്നു കോൺഗ്രസ് ഹൈകോടതിയെ സമീപിച്ചത്. ബാങ്ക് എല്ലാ രജിസ്റ്ററുകളും നിയമാനുസൃതമായി സൂക്ഷിക്കേണ്ടതാണെന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതിയിൽ പറഞ്ഞ കാര്യങ്ങൾക്ക് ബന്ധമില്ലെന്നുമാണ് കോടതി നിരീക്ഷിച്ചത്.
കോടതി തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യാത്ത പക്ഷം കോൺഗ്രസ് പ്രവർത്തകർക്ക് പൊലീസ് സംരക്ഷണം ഒരുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസിന്റെ ആവശ്യപ്രകാരം പൊലീസ് സംരക്ഷണം നൽകുന്നതിനിടയിലാണ് സംഘർഷം ഉണ്ടായത്.
വ്യാപക കള്ളവോട്ടെന്ന് ആരോപണം
തുമ്പമൺ: സർവിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് അക്രമം നടത്തിയതെന്ന് കോൺഗ്രസ് ആരോപിച്ചു. ടൂറിസ്റ്റ് ബസുകളിലും മറ്റുമായി പോളിങ് സ്റ്റേഷനടുത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ എത്തിച്ചു. അവരെ പോളിങ് സ്റ്റേഷനിലേക്ക് കയറ്റരുതെന്ന് പൊലീസിനോട് പലതവണ കോൺഗ്രസുകാർ ആവശ്യപ്പെട്ടതാണ്.
പൊലീസ് ഏകപക്ഷീയമായി പെരുമാറിയതാണ് സംഘർഷത്തിന് കാരണമായത്. ഹൈകോടതി പൊലീസ് സംരക്ഷണം നൽകിയ കേസിൽ വാദികളെ ആക്രമിക്കുന്ന നടപടിയാണ് തുമ്പമണ്ണിൽ നടന്നത്. വോട്ട് ചെയ്യാനെത്തുമ്പോൾ വോട്ടർ പട്ടികയുടെ നേരെ കൊടുത്തിട്ടുള്ള ബാലറ്റ് പേപ്പറിൽ കൃത്യമായി അയാളുടെ നമ്പർ എഴുതണമെന്നാണ് കോടതി നിർദേശിച്ചിട്ടുള്ളത്.
പക്ഷേ, ഇവിടെ കള്ളവോട്ട് ചെയ്തവർക്ക് നാലും അഞ്ചും ബാലറ്റുകൾ കൊടുക്കുകയും അവരെ വോട്ടു ചെയ്യിക്കുകയുമാണ് ചെയ്തതെന്ന് കോൺഗ്രസ് പറഞ്ഞു. വോട്ടു ചെയ്യാനെത്തിയ നിരവധി പേരുടെ വോട്ട് നഷ്ടപ്പെടുന്ന സാഹചര്യമാണ് ഉണ്ടായത്. ഗുണ്ടായിസവും ആക്രമണവും അഴിച്ചുവിട്ട് സർവിസ് സഹകരണ ബാങ്ക് ഭരണം പിടിക്കാനുള്ള ശ്രമമാണ് സി.പി.എം നടത്തിയതെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റും സ്ഥാനാർഥിയുമായ സഖറിയ വർഗീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.